Image

2020 -നെ വരവേല്‍ക്കുമ്പോള്‍! (പകല്‍ക്കിനാവ് 181: ജോര്‍ജ് തുമ്പയില്‍)

Published on 31 December, 2019
2020 -നെ വരവേല്‍ക്കുമ്പോള്‍! (പകല്‍ക്കിനാവ് 181: ജോര്‍ജ് തുമ്പയില്‍)
2020 ല്‍ മികച്ച വ്യക്തിയാകാനുള്ള 10 വഴികളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍. ഇതുമായി ബന്ധപ്പെട്ടു നിരവധി ലേഖനങ്ങള്‍ ഞാന്‍ കണ്ടുമുട്ടിയെങ്കിലും ഒന്നും മാനസികനിലവാരം ഉയര്‍ത്താന്‍ തെല്ലും പര്യാപ്തമായിരുന്നില്ല. ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നാണ് ഒടുവില്‍ ഇതു കണ്ടെത്തിയത്. ദിവസങ്ങളെടത്ത് ഇതിലെ ലേഖനങ്ങള്‍ വായിച്ചു. ഏറെയും ചിന്തോദ്ദീപകമായിരുന്നു. അതില്‍ നിന്നും തെരഞ്ഞെടുത്തത് മാത്രം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ആദ്യമായി കണ്ടെത്തിയത് ജോനഥാന്‍ വാന്‍നെസ് എന്ന വ്യക്തിയുടെ ജീവിതകഥയാണ്. ജീവിതത്തെ സ്വയം പീഢിപ്പിച്ച് ജീവിക്കുകയായിരുന്ന ഈ വ്യക്തി എത്ര പെട്ടെന്നാണ് മനുഷ്യനായി മാറിയതെന്നു വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടായിരുന്നു അത്. അതു കൊണ്ടു തന്നെ വെറുതെ- ജോനാഥന്‍ വാന്‍ നെസ് ആകുക എന്നു മാത്രമാണ് നിങ്ങള്‍ വായനക്കാരോട് എനിക്കും പറയുവാനുള്ളത്.

"ക്വീന്‍ ഐ' ചമയ വിദഗ്ദ്ധനും ഓര്‍മ്മക്കുറിപ്പുകാരനും മികച്ച വ്യക്തിത്വത്തിന്റെ പല തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നുവനുമാണ് ജോനാഥാന്‍. അദ്ദേഹമൊരിക്കലും ഓര്‍ക്കുവാനിഷ്ടമില്ലാത്ത വളരെ പ്രയാസകരമായ ഒരു ഭൂതകാലത്തെ (ലൈംഗിക ദുരുപയോഗം, മയക്കുമരുന്നിന് അടിമ) അദ്ദേഹത്തിനുണ്ടായിരുന്നു. ആധുനിക അമേരിക്കന്‍ ജീവിതത്തില്‍ ഇത് ഏറെ നിഴലിച്ചു കാണുകയും ചെയ്യാം. അത്തരത്തിലൊന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. തന്റെ വ്യക്തിത്വം എന്തായിരുന്നുവെന്നും അതെങ്ങനെ മാറ്റിയെടുക്കാമെന്നുള്ള ചിന്തയില്‍ നിന്നായിരുന്ന താന്‍ ആരാണെന്നും എന്താണ് തന്റെ കര്‍മ്മ ഉദ്ദേശമെന്നും ജോനാഥന്‍ ചിന്തിക്കുന്നത്. അന്ന് മുതല്‍ അദ്ദേഹമൊരു ചിന്ത മുന്നിലേക്കിട്ടു. ബഹുമാനിക്കുക, സഹജീവിയെ, പ്രകൃതിയെ, ദൈവത്തെ. അതിനു വേണ്ടി ജോനാഥന്‍ ഭാരതീയ സംസ്ക്കാരത്തെ മുറുകെ പിടിക്കുന്നുവെന്നതാണ് രസം. അതിനായി അദ്ദേഹം നമസ്‌തേ പറയാന്‍ പഠിച്ചിരിക്കുന്നു. അതു കൊണ്ട് എനിക്കും നിങ്ങളോടു പറയാനുള്ളത് ഒരു ജോനാഥന്‍ ആവുകയെന്നതാണ്.

രണ്ടാമത്തെ കാര്യം ഇതാണ്. ആരെയും ചതിക്കരുത്, ഒന്നിനെയും അത്രമേല്‍ ഇഷ്ടപ്പെടരുത്. നമുക്ക് ചതിക്കാന്‍ തോന്നുന്ന നിമിഷമാണ് നാം മനുഷ്യനല്ലാതായി മാറുന്നത്. നമുക്ക് മുന്നോട്ടു ജീവിക്കാന്‍ ആരെയും ചതിക്കേണ്ടതില്ല, ആരെയും പ്രീണിപ്പിക്കേണ്ടതുമില്ല. സാധാരണയായി ജീവിച്ചാല്‍ മാത്രം മതി. ചതി, വഞ്ചന തുടങ്ങിയ പ്രയോഗങ്ങള്‍ ഇല്ലാതാവണമെങ്കില്‍ നമുക്ക് ഒരു കാര്യം മാത്രം ചെയ്താല്‍ മതി, ഒന്നിനെയു അത്രമേല്‍ ഇഷ്ടപ്പെടാതിരിക്കുക. വല്ലാതെ ഇഷ്ടപ്പെട്ടാല്‍ സ്വന്തമാക്കണമെന്ന ആഗ്രഹം മനുഷ്യസഹജമാണ്. അവിടെ, നമ്മുടെ മാനവികമായ വികാരങ്ങള്‍ മുഴുവന്‍ നാം മാറ്റിവെയ്ക്കും, മനുഷ്യനു പകരം മൃഗീയമായി നാം ചിന്തിക്കാന്‍ തുടങ്ങും. ഇവിടെ തുടങ്ങും വഞ്ചനയുടെയും ചതിയുടെയും കഥ.

മുന്നോട്ട് പോകുക എന്നതാണ് മൂന്നാത്തെ കാര്യം. പലരും പലതും ഇടയ്ക്ക് വച്ച് നിര്‍ത്തികളയും. അതാണ് വിജയിക്കാതിരിക്കുന്നതിന്റെ വലിയ പ്രശ്‌നമായി നാം ഉയര്‍ത്തിക്കാണിക്കേണ്ടത്. പുതിയതായി താമസത്തിനെത്തിയ അയല്‍ക്കാരന്‍ രാവിലെ നാലു മണിക്ക് എഴുന്നേല്‍ക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ടെന്നു കണ്ടെത്തി, നമ്മളും അതിനു വേണ്ടി ശ്രമിക്കും. ഏറെ ബുദ്ധിമുട്ടും. അതില്‍ നിന്നുമെന്തോ കിട്ടുന്നുണ്ടെന്ന തോന്നലിലൂടെ അത് പിന്നെയും മുന്നോട്ടു കൊണ്ടുപോകവെ അയല്‍ക്കാരന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. ഇപ്പോള്‍ നമുക്ക് വ്യായാമം ഇല്ല, പകരം ഉള്ളത് അനാരോഗ്യവും, ആവശ്യത്തിനു ഗുളികകളും. മുന്നോട്ടു പോകാന്‍ നമുക്കെന്താണ് തടസ്സമായി നിന്നത്? ഇനിയത് ആവര്‍ത്തിക്കില്ലെന്നു ഉറപ്പാക്കുകയാണ് ഈ വര്‍ഷം ആദ്യം ചെയ്യേണ്ടത്.

നാലാമത്തെ കാര്യം ഇതാണ്, റദ്ദാക്കുന്നതിനുമുമ്പ് ചിന്തിക്കുക. ബന്ധങ്ങളെക്കുറിച്ചാവും ഉടമ്പടിയെക്കുറിച്ചാവും മറ്റ് എന്തിനേക്കുറിച്ചുമാവാം. ക്യാന്‍സല്‍ ചെയ്യുന്നതിനു മുന്‍പ് നന്നായി ചിന്തിക്കുക. എന്നിട്ട് മാത്രം തീരുമാനമെടുക്കുക.

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത് എന്നതാണ് അഞ്ചാമത്തെ വിവരണമായി എടുത്തുകാണിക്കുന്നത്. കൗമാരത്തിലെ പ്രണയമാണ് സ്‌നേഹമെന്നു പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍, കൗമാരത്തിലെ ചാപല്യത്തെ സ്‌നേഹമെന്ന് ഒരിക്കലും ധരിക്കാന്‍ പാടില്ല. അതു ചഞ്ചലപ്പെട്ടു പോകുന്നതാണ്. അതു കൊണ്ടാണ് പറയുന്നത് പതിനെട്ടു വയസ്സില്‍ പ്രണയിക്കരുതെന്ന്. മുപ്പത്തിയഞ്ച് കഴിഞ്ഞേ വിവാഹിതരാവുവെന്ന്. ഈ കുറിപ്പു വായിക്കുന്നവര്‍ വേറിട്ടൊരു തീരുമാനമെടുക്കാന്‍ തീരുമാനിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാനുള്ള സമയമാണിത്.

ആറാമത്തെ ആശയമെന്നത് മേലാവരണം പ്രതിയുള്ളതാണ്. സൗന്ദര്യത്തെ ഉദ്ദീപിപ്പിക്കുന്നതൊന്നും ശാശ്വതമല്ലെന്ന് അറിയുക. അത് കാലത്തിന്റെ അടയാളമാണ്. അതിനെ മറയ്ക്കാന്‍ നാമെത്ര ശ്രമിക്കുന്നുവോ അതു അത്രമേല്‍ ശക്തമായി തിരിച്ചടിക്കും. രോഗങ്ങളായും അതിനുമപ്പുറം അതു സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുമൊക്കെയും ഇവിടെ പ്രശ്‌നക്കാരായേക്കും. ശരീരസംരക്ഷണത്തിനപ്പുറത്ത് സൗന്ദര്യസംരക്ഷണത്തിനു തുനിഞ്ഞിറങ്ങുന്നവര്‍ അതിനൊരു ബെല്ലും ബ്രേക്കും നല്‍കുന്നത് ഗുണം ചെയ്യും. ഈ വര്‍ഷം അതിനൊരു തീരുമാനമെടുക്കുന്നത് ഗുണപരമായ മാറ്റം സൃഷ്ടിക്കും. മാനവികമായ പെരുമാറ്റമാണ് നമ്മുടെ സൗന്ദര്യം അല്ലാതെ മൃഗീയമായിരുന്നു കൊണ്ട് അതിന്മേല്‍ കൃത്രിമസൗന്ദര്യം ഒട്ടിച്ചു വെക്കലല്ല.

ഏഴാമത്തെ കാര്യമാണ്, ഏറ്റവും പ്രധാനം. ആറു മണിക്കൂര്‍ ഉറങ്ങുകയെന്നത്. മോര്‍ട്ട്‌ഗേജ് ഉള്ളവര്‍ക്കും ജീവിതശൈലിയും കാരണം പലര്‍ക്കും അതിനു കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ കൃത്യമായി അതു ചെയ്യുമെന്നു വേണം 2020-ല്‍ പ്രതിജ്ഞ ചെയ്യാന്‍. നാലു മണിക്ക് എഴുന്നേല്‍ക്കണം, അത് രാത്രി 12 മണിക്ക് കിടന്നിട്ടല്ല.  രോഗപ്രതിരോധ സംവിധാനങ്ങള്‍, മാനസിക വിജ്ഞാനം എന്നിവയൊക്കെ ആധുനിക ലോകത്ത് ഉയരത്തിലാണെങ്കിലും ഇത് മറികടക്കാമെന്നു കരുതണ്ട. അല്ലാത്തവര്‍ക്ക്, സമ്മര്‍ദ്ദ നില, രക്തസമ്മര്‍ദ്ദം എന്നിവയില്‍ ഗുരുതരമായ പ്രശ്‌നമുണ്ടാക്കും. അവര്‍ക്കു സ്വാഭാവികമായി പുലര്‍ച്ചെ 4 മണിയോടെ ഉണരാനും കഴിയില്ല. എന്നാല്‍ ഒരു നിമിഷം ചിന്തിച്ചു നോക്കൂ, പ്രഭാതത്തില്‍ ഉണരുകയെന്നത് എത്ര വളരെ മനോഹരമാണെന്ന്.

എട്ടാമതു ചൂണ്ടിക്കാണിക്കുന്നത് വസ്ത്രങ്ങളെക്കുറിച്ചാണ്. പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം എന്നീ മൂന്നു കാര്യങ്ങളാണ് അടിസ്ഥാനപരമായി മനുഷ്യനു വേണ്ടത്. എന്നാല്‍, ഇതില്‍ ഏതിനെങ്കിലും മുന്‍ഗണന പണക്കൊഴുപ്പില്‍ കൊടുത്താലുള്ള അവസ്ഥ ഒട്ടും ആരോഗ്യകരമല്ല. ഫാഷനു പിന്നാലെ പോകാനുള്ള ഭ്രാന്താണ് സമീപകാലത്തെ വലിയ ലൈഫ്‌സ്റ്റൈല്‍ ട്രെന്‍ഡ്. അതൊരു നല്ല കീഴ് വഴക്കമല്ല. ജീവിതത്തില്‍ വസ്ത്രത്തിനു പ്രാധാന്യം നല്‍കുന്നതിനേക്കാള്‍ ആരോഗ്യവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവുമായി കൂടുതല്‍ ബന്ധമുള്ള ജീവിതശൈലി പുലര്‍ത്തുന്നതാണ് നല്ലത്. വസ്ത്രങ്ങള്‍ അല്ല നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നത്. അതൊരു പുറംമോടി മാത്രമാണ്. ഫാഷന്‍ അല്ല ലൈഫ് സ്റ്റൈല്‍, അതിനപ്പുറത്ത് നിങ്ങളുടെ ജീവിതരീതിയാണ് ഫാഷനാവേണ്ടത്.

യാത്രകളെ സ്‌നേഹിക്കുകയെന്നതാണ് ഒന്‍പതാമത്തെ സിദ്ധാന്തമായി കാണേണ്ടത്. യാത്രകളാണ് കൂടുതല്‍ അനുഭവം തരുന്നത്. അതാണ് നമുക്ക് കൂടുതല്‍ അറിവുകള്‍ നല്‍കുന്നത്. അതിനെ ആനന്ദമായി കാണുക. അതിനായി തുനിഞ്ഞിറങ്ങുക. പണം, സമയം, ധൈര്യമില്ലായ്മ ഒക്കെയാണ് പലര്‍ക്കും വലിയ തടസ്സങ്ങളായി നില്‍ക്കുന്നത്. അതിനെ മറികടക്കാന്‍ നമുക്കു കഴിയണം. യാത്ര ചെയ്യാന്‍ തീരുമാനിക്കുക, അതിനു വേണ്ടി ശ്രമിക്കുക, പോവുക. അത്രമാത്രം. 2020-ല്‍ അലാസ്ക്കയിലേക്കോ, അര്‍ജന്റീനയിലേക്കോ അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു പോളാര്‍ രാജ്യത്തേക്കോ ആവട്ടെ നിങ്ങളുടെ യാത്ര. അവിടെ പരിമിതമായ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും, താനെത്ര ഭാഗ്യവാനാണെന്ന്.

നല്ലൊരു വ്യക്തിയായി മാറുകയെന്നതാണ് പത്താമത്തെ കാര്യം. വ്യക്തിത്വമുണ്ടാക്കാന്‍ മുകളില്‍ പറഞ്ഞ ഒന്‍പതു കാര്യങ്ങള്‍ മതി. ഇത് ചെയ്യാന്‍ ശ്രമിച്ചാല്‍ എല്ലാത്തിനും മുകളിലുള്ള ദൈവികമായ പിന്തുണയും നിങ്ങള്‍ക്കു ലഭിക്കും. അതാണ് ഏറ്റവും വലിയ കാര്യം. അതിനു വേണ്ടിയുള്ള വര്‍ഷമാകട്ടെ 2020- എന്ന് ആശംസിക്കുന്നു. എല്ലാ വായനക്കാര്‍ക്കും നവവത്സരാശംസകള്‍...

Join WhatsApp News
Sudhir Panikkaveetil 2019-12-31 19:37:50
 വളരെ നല്ല സന്ദേശം. താങ്കൾക്കും 
കുടുംബത്തിനും അനുഗ്രഹപ്രദമായ പുതുവത്സരം 
നേരുന്നു. 
George Thumpayil 2020-01-02 14:16:22
Thanks Sri Sudheer. Appreciate your kind words. Wish you a Happy New Year.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക