Image

മെയ്ഡ് സ്റ്റോണില്‍ സംഗീത നൃത്ത സന്ധ്യയും ചിലങ്ക പൂജയും ജനുവരി നാലിന്

Published on 03 January, 2020
മെയ്ഡ് സ്റ്റോണില്‍ സംഗീത നൃത്ത സന്ധ്യയും ചിലങ്ക പൂജയും ജനുവരി നാലിന്
മെയ്ഡസ്റ്റോണ്‍, ലണ്ടന്‍: കെന്റിലെ ഇന്ത്യന്‍ ആര്‍ട്‌സ് സ്‌കൂള്‍ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളായ ദക്ഷിണ യുകെയും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്ക പൂജയും ജനുവരി നാലിന് (ശനി) മെയ്ഡസ്റ്റണിലെ ഡിറ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

വൈകുന്നേരം 4.30 നു നടക്കുന്ന കലാവിരുന്നില്‍ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ ചിത്രാലക്ഷ്മിയുടെ ശിക്ഷണത്തില്‍ നൃത്തമഭ്യസിക്കുന്ന 40 ലധികം വരുന്ന കലാകാരികള്‍ പങ്കെടുക്കും. യുകെയിലെ പ്രശസ്ത സംഗീതാധ്യാപിക കീര്‍ത്തി, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട് എന്നിവര്‍ വിശിഷ്ടതിഥികളായി പങ്കെടുക്കും. ചിലങ്കപൂജക്കു ശേഷം യുകെയിലെ യുവഗായകന്‍ ഷംസീറും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും.

കലാക്ഷേത്ര ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ കീഴിലുള്ള കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന വലിയൊരു നിരയാണ് ഈ കലാവിരുന്നില്‍ അണിനിരക്കുന്നത്. ആസ്വാദകരുടെ കണ്ണിനും കാതിനും കുളിര്‍മയായി ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഫ്യൂഷന്‍ ഡാന്‍സ് ഇനങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി നൃത്തരൂപങ്ങള്‍ വേദിയില്‍ അരങ്ങേറും. കലാസ്വാദകര്‍ക്കായി രുചികരമായ ഫുഡ്സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. സഹൃദയരായ എല്ലാ കലാസ്‌നേഹികളെയും ഈ സംഗീതനൃത്ത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ബിനു ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക