Image

നവയുഗപ്പിറവിയുടെ നാട്ടില്‍-(സാമഗീതം: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 02 January, 2020
നവയുഗപ്പിറവിയുടെ നാട്ടില്‍-(സാമഗീതം: മാര്‍ഗരറ്റ് ജോസഫ്)
നവയുഗപ്പിറവിക്ക് നാന്ദികുറിച്ച വാല്‍ന്കഷത്രം, എന്റെ 
ജീവിതാകാശത്ത്-
വഴികാട്ടിയായി മിന്നിത്തെളിഞ്ഞത് എന്ന്?
നിഗൂഢതകള്‍ക്കീറ്റില്ലമായ കാലം രണ്ടായിപ്പകുത്ത
മഹാസംഭവം, മണ്ണിലേക്കിറങ്ങി വന്ന
വിണ്ണിന്റെ മഹത്ത്വമെന്ന് തിരിച്ചറിഞ്ഞത് എന്ന്?
കാലിത്തൊഴുത്തിന്റെ പരിമിതി, രക്ഷാകരകര്‍മ്മത്തിന്റെ
ഉദാത്തതയായി
മനസ്സിലാക്കിയത് എന്ന് ?
വഴിതെറ്റിയലഞ്ഞ കുഞ്ഞാടിനെ ചുമലിലേറ്റിയ കാരുണ്യം,
ഇടയന്റെ ദൈവികപരിവേഷമായി വിശ്വസിച്ചത് എന്ന് ?
അദ്ഭുതകര്‍മ്മങ്ങളാല്‍ ആത്മശക്തി പകരുന്ന പ്രബോധനങ്ങള്‍,
ഹൃദയഭിത്തിയില്‍ പതിഞ്ഞു തുടങ്ങിയത് എന്ന് ?
കുരിശിന്റെ വഴിയിലെ സഹനത്തിന്റെ മുഖം,
ദുഃഖങ്ങള്‍ക്കിടയില്‍ സാന്ത്വനമായി നെഞ്ചോടു ചേര്‍ത്തുവച്ചത്
എന്ന്?
വര്‍ണ്ണനകളും വരകളും ഹരമായി, അക്ഷരങ്ങളലതല്ലിയ
ശൈശവത്തില്‍,
കഥകള്‍ മെനയുന്ന വാക്കുകള്‍ മാറ്റൊലിക്കൊണ്ട ബാല്യത്തില്‍,
കണ്‍കരള്‍ പൂക്കുന്ന കൗമാരത്തില്‍, മോഹക്കുതിരകള്‍ പൂട്ടിയ
സങ്കല്പ രഥങ്ങളില്‍
പ്രപഞ്ചമാകെ ചുറ്റിക്കറങ്ങുന്ന യൗവനത്തില്‍; ഇടയ്ക്കിടെ,
ഹൃദയനിലത്ത്-
ആരൊക്കെയോ വാരിവിതറിയ വചനവിത്തുകള്‍-
പൊട്ടിമുളച്ചപ്പോള്‍;
സമ്മിശ്ര വികാരങ്ങളുണര്‍ത്തിയ ഒരു ദൃക്‌സാക്ഷി-
വിവരണത്തിന്റെ ഓര്‍മ്മകളയവിറക്കുമ്പോള്‍,
ദിവ്യാനുഭൂതികളില്‍ മനസ്സ് സ്വപ്‌നാടനക്കാരനായി-
ചിന്തകളുടെ ഘോഷയാത്ര..... അകലെ ആ പവിത്രഭൂമി....
ആശക്കിളികള്‍,
ചിറകടിയൊച്ചയില്ലാതെ എത്രവട്ടം അവിടെ പറന്നിറങ്ങി....
ജറൂസലം, നസ്രത്ത്, ബേത്‌ലഹേം,
മാടിവിളിക്കുന്ന നിരവധി ദൃശ്യങ്ങള്‍.... ചരിത്രമോതുന്ന....
കുന്നുകളും താഴ്വരകളും....
വ്യര്‍ത്ഥമായ വര്‍ഷങ്ങളുടെ പടവുകള്‍.... വാര്‍ദ്ധക്യത്തിന്റെ-
ഇടുങ്ങിയ കവാടം....
ആശനിരാശകളോടെ യാത്രയുടെ വഴിത്തിരിവില്‍,
ഇസ്രായേലിലേക്ക്-
ഭാഗ്യം കരം പിടിക്കുമ്പോള്‍, പഞ്ചേന്ദ്രിയങ്ങള്‍ക്ക് - 
അനുഭവവേദ്യമായി ആ സത്യം;
തീര്‍ത്ഥാടകനായി ഞാനും; എന്തൊരനുഗ്രഹം! ദിവ്യമായ-
നിയോഗം!
അദ്ധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും-
അടുത്തേയ്ക്കു വിളിച്ചവനെ-
അന്വേഷിക്കുന്നവരുടെ തിരക്ക്. ആരാധ്യമായ മണ്ണിലൂടെ,
സദ് വാര്‍ത്ത;
കാതില്‍ മന്ത്രിക്കുന്ന കാറ്റിന്റെ കുളിര്‍സ്പര്‍ശം, അസാധ്യകാര്യം
സാധിച്ചതിലുള്ള-
നിര്‍വൃതി- ഞാന്‍ ലോകത്തിന്റെ പ്രകാശമാണെന്ന്-
അരുളിച്ചെയ്ത ആചാര്യന്റെ
അരങ്ങില്‍, ആ പാദമുദ്രകള്‍ക്കിടയില്‍ ജന്മം സഫലമാക്കിയ
ഏതാനും ദിനങ്ങള്‍,
നിരന്തരം നിഴലുകള്‍ നീങ്ങുന്ന വഴിത്താരയിലെങ്ങോ,
നാണയത്തുട്ടുകള്‍ക്കായി കൈനീട്ടുന്ന-അമ്മയുടെ മടിയിലെ
ഓമനക്കുഞ്ഞ്; മായാത്ത ഈശ്വരചൈതന്യം; ഞാന്‍ ഓര്‍ത്തു.
ഉണ്ണീ, എന്റെ ഹൃദയക്കൂട്ടില്‍, സ്‌നേഹാര്‍ദ്രതയായി നീ വീണ്ടും
പിറന്നിരുന്നുവെങ്കില്‍!

നവയുഗപ്പിറവിയുടെ നാട്ടില്‍-(സാമഗീതം: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക