Image

കളിയാക്കിയവരോട് നന്ദിയുണ്ടെന്ന് ഗ്രേസ്

Published on 29 December, 2019
കളിയാക്കിയവരോട് നന്ദിയുണ്ടെന്ന് ഗ്രേസ്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഗ്രേസ് ആന്റണി. ഇന്ന് നില്‍ക്കുന്നിടത്തോളം എത്താന്‍ താന്‍ താണ്ടിയ ദുരത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗ്രേസ് ആന്റണി. നടിയാകണമെന്ന് പറഞ്ഞതിന്, അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞതിന് അങ്ങനെ ഒരുപാട് തവണ അപമാനിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് താന്‍ മുന്നോട്ട് വന്നതെന്നും ആ കളിയാക്കലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ താനിന്നിവിടെ എത്തില്ലായിരുന്നുവെന്നും ഗ്രേസ് പറയുന്നു.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുയാണ് ഗ്രേസ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. ആരാകണമെന്ന് മാഷ് ചോദിച്ചപ്പോള്‍ നടിയാകണമെന്നായിരുന്നു ഗ്രേസ് നല്‍കിയ മറുപടി. അന്ന് എല്ലാവരും പൊട്ടിച്ചിരിച്ചുവെന്ന് ഗ്രേസ് പറയുന്നു. ഇതേ അനുഭവം തന്നെയായിരുന്നു അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോഴെന്നും താരം ഓര്‍ക്കുന്നു.
എന്നാല്‍ അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് അന്ന് പറഞ്ഞതും ഇന്നും പറയുന്നതും അന്തസോടെയാണെന്ന് ഗ്രേസ് പറയുന്നു. അച്ഛന്‍ ടൈല്‍ ഒട്ടിക്കാന്‍ പോകുന്ന കൂലിപ്പണിക്കാരന്‍ തന്നെയാണ്. അതൊരു കുറവായി തനിക്കൊരിക്കലും തോന്നയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. സ്‌കൂളില്‍ മാത്രമായിരുന്നില്ല, ആദ്യമായി ഡാന്‍സ് പഠിക്കാന്‍ പോയിടത്തും ഗ്രേസിന് സമാനമായ അനുഭവമായിരുന്നു ഉണ്ടായത്.


ഒപ്പമുണ്ടായിരുന്നത് പണക്കാരുടെ മക്കളായിരുന്നു. തന്നെ ഏറ്റവും പുറകിലേ നിര്‍ത്തൂ. ഫീസ് ഒരു ദിവസമെങ്കിലും വൈകിയാല്‍ അത് പറഞ്ഞ് കളിയാക്കുകയും പുറത്ത് നിര്‍ത്തുകയും ചെയ്യുമായിരുന്നുവെന്നും ഗ്രേസ് പറയുന്നു. നന്നായി കളിച്ചാലും ചിലപ്പോല്‍ അടിക്കുമായിരുന്നുവെന്നും ഗ്രേസ് ഓര്‍ക്കുന്നു. അതേസമയം, തന്റെ മനസിലെ തീയാണവര്‍ കൊളുത്തിയതെന്നും തന്നെ കളിയാക്കിയവര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഗ്രേസ് വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക