Image

അഭിമുഖം (തോമസ് കളത്തൂര്‍)

Published on 31 December, 2019
അഭിമുഖം (തോമസ് കളത്തൂര്‍)
അല്പം വിശ്രമിക്കാനായി, കാലുകള്‍ "കോഫി ടേബിളിനു" മുകളിലായി എടുത്തുവെച്ചു "സോഫയിലേക്ക്" ചാഞ്ഞിരുന്നു.      ചിന്തകളെയും ആസൂത്രണങ്ങളെയും എല്ലാം മനസിന്റെ ഒരരികില്‍ ഒഴിച്ചിട്ടു.    ഏതാനം നിമിഷം  മനസ്സ് ശൂന്യതയില്‍ അലയാന്‍ അനുവദിച്ചു.    തിരികെ എത്തുമ്പോള്‍, കണ്ണുകള്‍ ഉടക്കി നിന്നതു, ഭിത്തിയില്‍ തൂക്കി ഇട്ടിരുന്ന അച്ഛനമ്മമാരുടെ ചില്ലിട്ട പടത്തിലാണ്.      രണ്ടു പേരുടെയും മുഖത്തു ഒരു 'ഊറിയ, ചിരി പടര്‍ന്നു നില്‍ക്കുന്നു,   ഒരു കളിയാക്കി ചിരി പോലെ.   "പണ്ട് കളിയും ചിരിയും മാത്രമായി നടന്ന നീ, ഇത്രയും ഒക്കെ ചുമതല ബോധം ഉള്ളവനായല്ലോ" എന്ന സന്തോഷമാവാം.    കഷ്ടപ്പാടുകള്‍, ഉഴവ് ചാല്‍ കീറിയ ആ മുഖത്തെ ചെറു ചിരിയെ നോക്കി ഇരുന്നു.   അച്ഛനോട് ചേര്‍ന്നിരിക്കുന്ന അമ്മയുടെ  മുഖത്തും ചിരിയുണ്ട്,  എന്നാല്‍ അതിന്റെ പിന്നാമ്പുറത്തെങ്ങും  സന്തോഷം  ഉണ്ടാവാനിടയില്ല.   ചെറുപ്പത്തില്‍, അല്പം പോലും വീട്ടില്‍ അടങ്ങി ഒതുങ്ങാതെ, വരുത്തി വെച്ച താന്തോന്നിത്തങ്ങളെ അച്ചനെ അറിയിക്കാതെ,  പൂഴ്ത്തി  വെച്ച് ശിക്ഷയില്‍  നിന്നും കരകയറ്റിയ ഭാരം ഇന്നും പേറുന്നുണ്ടാവാം.    വളര്‍ത്താനും പഠിപ്പിക്കാനും, ഭക്ഷണത്തിനു മുട്ട് വരാതിരിക്കാനുമായി,  വിയര്‍പ്പൊഴുക്കി ഓടി നടന്ന  മനുക്ഷ്യര്‍.  അവര്‍ക്കു ഒരേ ഒരു ജീവിത ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു,   എന്നെ, കഷ്ടപാടുകളില്ലാത്ത ഒരു സുരക്ഷിത സ്ഥാനത്തു എത്തിക്കുക.    
                       
ഞാന്‍, വെറും ഒരു വിളവെടുപ്പുകാരനായി വളര്‍ന്നു വന്നു.    ഒരു നിലയില്‍ എത്തിയപ്പോള്‍,  സ്‌നേഹം  കൊടുക്കാന്‍,   പ്രകടിപ്പിക്കാന്‍  സമയം കണ്ടെത്തിയില്ല.     ആവശ്യത്തിന് പണം കൊടുക്കാന്‍ മടി കാണിച്ചിട്ടില്ല.      പക്ഷെ.. മാതാപിതാക്കള്‍  തന്നത്  പണമായിരുന്നില്ല,  അതിനും അപ്പുറം,  ആവശ്യങ്ങള്‍ എല്ലാം, ചോദിക്കാതെ അറിഞ്ഞു നിറവേറ്റി.  അതിനു പുറകിലെ അവരുടെ കഷ്ടപ്പാടുകള്‍ പുറത്തു കാണിച്ചില്ല.  ലക്ഷ്യവും ധാര്‍മ്മീകതയും ആത്മീകതയും മാത്രമല്ല,  മറ്റുള്ളവരെ സ്‌നേഹിക്കാനും കരുതാനും കൂടി പഠിപ്പിച്ചു.      അതെല്ലാം അനുസരിച്ചു, ശീലിച്ചു..പക്ഷെ പഠിപ്പിച്ചവരോട് സ്‌നേഹവും നന്ദിയും കാട്ടാന്‍ മറന്നു പോയി.      ദൈവത്തെ നമിക്കാതെ,  ദേവാലയത്തെ  നമിച്ചു  കടന്നു പൊന്നു.
                                                        
അപ്പന്‍  ഓര്മിപ്പിക്കാറുണ്ടായിരുന്നു,ഇടയ്ക്കിടെ   "ഈ ജീവിതത്തില്‍ നാം കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം പലിശ ഉള്ള കടങ്ങളാണ്.     കാലം ചെല്ലും തോറും  പലിശയും  കൂട്ട്പലിശയും  കൂട്ടേണ്ടി വരും".      "കൊടുത്താല്‍ കൊല്ലത്തും കിട്ടും" എന്ന പഴമൊഴിയെ  മറ്റൊരു  വീക്ഷണത്തിലൂടെ 'അമ്മ' കാണുന്നു.      'ഭക്ഷണം കഴിക്കാതെ ആരെങ്കിലും   എത്തിപ്പെട്ടാലോ"  എന്ന  പ്രതീക്ഷയില്‍ തന്റെ  ഉച്ച  ഭക്ഷണം  മിക്ക ദിവസങ്ങളിലും,  രാത്രി വരെ മാറ്റി സൂക്ഷിക്കാറുണ്ട്.    കാരണമായി പറയുന്നത്, " എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇത് പോലെ ഒരാവശ്യം  വന്നാല്‍, ആരെങ്കിലും ഉണ്ടാവണം".     അവരുടെ നന്മ  പ്രവര്‍ത്തികളും  ശുഭ പ്രതീക്ഷയും,  സമുദ്രങ്ങള്‍ താണ്ടിയിട്ടും  അനുഗ്രഹങ്ങളായി  ഞങ്ങളെ പിന്തുടര്‍ന്നു.      എന്നാല്‍ അവരുടെ ജീവിത വീക്ഷണങ്ങളെ  പിന്തുടരാന്‍  എത്ര മാത്രം  ഞങ്ങള്‍ക്ക് കഴിഞ്ഞു  എന്നറിയില്ല.
                                               
ഓര്‍മയുടെ  പിന്‍വിളി കേട്ടത് പോലെ,  തിരികെ, ഭിത്തിയിലെ  ചിത്രത്തില്‍  കണ്ണുകള്‍ തറച്ചു.    അതിനു ചുറ്റുമുള്ള മനോഹരമായ ചട്ടക്കൂട് നിര്‍മ്മിച്ച് തന്ന ആള്‍ രംഗ പ്രവേശം നടത്തിയിരിക്കുന്നു.   ഗോപാലന്‍ എന്ന ഗോപി.   ബന്ധു അല്ലാത്ത  'ഒരു അടുത്ത ബന്ധു'.        നടക്കാന്‍ പഠിക്കാനായി    എനിക്ക് തടികഷ്ണങ്ങള്‍ ചേര്‍ത്തൊരു വണ്ടി ഉണ്ടാക്കി തന്ന, എന്നെ  കൈ പിടിച്ചു നടക്കാന്‍ പഠിപ്പിച്ച,  'ഗോപേട്ടന്‍' എന്ന് ഞാന്‍ വിളിക്കേണ്ടിയിരുന്ന, "ഗോപി".     സ്‌നേഹ വാത്സല്യങ്ങള്‍ക്കൊപ്പം  കരുതലും ഉപദേശവും തന്ന,  പണിക്കരമ്മയുടെ മകന്‍  ഗോപാലന്‍..    നന്ദികേടിന്റെ കുറ്റബോധം എന്ന വികാരം  എന്റെ ചിന്തയുടെ ശബ്ദം  ഉച്ചത്തിലാക്കി എന്ന് തോന്നുന്നു.      ചാക്കോമൂപ്പനും കല്യാണിയും  ഭാര്‍ഗവന്‍ ചേട്ടനും വൃദ്ധരായ വല്യമ്മച്ചിയും അപ്പച്ചനും, നബീസത്തിന്റെ സഹായത്തോടെ  വലിയഉമ്മായും, പിന്നാലെ  പൊറുപൊറുത്തുകൊണ്ടു അല്പം  'മാനസികം'  ഉള്ള  ചോയചേട്ടത്തിയും കടന്നു വരുന്നു.    ഇവരെല്ലാം അയല്‍ക്കാരാണ്,  ബന്ധത്തിനും അപ്പുറമായി ബന്ധമുള്ള....സ്വന്തക്കാര്‍ തന്നെ.  പരിമിതാവസ്ഥയില്‍ കഴിയുന്ന ഞങ്ങളുടെ ചെറിയ വീട്ടിലെ  സൗഹൃദങ്ങള്‍ വളരെ  ആര്‍ഭാടപൂര്‍ണമായിരുന്നു, "ഉള്ളത് കൊണ്ട് ഓണം പോലെ".                  
                                               
പനയോല മേഞ്ഞ, വൃത്തിയും മെനയും ഉള്ള  ആ കൊച്ചു മനോഹര ഭവനത്തില്‍ നിന്നും  ആ വൃദ്ധ ദമ്പതികള്‍  നടന്നു കേറിയെത്തും പലപ്രാവശ്യം,  ഞങ്ങള്‍ക്ക് ആര്‍ക്കെങ്കിലും  എന്തെങ്കിലും രോഗം വന്നാല്‍.    രോഗ  ശുശ്രൂക്ഷയില്‍  എന്തെങ്കിലും  വീഴ്ച കണ്ടുപിടിച്ചു, എല്ലാവരെയും  ശകാരിക്കും.   ആത്മാര്ഥതയില്‍  നിന്നുള്ള ആ ശകാരങ്ങള്‍ ബഹുമാനത്തോടെ  നിശബ്ദരായി  സ്വീകരിക്കും.   വല്യ ഉമ്മയും, മകള്‍ നബീസത്തിന്റെ സഹായത്തോടെ  അപൂര്‍വമായി മാത്രം കടന്നുവരും.   സ്വന്തം കച്ചവടവും മറ്റുമായി  തിരക്ക് പിടിച്ച വര്‍ക്ക്  അത്രയേ സാധിക്കൂ.    എങ്കിലും സ്‌നേഹ ബന്ധങ്ങള്‍  നിലനിര്‍ത്തി പോകുന്നു.  ഭാര്‍ഗവന്‍ ചേട്ടന്‍ : തേഞ്ഞ, വലിയ "ടയറുകള്‍ കട്ട ചെയ്യുന്ന  ജോലിക്കാരനാണ്. ചില  രാത്രികളില്‍  അല്പം മദ്യപിച്ചു,  പാതിരവെത്തും വരെ  ഉറക്കെ പുലമ്പി കൊണ്ടിരിക്കും,  എന്നാല്‍ അസഭ്യം ഒന്നും തന്നെ ആ നാവില്‍ നിന്ന് വരാറില്ല.  “അദ്ദേഹം കള്ളുകുടിക്കുന്നതു ആഘോഷിക്കാനല്ല,  ആഘോഷിക്കാന്‍ ഒന്നുമില്ലാത്ത ജീവിതത്തെ  മറന്നു , ഒന്നുറങ്ങാനാണ്”  എന്ന് മനസിലാക്കാന്‍ ഞങ്ങളുടെ ഒക്കെ സൗഹാര്ദ്ദം് സഹായിച്ചിരുന്നു.
                                    
ഞങ്ങള്‍  എല്ലാവരും താമസിച്ചിരുന്നത്,  ആറോ ഏഴോ  സെന്‍റ് സ്ഥലത്തുള്ള കൊച്ചു വീടുകളിലായിരുന്നതിനാല്‍,   വീടുകളെപോലെ  മനുക്ഷ്യരും  അവരുടെ ജീവിതങ്ങളും,  അന്യോന്യം   അടുത്തും ബന്ധപ്പെട്ടുമിരുന്നു.     ഓണവും ക്രിസ്തുമസും ബക്രീതും,…  എന്തിനു പറയുന്നു, ഓരോ വീട്ടിലെ   മാമോദീസയും സുന്നത്തു കല്യാണവും വിവാഹവും ഒക്കെ  ഒന്നിച്ചാഘോഷിക്കും പോലെ ആയിരുന്നു.         ഓരോ വീട്ടിലും ഉണ്ടാക്കുന്ന  പ്രത്യേക വിഭവങ്ങളുടെ  ഓഹരി എല്ലാ വീട്ടിലും എത്തും,  കുഞ്ഞപ്പ കറിയും പത്തിരിയും കേക്ക്ഉം പായസവും  ഉപ്പേരിയും  കാളനും ഇറച്ചി ഉലാത്തിയതും മീന്‍ വറുത്തതും ഒക്കെ.        മാവേലി നാട് വാണ കാലത്തെ സുഭിക്ഷതയും  ഭൂമിയെ സ്വര്‍ഗ സമാനമാക്കാന്‍ പ്രാര്‍ത്ഥിച്ച  ക്രിസ്തുവിന്റെ  പുല്‍ക്കൂട്ടിലെ ജനനത്തിന്റെ ലാളിത്യവും,  അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍  മൃഷ്ടാന്ന ഭോജനം നടത്തുന്നവന്‍ മുസ്‌ലിം അല്ല  എന്ന നബി വചനവും  ഞങ്ങള്‍  ഒരുമിച്ചു  അനുസരിച്ചു,   അനുഭവിച്ചു.  
                                          
"ഇന്നു്, ക്രിസ്തുമസും കടന്നു് ഒരു പുതിയ വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍,  വിഭാഗീയതകളില്ലാത്ത,  സമാധാനത്തിലും സ്‌നേഹത്തിലും സമത്വത്തിലും  അധിഷ്ഠിതമായ, അഭയാര്‍ത്ഥികളും അതിരുകളും  ഇല്ലാത്ത ഒരു പുതിയ ലോകത്തിലേക്ക് കടന്നു് ചെല്ലൂ..." എന്ന  പഴയ തലമുറയുടെ  ആശീര്‍വ്വാദം, എന്നെ പുതുവത്സര കുളിരി ലേക്കുണര്‍ത്തി......
......അത് തന്നെ ഞാനും ആശംസിക്കട്ടെ.
Join WhatsApp News
ജോർജ് പുത്തൻകുരിശ് 2019-12-31 11:38:02
"പണ്ട് കളിയും ചിരിയും മാത്രമായി നടന്ന നീ, ഇത്രയും ഒക്കെ ചുമതല ബോധം ഉള്ളവനായല്ലോ"  എന്ന് പ്രതിഫലിപ്പിക്കാൻ കഴിയുന്ന  വ്യക്തി തീർച്ചയായും അനുഭവങ്ങളാൽ കാലത്തിന്റെ മാറ്റങ്ങളെ കണ്ടവനായിരിക്കും . രണ്ടു കാലഘട്ടത്തിന്റെ മാറ്റങ്ങളെ ലേഖകൻ വളരെ വ്യക്തമായി വരച്ചു കാട്ടുന്നു . ഒന്ന് വളരെ വ്യക്തവും മറ്റൊന്ന് ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നവർക്ക് വായിച്ചെടുക്കാവുന്നതുമാണ് .  ജാതിമതവർഗ്ഗവർണ്ണങ്ങൾ ഇല്ലാതെ സ്നേഹ ബന്ധങ്ങളിലൂടെ സമൂഹത്തേ ജനം നിലനിർത്തുയിരുന്നു. ബന്ധങ്ങളും സൗഹൃദങ്ങളും ജീവിത മൂല്യങ്ങളും  സമൂഹത്തെ,  ഒരു നെയ്തെടുത്ത ഒരു വസ്ത്രത്തിലെ ഇഴകളെപോലെ പൊട്ടാതെ നിറുത്തിയ ഘടകങ്ങൾ ആയിരുന്നു.  " ഗോപാലന്‍ എന്ന ഗോപി, ചാക്കോമൂപ്പനും കല്യാണിയും  ഭാര്‍ഗവന്‍ ചേട്ടനും വൃദ്ധരായ വല്യമ്മച്ചിയും അപ്പച്ചനും, നബീസത്തിന്റെ സഹായത്തോടെ  വലിയഉമ്മായും, പിന്നാലെ  പൊറുപൊറുത്തുകൊണ്ടു അല്പം  'മാനസികം'  ഉള്ള  ചോയചേട്ടത്തിയും" ഇന്ന് നമ്മളുടെ ശത്രുക്കൾ ആയിരിക്കുന്നു . അതിന്റെ മാറ്റൊലികളാണ് ഇന്ന് ലോകത്തിന്റെ പലഭാഗത്തും , ഹിന്ദുവനും, മുസ്ലിമിനും, ക്രൈസ്തവർക്കും , പ്രവേശനം നിരോധിച്ചുകൊണ്ടും , പൗരത്വം നിരോധിച്ചുകൊണ്ടുമുള്ള നിയമങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത് . ' ഭിന്നിപ്പിച്ചു ഭരിക്കുക ' എന്ന മനോഭാവം എല്ലാ തലങ്ങളിലും രൂഢമൂലമാകുന്നു .  വെറുപ്പും വിദ്വേഷവും ജീവിതത്തിനെ എല്ലാ തലങ്ങളിലും പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു .   ആനുകാലിക സംഭവങ്ങളെക്കുറിച്ച് ഒന്നുംതന്നെ  പറയാതെ , എഴുത്തുകാരൻ വായനക്കാരെ  കാലത്തിന്റ മാറ്റങ്ങളെക്കുറിച്ചു  'അഭിമുഖത്തിലൂടെ' ഉദ്ബുദ്ധരാക്കുന്നു . നല്ലൊരു ലേഖനത്തിന് ശ്രീ . തോമസ് കെ വറുഗീസിന് അഭിനന്ദനം. 


Mathew Joys 2020-04-01 21:10:25
നൊസ്റ്റാൾജിയ കാണിച്ചു സെന്റിയാക്കുന്ന ഈ പരിപാടി അവസാനിപ്പിക്കുക . ആരോടാണ് അഭിമുഖം , സ്വന്തം നിഴലിനോടാണോ അതോ സ്വന്തം ആത്മാവിനോടോ ? ബാല്യകാലസ്മരണകൾ ഗംഭീരമായി അവതരിപ്പിച്ച കഥാകാരാ സ്വല്പം അനുമോദനങ്ങൾ 💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക