Image

മടക്കയാത്ര(കവിത: മഞ്ജുഷ പോര്‍ക്കുളത്ത്)

മഞ്ജുഷ പോര്‍ക്കുളത്ത് Published on 31 December, 2019
മടക്കയാത്ര(കവിത: മഞ്ജുഷ പോര്‍ക്കുളത്ത്)
വാക്കുകള്‍ മൗനം
കുടിച്ച് മരിക്കാനൊരുങ്ങുന്നു.
ഉറവ തേടി മടങ്ങാന്‍
വഴികള്‍ സമ്മതിക്കുന്നില്ലത്രേ!!

ഒഴുകിയൊഴുകിച്ചേരാന്‍
അന്യമായ പുഴ വഴികളില്‍
തലതല്ലിച്ചിതറിയ
ഓളങ്ങളും അതാവര്‍ത്തിക്കുന്നു.
വെന്തു തീരും മുന്നെ
അമ്മയുടെ ഗര്‍ഭാശയം പോലെ
സുരക്ഷിതമായിരുന്ന ഉറവകളിലേയ്‌ക്കൊന്ന്
ഞങ്ങളെ തിരികെയാക്കാമോ ?

മഴയില്‍ കുതിര്‍ന്ന് വിറച്ചും
കൂടെ നിറയെ വെണ്‍മയാര്‍ന്ന
മൃദുലത നിറച്ച പാവം
തുമ്പപ്പെണ്ണിന്നലെ
അരികില്‍ നിന്ന മുക്കുറ്റിയോട് സ്വകാര്യം പറഞ്ഞതും അതുതന്നെയായിരുന്നു.
തീച്ചൂടില്‍ കരിയും മുന്നെ
നമുക്കീ പച്ചപ്പോടെ
മണ്ണിലേക്കലിയാനായെങ്കിലെന്ന്
ചുണ്ട് കറുത്ത ഇലകളുമായി
പൂവാംകുറുന്തലയും നിലപ്പനയും
എന്നെയും എന്നെയും കൂടിയെന്ന്
മണ്ണോട് കേഴുന്നത് കേട്ടു.

അപ്പോള്‍ പാറപ്പുറത്ത്
വന്നു വീണ കാറ്റ്
തീക്കനല്‍ വാരിയെറിഞ്ഞെന്നോട് കയര്‍ത്തു
കാറ്റും മഴയും പ്രണയമാണെന്ന്
പാടി നടന്ന് നിന്റെ
നാവേറ് തട്ടിപ്പോയല്ലോ ഞങ്ങള്‍ക്ക്.

എന്നാണ് നിങ്ങളിരുകാലികള്‍
വാക്കും കണ്ണുമൊതുക്കി
ആര്‍ത്തിയുടെ നാമ്പൊതുക്കി
മടങ്ങുക .

തലകുനിച്ച് മണ്ണില്‍ കണ്ണുടക്കാനാവാതെ
മാനംമുട്ടെ വളര്‍ന്ന
മാനവരിലേയ്ക്ക് തിരിഞ്ഞു

വാക്കുറഞ്ഞ് കാഴ്ചയിരുണ്ട്
ഞാന്‍ ചോരയില്‍ തളം കെട്ടി കിടന്നു.

വേദന കൊണ്ട് പിടഞ്ഞ
കുഞ്ഞു മക്കളെന്നെ
കൊല്ലാതെ കൊല്ലുന്നു

രോദനം പോലുമില്ലാത്ത
മണ്ണും പെണ്ണുമായുറഞ്ഞ
ശിലകള്‍ തീതുപ്പുന്നു

എന്റെ നാടേയെന്നമ്മയുടെ
നെഞ്ചിലമര്‍ന്നയെന്നോട്
മുലക്കണ്ണുകള്‍ ജാതി ചോദിക്കുന്നു

വയ്യ , വയ്യയിനിയെന്ന്
മറുപടിയില്ലാ വാക്കുകളുമായി ഞാനും
മടങ്ങട്ടെ
ഉറവ തേടി മരണത്തോളമെത്തുന്ന
മടക്കയാത്ര തുടങ്ങട്ടെ .


മടക്കയാത്ര(കവിത: മഞ്ജുഷ പോര്‍ക്കുളത്ത്)
Join WhatsApp News
josecheripuram 2019-12-31 17:32:10
EE Kavitha oru"Thee Kavitha"
Jack Daniel 2019-12-31 21:35:37
Hi bro Jo
Happy New Year 💋
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക