Image

'ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്, എന്നാല്‍ കഠിനാധ്വാനം കൊണ്ട് വിജയം നേടിയ ആളാണ് വിക്രം'; പൃഥ്വിരാജ്

Published on 31 December, 2019
'ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്, എന്നാല്‍ കഠിനാധ്വാനം കൊണ്ട് വിജയം നേടിയ ആളാണ് വിക്രം'; പൃഥ്വിരാജ്

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ ജീവിതം തനിക്ക് വലിയ പ്രചോദനമാണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. ഞങ്ങളൊക്കെ സ്‌നേഹത്തോടെ 'കെന്നി' എന്ന് വിളിക്കുന്ന വിക്രത്തെ തനിക്ക് 'സൈന്യ'ത്തിന്റെ സെറ്റ് മുതല്‍ അറിയാമെന്നും അദ്ദേഹം വലിയൊരു കഠിനാധ്വാനിയാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.


'ജീവിതത്തില്‍ വലിയൊരു അപകടം തരണം ചെയ്ത വ്യക്തിയാണ് കെന്നി. ആ അപകടത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒരിക്കലും അദ്ദേഹം എഴുന്നേറ്റ് നടക്കില്ലെന്ന് വിധിയെഴുതിയതാണ്. അദ്ദേഹത്തിന്റെ കാലിലെ മുറിപ്പാട് കണ്ടാല്‍ നമ്മള്‍ അന്തംവിട്ടു പോകും. ഒരിക്കല്‍ ജിമ്മില്‍ വെച്ച്‌ അദ്ദേഹം എന്നെ കാണിച്ചിട്ടുണ്ട്. ഇങ്ങനെയൊരാള്‍ക്ക് കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ആകുമെന്ന് തോന്നില്ല. അയാളാണ് ഇപ്പോള്‍ സിക്സ് പാക്ക് ആക്കലും മറ്റും ഇത്രയും എളുപ്പത്തില്‍ ചെയ്യുന്നത്. കഠിനാധ്വാനം കൊണ്ട് വിജയം നേടിയ ഒരാളാണ് വിക്രം' എന്നാണ് പൃഥ്വിരാജ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിയുടെ അവസാനം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തില്‍ ആഡംബര കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ആ താരത്തിന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തിയത്. ദീപ്തി സതി, മിയ, ശിവജി ഗുരുവായൂര്‍, മേജര്‍ രവി, സലിംകുമാര്‍, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്, ലാലു അലക്‌സ്, നന്ദു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക