Image

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ നാടകം 'അടുക്കള' ജനുവരി 3 ന്

Published on 28 December, 2019
 മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ നാടകം 'അടുക്കള' ജനുവരി 3 ന്

മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളയ്ക്കുശേഷം മുഴുനീള നാടകവുമായി മസ്‌കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു. എന്‍. ശശിധരന്‍ രചിച്ച 'അടുക്കള' എന്ന നാടകത്തിനു രംഗാവിഷ്‌കാരമൊരുക്കുന്നത് മസ്‌കറ്റിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പത്മനാഭന്‍ തലോറയാണ്.

ഷീനയും സുനില്‍ ദത്തും മുഖ്യ വേഷമിടുന്ന നാടകം 2020 ജനുവരി മൂന്നിന് (വെള്ളി) അല്‍ ഫെലാജ് ഹോട്ടലിലെ ഗ്രാന്‍ഡ് ഹാളിലാണ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്. വൈകുന്നേരം 5.30 മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിക്കും.

സ്ത്രീപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കഥയാണ് അടുക്കള. കപടസദാചാരസങ്കല്‍പ്പങ്ങളും ഹൃദയശൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഏറെ അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയാണ് അടുക്കള.

എന്‍.പി. മുരളി, വേണുഗോപാല്‍, രഞ്ജു അനു, സൗമ്യ വിനോദ്, അനുപമ സന്തോഷ്, ദിനേശ് എങ്ങൂര്‍, മോഹന്‍ കരിവെള്ളൂര്‍, വിനോദ് ഗുരുവായൂര്‍, മാസ്റ്റര്‍ ഹൃദത് സന്തോഷ്, ഇഷാനി വിനോദ്, വാമിക വിനോദ് എന്നിവരും വിവിധ വേഷങ്ങളിടുന്നു. പ്രതാപ് പാടിയില്‍ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും ഒരുക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത് സതീഷ് കണ്ണൂരാണ്. പ്രവാസ ലോകത്തെ നടീനടന്‍മാര്‍ മാത്രമാണ് നാടകത്തില്‍ വേഷമിടുന്നത്.

മസ്‌കറ്റിലെ നാടക വേദിയില്‍ സജീവമായിരുന്ന കേരള വിഭാഗം, മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ചിരുന്ന നാടകോത്സവങ്ങളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്നു. കേരള സംഗീത നാടക അക്കാദമി മസ്‌കറ്റില്‍ സംഘടിപ്പിച്ച നാടക മത്സരത്തിലും പ്രേക്ഷക ശ്രദ്ധ നേടിയ നാടകം അവതരിപ്പിക്കുവാന്‍ കേരള വിഭാഗത്തിന് കഴിഞ്ഞിരുന്നു.

നാടകത്തിന്റെ വിജയത്തിനായി പി.എം ജാബിര്‍ ചെയര്‍മാനും റെജു മറക്കാത്ത് കണ്‍വീനറുമായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. മസ്‌ക്കറ്റിലെ മലയാളി പ്രവാസ സമൂഹത്തിനു നല്‍കുന്ന മികച്ച പുതുവത്സര സമ്മാനമായി അടുക്കളയെ മാറ്റുവാനുള്ള പരിശ്രമത്തിലാണ് കേരള വിഭാഗത്തിന്റെ പ്രവര്‍ത്തകര്‍.

മലബാര്‍ ടാക്കീസ് റസ്റ്ററന്റ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ പി.എം.ജാബിര്‍, പത്മനാഭന്‍ തലോറ, സന്തോഷ് കുമാര്‍, റെജു മറക്കാത്ത്, മോഹന്‍ കരിവെള്ളൂര്‍, പ്രസാദ്, സജേഷ് കുമാര്‍, നിശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക