Image

ലോക കേരള സഭയിലേക്ക് ഫോമായ്ക്കു ക്ഷണം; പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ പങ്കെടുക്കും

Published on 30 December, 2019
ലോക കേരള സഭയിലേക്ക് ഫോമായ്ക്കു ക്ഷണം; പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ലോകമെമ്പാടും അതിജീവനത്തിനായി കുടിയേറിയ പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കുന്ന ലോക കേരള സഭയില്‍ അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ച് ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ സംസാരിക്കുന്നതായിരിക്കും. കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഫോമായ്ക്കു ലോകകേരള സഭയിലേക്കു പ്രത്യേക ക്ഷണം.

രണ്ടാമതും കേരളം പ്രളയകെടുതിയില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ അതിനെ അതിജീവിക്കുന്ന രീതിയില്‍ പടുത്തുയര്‍ത്തിയ ഫോമാ ഗ്രാമം കേരള സര്‍ക്കാരിന്റെ പോലും പ്രശംസക്കു പാത്രമായിട്ടുണ്ട്. കേരളത്തിലുള്ള തണല്‍ എന്ന സംഘടനയുമായി ചേര്‍ന്നുകൊണ്ടു നിര്‍മ്മിച്ച നാല്പതോളം വീടുകള്‍ ആണ് ഇത്തരത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്.

നിരവധി വിഷയങ്ങള്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്ന ലോക കേരള സഭയില്‍ പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ കേരള മോഡല്‍ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയെക്കുറിച്ചും അതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ഗുണങ്ങളെക്കുറിച്ചും ഫിലിപ് ചാമത്തില്‍ സംസാരിക്കുന്നതായിരിക്കും

ഫോമാ തുടക്കം മുതല്‍ കേരളത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയില്‍ ആയിരുന്നു തുടക്കം. പിന്നീട് മാലിന്യ സംസ്‌കരണ പദ്ധതികള്‍. അതുപോലെ നിരവധി സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുകയുണ്ടായി.

തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി ഒരു വാര്‍ഡ് നിര്‍മ്മിച്ചു നല്‍കി. കേരളത്തിലെ ആരോഗ്യ ആതുര പരിപാലന രംഗത്തും ഫോമാ തുണയായി. ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ കേരളത്തിലെ പല നഗരങ്ങളും കരകവിഞ്ഞ് ഒഴുകിയപ്പോള്‍ ആ സന്ദര്‍ഭത്തില്‍ ഏറ്റവും ആദ്യം കൈത്താങ്ങായി ഓടിയെത്തിയ പ്രവാസി സംഘടന ആയിരുന്നു ഫോമാ.

അന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രസിഡണ്ട് പിന്നീട് ഫോമാ ഗ്രാമം എന്ന ഒരു ആശയത്തിന് തുടക്കമിടുകയും അമേരിക്കയിലെ അങ്ങോളമിങ്ങോളമുള്ള അംഗസംഘടനകളുടെയും മറ്റു വ്യക്തികളുടെയും സാമ്പത്തിക പിന്തുണയുടെ പിന്‍ബലത്തില്‍ ഏകദേശം നാല്പതോളം വീടുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചു നല്‍കുകയുണ്ടായി കേരളത്തിലെ മാധ്യമ രംഗത്തുള്ളവര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവരുടെ എല്ലാവരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ഈ ഫോമാ ഗ്രാമത്തില്‍ നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ പ്രകൃതിക്ഷോഭങ്ങളെ പേടിക്കാതെ അന്തിയുറങ്ങുന്നു.

ലോക കേരളസഭ എന്നത് പ്രവാസി മലയാളികളുടെ ആശയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉതകുന്ന ഒരു കൂട്ടായ്മയാണ്. ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന പ്രവാസി മലയാളികള്‍ തങ്ങളുടേതായ മികച്ച സംഭാവനകള്‍ അവതരിപ്പിക്കുമ്പോള്‍ അത് ഗൗരവത്തില്‍ കണക്കിലെടുത്ത് നല്ല രീതിയില്‍ മുന്നോട്ടു പോയാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിതരീതിയും മറ്റ് സംവിധാനങ്ങളും നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് ശ്രീ.ചാമത്തില്‍ കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭയിലേക്ക് ഫോമായെ ക്ഷണിച്ച കേരള മുഖ്യമന്ത്രിയും ലോക കേരളസഭയുടെ മറ്റ് ഭാരവാഹികളോടും ഉള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക