Image

ഹാട്രിക് വിജയലഹരിയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍

Published on 29 December, 2019
ഹാട്രിക് വിജയലഹരിയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍
ഈ വര്‍ഷം ഏത് നടന് അവകാശപ്പെട്ടതാണ് എന്ന് ചോദിച്ചാല്‍ ഒട്ടനവധി ഉത്തരങ്ങള്‍ പ്രേക്ഷകര്‍ തരും. എന്നാല്‍ ഈ വര്‍ഷം ഏത് നിര്‍മാതാവിന് അവകാശപ്പെട്ടതാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ സാധിക്കും അത് ലിസ്റ്റിന്‍ സ്റ്റീഫന് ഉള്ളതാണെന്ന്. ഇപ്പോള്‍ കേരളത്തിലെ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന രണ്ടു ചിത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെയാണ് എന്നത് ഈ വസ്തുതയെ കൂടുതല്‍ അടിവരയിടുന്നു. ആല്‍വിന്‍ ആന്റണിയോടൊപ്പം ചേര്‍ന്നു മാര്‍ഗംകളി എന്ന ചിത്രമാണ് ഈ വര്‍ഷം ആദ്യം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം. പിന്നീട് പൃഥ്വിരാജ് നായകനായെത്തിയ ഓണ ചിത്രം ബ്രദേഴ്സ് ഡേയും ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചു. ഈ രണ്ടു ചിത്രങ്ങളും തിയറ്ററില്‍ ശരാശരി അഭിപ്രായം മാത്രമാണ് നേടിയതെങ്കിലും ടോട്ടല്‍ ബിസിനസില്‍ രണ്ടു ചിത്രങ്ങളും വിജയചിത്രങ്ങള്‍ ആയിത്തീര്‍ന്നു. പിന്നീട് ദളപതി വിജയ് നായകനായി എത്തിയ ബിഗില്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും കരുത്ത് കാണിച്ചു.ഈ തമിഴ് ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയും ഒരു തമിഴ് ചിത്രത്തിന്റെ കേരളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും ചെയ്തു. പക്ഷെ വൈഡ് റിലീസ് ചട്ടങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ച് ലിസ്റ്റിനെ സംഘടന വിലക്കിയിരുന്നു .എന്നാല്‍ അതിലൊന്നും തളരാന്‍ അദ്ദേഹം തയ്യാറായില്ല.പിന്നാലെ നവംബറില്‍ ആസിഫ് അലി നായകനായ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഗംഭീര ചിത്രം തിയറ്ററുകളില്‍ എത്തിച്ചായിരുന്നു ലിസ്റ്റിന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. മാലാഖ തിയറ്ററില്‍ വിജയകരമായി അമ്പത് ദിവസം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ ലിസ്റ്റിന്‍ നിര്‍മിച്ച പ്രിഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക