Image

യഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

മൊയ്തീന്‍ പുത്തന്‍ചിറ Published on 29 December, 2019
യഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു
റോക്ക്‌ലാന്റ് (ന്യൂയോര്‍ക്ക്): യഹൂദ വംശജരുടെ മതാഘോഷമായ 'ഹനുക്ക' ആഘോഷത്തിനിടെ അക്രമിയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ മോണ്‍സി പട്ടണത്തിലാണ് സംഭവം നടന്നത്.

   ശനിയാഴ്ച രാത്രി തിങ്ങിനിറഞ്ഞ ആഘോഷത്തിനിടെയാണ് മോണ്‍സിയിലെ റബ്ബിയുടെ ബേസ്‌മെന്‍റ് സിനഗോഗില്‍ കത്തി ഉപയോഗിച്ച് ആക്രമണകാരി നാല് പേരെ കുത്തിയതെന്ന് മോണ്‍സി പോലീസ് അറിയിച്ചു. 

അക്രമത്തിനു ശേഷം  ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജിന് മുകളിലൂടെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് 2015 നിസ്സാന്‍ സെന്‍ട്ര കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി 38കാരന്‍ തോമസ് ഗ്രാഫ്റ്റനെ 144ാം സ്ട്രീറ്റിനും ഹാര്‍ലെമിലെ സെവന്‍ത് അവന്യൂവിനുമിടയ്ക്ക് വെച്ച് അര്‍ദ്ധരാത്രിയില്‍ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.

കേസ് അന്വേഷിക്കുന്ന സ്‌റ്റേറ്റ് പോലീസ് ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ പ്രതിയെ റോക്ക്‌ലാന്‍റ് കൗണ്ടിയിലേക്ക് കൊണ്ടുപോയി.

ആക്രമണത്തില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഒരാള്‍ മോണ്‍സിയിലെ ബേസ്‌മെന്‍റ് സിനഗോഗിലേക്ക് കത്തിയുമായി വന്ന് അവിടെ കൂടിയിരുന്നവരെ ആക്രമിക്കാന്‍ തുടങ്ങിയെന്ന് 65കാരനായ ആരണ്‍ കോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അയാള്‍ കത്തി വീശി ജനങ്ങള്‍ക്കരികിലേക്ക് ഓടുന്നത് കണ്ടപ്പോള്‍ ഭ്രാന്തമായ ആവേശത്തോടെ തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു. കൈയ്യില്‍ കിട്ടിയ ഫര്‍ണിച്ചറുകളെടുത്ത് അയാള്‍ക്ക് നേരെ ഞാന്‍ എറിഞ്ഞു,' കോഹന്‍ വിവരിച്ചു. 

50 മുതല്‍ 100 വരെ ആളുകളാണ് റബ്ബിയുടെ സിനഗോഗിനുള്ളിലുണ്ടായിരുന്നത്. 'റബ്ബി റോട്ടന്‍ബെര്‍ഗിന്‍റെ ഷൂള്‍' എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറിയപ്പെടുന്നത്.

അകത്ത് കടന്ന പ്രതി നാല് പേരെ കുത്തിയ ശേഷം പരിഭ്രാന്തിയിലായിരുന്ന അഞ്ചാമത്തെ വ്യക്തിക്കും കുത്തേറ്റു. ആക്രമണകാരി റബ്ബിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള സിനഗോഗിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രവേശനം തടഞ്ഞതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ആളുകള്‍ ഓടിപ്പോകുന്നതും നിലവിളിക്കുന്നതും പോലീസുകാരെ വിളിക്കുന്നതും താന്‍ കണ്ടതായി അയല്‍വാസിയായ 19 കാരനായ ലേസര്‍ ക്ലീന്‍ പറഞ്ഞു.

പരിക്കേറ്റവരെ വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിലേക്കും മോണ്ടെഫിയോര്‍ നയാക്ക് ഹോസ്പിറ്റലിലേക്കും കൊണ്ടുപോയതായി പോലീസ് അറിയിച്ചു.

ഓര്‍ത്തഡോക്‌സ് ജൂത സമൂഹത്തിനെതിരായ അക്രമസംഭവങ്ങള്‍ക്കിടയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഹനുക്കയുടെ കാലത്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ എട്ട് സെമിറ്റിക് വിരുദ്ധ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തീവ്രവാദ വിരുദ്ധ ബ്യൂറോ ട്വീറ്റ് ചെയ്തു.

റോക്ക്‌ലാന്‍റ് കൗണ്ടിയിലെ ഒരു സിനഗോഗില്‍ ഒന്നിലധികം ആളുകളെ കുത്തി പരിക്കേല്പിച്ച വാര്‍ത്ത എന്നെ ഞെട്ടിച്ചു എന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ക്വോമോ ട്വീറ്റ് ചെയ്തു.

'ന്യൂയോര്‍ക്കില്‍ യഹൂദവിരുദ്ധത കാണിക്കുന്നവരോട് ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ല, മാത്രമല്ല ആക്രമണകാരിക്ക് നിയമത്തിന്‍റെ പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യും,' അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

'ഇത് അതിഭയങ്കരമാണ്. ഞങ്ങളുടെ നഗരത്തിലെ നിരവധി ജൂത കുടുംബങ്ങള്‍ക്ക് റോക്ക്‌ലാന്റിലെ മോണ്‍സിയിലുള്ള സിനഗോഗുമായി അടുത്ത ബന്ധമുണ്ട്. യഹൂദര്‍ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്ന ഭയം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ജീവിതത്തില്‍ ആദ്യമായി, യഹൂദ വിശ്വാസത്തിന്‍റെ ബാഹ്യ അടയാളങ്ങള്‍ കാണിക്കാന്‍ ഭയപ്പെടുന്നു എന്ന് തന്റെ ദീര്‍ഘകാല സുഹൃത്തുക്കള്‍ പറയുന്നു' എന്ന് ന്യൂയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ ട്വീറ്റ് ചെയ്തു. 

മുന്‍ സംസ്ഥാന നിയമസഭാംഗവും 'അാലൃശരമി െഅഴമശിേെ അിശേലൊശശോെ ഴൃീൗു' സ്ഥാപകനുമായ ഡോവ് ഹിക്കിന്ദ് ആക്രമണത്തെ 'അവിശ്വസനീയമാണ്' എന്ന് വിശേഷിപ്പിച്ചു.

'ജെഴ്‌സി സിറ്റിക്കും ന്യൂയോര്‍ക്കിനും ഇടയില്‍ ഇപ്പോള്‍ ഇങ്ങനെയുള്ള വിദ്വേഷ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ് കാണുന്നത്. മനോരോഗികളായ ആക്രമണകാരികള്‍ക്ക് യഹൂദരെ ആക്രമിക്കാന്‍ ലൈസന്‍സും നല്‍കുന്നു,' ഡോവ് ഹിക്കിന്ദ് പറഞ്ഞു.

അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റിയ ജെയിംസും അക്രമത്തെ അപലപിച്ചു. 'ഇന്ന് രാത്രി ന്യൂയോര്‍ക്കിലെ മോണ്‍സിയില്‍ നടന്ന സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു' എന്ന് അവര്‍ ട്വീറ്റ് ചെയ്തു.

'ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ല. ഈ ഭയാനകമായ സാഹചര്യം ഞങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കും. ഇന്ന് രാത്രിയും എല്ലാ രാത്രിയും ഞാന്‍ യഹൂദ സമൂഹത്തോടൊപ്പം നില്‍ക്കുന്നു' എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

യഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റുയഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റുയഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക