Image

വാക്കുതര്‍ക്കം ഒത്തു തീര്‍ക്കുന്നതിനിടയില്‍ മരിച്ച കുവൈറ്റ് പ്രവാസിയുടെ സംസ്‌കാരം നടത്തി

Published on 02 January, 2020
 വാക്കുതര്‍ക്കം ഒത്തു തീര്‍ക്കുന്നതിനിടയില്‍ മരിച്ച കുവൈറ്റ് പ്രവാസിയുടെ സംസ്‌കാരം നടത്തി

ചങ്ങനാശേരി: തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയില്‍ വാക്കുതര്‍ക്കവും അടിപിടിയും നടക്കുന്നതിനിടയില്‍ ഒത്തുതീര്‍ക്കാന്‍ ഇടപെട്ട കുവൈറ്റ് പ്രവാസിയുടെ സംസ്‌കാരം നടത്തി. കുവൈറ്റ് സീറോ മലബാര്‍ കള്‍ചറല്‍ അസോസിയേഷന്‍, സാല്‍മിയ ഏരിയയിലെ സെന്റ്ജൂഡ് പ്രാര്‍ത്ഥനാ കൂട്ടായ്മ അംഗം, ജീസസ് യൂത്ത് കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വന്ന ജിബിന്‍ ആന്റണി (പാപ്പച്ചന്‍ 31) ആണ് മരിച്ചത്.

ചങ്ങനാശേരി ചന്തയില്‍ പണ്ടകശാലയിലുള്ള ഓഫിസ് പറമ്പിലാണ് രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇതിനിടയില്‍ സംഘടനത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചുമാറ്റുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കില്‍ നിന്നും രക്തസ്രാവം വന്ന നിലയില്‍ അബോധാവസ്ഥയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെണ് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയില്‍ എടുക്കുകയും രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയുമാണ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല . സംഭവം നടന്ന പ്രദേശത്ത് കഞ്ചാവ് സംഘങ്ങളുടെ ശല്യം നേരത്തെ തന്നെയുളളതാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

ചങ്ങനാശേരി വെട്ടിത്തുരുത്ത് പുല്ലംപ്ലാവില്‍ പി. ഒ.ആന്റണിയുടെ (ബേബിച്ചന്റെ) മകനാണ്.സംസ്‌കാരം ബുധനാഴ്ച ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍ നടത്തി. അമ്മ ജാന്‍സി വാഴപ്പള്ളി മാറാട്ടുകുളം കുടുംബാംഗം ജോബിന്‍, ജിജന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക