Image

സമയമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത് (ശിവകുമാർ)

Published on 30 December, 2019
സമയമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത് (ശിവകുമാർ)
യോജിക്കാം അല്ലെങ്കിൽ വിയോജിക്കാം. പക്ഷേ നമ്മൾ ആരാവണമെന്നും എന്താവണമെന്നും തീരുമാനിക്കുന്നതിൽ, മിക്കപ്പോഴും നമ്മുടെ സമയത്തിന് വലിയ പങ്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

പുതുവർഷം 2020 നമ്മുക്കെങ്ങിനെ, അല്ലെങ്കിൽ 2021 ൽ നമ്മൾ ആരായിരിക്കും എന്നൊക്കെ തീരുമാനിക്കുന്നതിൽ, നമ്മുടെ സമയത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

പുതിയ വർഷം നടപ്പിൽ വരുത്താനായി ധാരാളം തീരുമാനങ്ങൾ നമ്മിൽ പലരും എടുക്കാറുണ്ട്. പക്ഷേ മിക്കതും നടപ്പിലാവാറില്ല എന്നതാണ് വസ്തുത. കാരണം നമ്മുടെ സമയത്തിന്റെ പ്രശ്നമാണ്, അഥവാ നമ്മൾ സമയം ചിലവഴിക്കുന്നതിന്റെ പ്രശ്നമാണ്.

അതായത്, പുതിയ വർഷത്തിൽ നമ്മുടെ സമയം എന്തിനു വേണ്ടി ചിലവഴിക്കുന്നു എന്നതിനെ ആശയിച്ചായിരിക്കും നമ്മുടെ ഭാവി എന്നർത്ഥം!!

⌚ ദിവസം ഒരു മണിക്കൂർ വീതം പ്രസംഗ പരിശീലനത്തിനായി മാറ്റി വച്ചാൽ ഒരു വർഷം കഴിയുമ്പോൾ നമ്മൾ ഒരു മികച്ച പ്രാസംഗികനോ പ്രാസംഗികയോ ആവും.
⌚ ദിവസം ഒരു മണിക്കൂർ വ്യായാമത്തിന് മാറ്റി വച്ചാൽ, ആരോഗ്യമുള്ള, ആകർഷകമായ ശരീരത്തിനുടമയായി നമ്മൾ മാറും.
⌚ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാനോ പുതിയ ഭാഷ പഠിക്കാനോ സമയം ചിലവഴിച്ചാൽ അതിന്റെ ഗുണഫലം ജീവിത കാലത്തേക്കുണ്ടാവും.
⌚ പുതിയ കോഴ്സുകൾ പഠിക്കാൻ, തുടർ പരിശീലനത്തിന് ഒക്കെ സമയം ഉപയോഗിച്ചാൽ കരിയറിൽ ഉയരങ്ങൾ താണ്ടാം
⌚ സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കാര്യങ്ങൾ പഠിക്കാൻ സമയം പ്രയോജനപ്പെടുത്തിയാൽ ആ മേഖലയിൽ ശോടിക്കാം.
⌚ നന്നായി പഠിക്കാൻ സമയം കണ്ടെത്തിയാൽ പരീക്ഷയിൽ ഉന്നത വിജയം എന്നത് പറയേണ്ടതില്ലല്ലോ?
⌚ പുതിയ എന്തെങ്കിലും ക്രാഫ്റ്റ് വർക്കുകൾ, പാചകം, തുടങ്ങിയവ പരിശീലിച്ചാൽ ജീവിതത്തിന് മുതൽക്കൂട്ടാവും.
⌚ വായന, എഴുത്ത് യാത്രകൾ തുടങ്ങിയവ അറിവും അനുഭവജ്ഞാനവും വർദ്ധിപ്പിക്കും.

ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾക്ക് നമ്മുടെ സമയം ഉപയോഗിക്കാം,

ആവർത്തനമാണ് നൈപുണ്യത്തിന്റെ അടിസ്ഥാനം എന്ന് എല്ലാവർക്കുമറിയാം. ഒരു കാര്യം നിരന്തരം ചെയ്യുമ്പോൾ ആ മേഖലയിൽ നമ്മൾ മികച്ച നൈപുണ്യമുള്ളവരായിത്തീരുന്നു. ഇത്തരത്തിൽ വളർത്തിയെടുക്കുന്ന അറിവും, കഴിവും, സ്കിൽസുമൊക്കെയാണ് മിക്കവരുടെയും ഭാവി നിർണ്ണയിക്കുന്നത്. അതു കൊണ്ട് തന്നെ നമ്മുടെ സമയം ഏത് കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നൂ എന്നതിന് നമ്മുടെ ഭാവിയിൽ വലിയ സ്വാധീനമുണ്ട്.

ഓരോ പുതു വർഷത്തത്തിലും ഒരു പാട് കാര്യങ്ങൾ ചെയ്യാനുള്ള പ്ലാനുകൾ എല്ലാവരുടെയും മനസ്സിലുണ്ടാവും. പക്ഷേ തുടങ്ങിയാലും, രണ്ടാഴ്ചക്കപ്പുറം ഒന്നും മുന്നോട്ട് പോകാറില്ല എന്നതാണ് മിക്കവരുടെയും പ്രശ്നം.

അവനവൻ കടമ്പ എന്നു പറയുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഊർജ്ജം പാഴാക്കാനുള്ള നമ്മുടെ മസ്തിഷ്ക്കത്തിന്റെ സ്വാഭാവികമായ വൈമുഖ്യമാണ് ഇവിടെ നമ്മുക്ക് തന്നെ വിനയാകുന്നത്.

ഇത് മറികടക്കാൻ ചില എളുപ്പ വഴികളുണ്ട്.

1. നമ്മുടെ ആഗ്രഹത്തെ /ലക്ഷ്യത്തെ ചെറുതാക്കി ഭാഗിക്കാം. അതായത് 5 കിലോ ഭാരം കുറക്കാൻ ഉദ്ധേശിച്ചയാൾ ഒരു കിലോ കുറക്കാൻ ആദ്യം തീരുമാനിക്കാം. അതു കഴിഞ്ഞ് അടുത്ത ഒരു കിലോ എന്ന രീതിയിൽ ലക്ഷ്യങ്ങൾ കയ്യെത്തുന്ന അകലത്തിൽ നിശ്ചയിക്കാം.

2. ഓരോ ചെറിയ ലക്ഷ്യം നേടുമ്പോഴും അത് സ്വയം ആഘോഷിക്കുക. അതായത് നമ്മുക്ക് ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചെയ്തു കൊണ്ട്, സ്വയം ട്രീറ്റ് ചെയ്യാം. സ്വന്തം തോളിൽ തട്ടി അഭിനന്ദിക്കാം.
ഇതൊക്കെ ചെയ്യാൻ കൂടെയൊരാളുണ്ടെങ്കിൽ ഉത്തമം. പക്ഷേ ആരുമില്ലെങ്കിലും നിർബന്ധമായും ആഘോഷിക്കുക. സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മുടെ മസ്തിഷ്ക്കം എപ്പോഴും കൂടെ നിൽക്കും

3. പുതിയ കാര്യങ്ങൾക്ക് സമയം ചിലവാക്കുന്നത് കുറഞ്ഞ സമയത്തിൽ നിന്നും തുടങ്ങുക.. ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച, 20 മിനുട്ട് മാത്രം ചിലവഴിച്ച് തുടങ്ങുക. 20 മിനുട്ട് എന്നത് പ്രധാനമാണ്. കൂടുതലായാൽ നമ്മുടെ മസ്തിഷ്ക്കം തന്നെ നമ്മെ പിന്തിരിപ്പിക്കും. പിന്നീട് പതിയെ 5 മിനുട്ട് വീതം കൂട്ടുക. രണ്ടു മാസം മുതൽ 3 മാസം വരെയുള്ള സമയത്തിൽ ഒരു മണിക്കൂർ എന്ന ലെവലിലേക്ക് എത്തിയാൽ മതിയാകും.

4. മൊബൈലിൽ, കമ്പ്യൂട്ടറിൽ, ടേബിളിൽ, ബെഡ് റൂമിൽ, ബാത്ത് റൂമിൽ, ചുമരിൽ, കാറിൽ തുടങ്ങി സാദ്ധ്യമായ സ്ഥലത്തെല്ലാം നമ്മുടെ ലക്ഷ്യം എഴുതി വയ്ക്കുക. മാത്രവുമല്ല ആഴ്ചയിൽ ഒരിക്കൽ അവയുടെ നിറം, വലിപ്പം, അക്ഷരങ്ങളുടെ ഘടന എന്നിവ മാറ്റുക. അല്ലാത്ത പക്ഷം സ്ഥിരം കാണുന്നവയെ നമ്മുടെ മനസ്സ് ശ്രദ്ധിക്കാതാവും.

5. നമ്മുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കാണാൻ, കേൾക്കാൻ പ്രത്യേകിച്ച് സംസാരിക്കാൻ ഉള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

വേറെയും പലതും ചെയ്യാമെങ്കിലും മിക്കവർക്കും ഇത്രയും കൊണ്ടു തന്നെ ഫലം കാണാറുണ്ട്.

നമ്മുടെ സമയം ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കുക എന്നതാണ് വിജയത്തിന്റെ സൂത്രവാക്യങ്ങളിലെ പ്രധാന ഘടകം.

നമ്മുടെ സമയം ഏറെ വിലപ്പെട്ടതാണ്. അത് എവിടെ ഉപയോഗിക്കുന്നുവോ അതിനനുസരിച്ചു റിട്ടേൺ നമ്മുക്ക് ലഭിക്കും.

2020ൽ നമ്മുടെ സമയം ഉപയോഗിക്കുന്നതിന്റെയും പാഴാക്കുന്നതിന്റെയും ആകെത്തുകയാവും 2021 ലെ നമ്മുടെ ഭാവി, എന്ന് പ്രത്യേകം ഓർക്കുക. എല്ലാവർക്കും 2020 ഒരു മികച്ച വർഷമായിത്തീരട്ടെ.

ഏവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക