Image

അക്രമങ്ങള്‍ ഇഷ്ടമല്ല, പൊതുമുതല്‍ നശിപ്പിക്കരുത്, അക്ഷയ് കുമാറിന്റെ പ്രതികരണം ഇങ്ങനെ

Published on 28 December, 2019
അക്രമങ്ങള്‍ ഇഷ്ടമല്ല, പൊതുമുതല്‍ നശിപ്പിക്കരുത്, അക്ഷയ് കുമാറിന്റെ പ്രതികരണം ഇങ്ങനെ

മുംബൈ: രാജ്യത്തെ പൗരത്വ നിയമത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിലപാട് പറഞ്ഞത് ബോളിവുഡ് സൂപ്പര്‍ അക്ഷയ് കുമാര്‍. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അക്ഷയ് പറഞ്ഞു. പ്രതിഷേധങ്ങള്‍ ബോളിവുഡിനെ ബാധിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എനിക്ക് അക്രമങ്ങള്‍ ഇഷ്ടമല്ല. അത് വലതുപക്ഷം നടത്തുന്നതായാലും ഇടതുപക്ഷം നടത്തുന്നതായാലും ഇഷ്ടമല്ല. പൊതുമുതല്‍ ആരും നശിപ്പിക്കരുത്. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കൂ. എന്തെങ്കില്‍ പറയാനുണ്ടെങ്കില്‍ പോസിറ്റീവായി സാധിക്കൂ. പരസ്പരം സംസാരിച്ച്‌ തീര്‍ക്കൂ എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.


അതേസമയം നേരത്തെ ജാമിയയിലെ പ്രക്ഷോഭത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച ഒരു പോസ്റ്റിന് അക്ഷയ് കുമാര്‍ ലൈക്കടിച്ചിരുന്നു. എന്നാല്‍ ഇത് അറിയാതെ സംഭവിച്ചതാണെന്ന് അദ്ദേഹം പിന്നീട് തിരുത്തുകയും ചെയ്തു. ഇതിന് പിന്നാലെ അക്ഷയ് കുമാര്‍ നട്ടെല്ലില്ലാത്തവനാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ബോളിവുഡില്‍ നിന്ന് മറ്റ് സൂപ്പര്‍ താരങ്ങളൊന്നും പൗരത്വ നിയമത്തില്‍ പ്രതികരിച്ചിട്ടില്ല.


ഇതിനിടെ പൗരത്വ നിയമത്തിലെ പ്രതിഷേധത്തില്‍ ബോളിവുഡ് നടി സ്വര ഭാസ്‌കറും പങ്കുചേര്‍ന്നു. മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന പ്രതിഷേധത്തിലാണ് അവര്‍ പങ്കെടുത്തത്. തുടക്കം മുതല്‍ തന്നെ അവര്‍ പരസ്യമായി ഈ നിയമത്തെ വിമര്‍ശിക്കുന്നുണ്ട്. കോമഡി താരം വരുണ്‍ ഗ്രോവറും ആസാദ് മൈതാനില്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം നിയമത്തെ കുറിച്ച്‌ കൂടുതല്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു സെയ്ഫ് അലി ഖാന്റെ പ്രതികരണം.


ഇതിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച്‌ ഗായകന്‍ അദ്‌നാന്‍ സമി രംഗത്തെത്തി. പാകിസ്താന്‍ മുസ്ലീങ്ങളെ കുറിച്ച്‌ ആശങ്കപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ അതിര്‍ത്തി തുറക്കാന്‍ തയ്യാറാകണമെന്നും സമി പറഞ്ഞു. മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നതില്‍ അഭിമാനിക്കുന്നു. അവര്‍ ഇവിടെ സന്തോഷവാന്‍മാരാണെന്നും അദ്‌നാന്‍ സമി പറഞ്ഞു. മോദി സര്‍ക്കാര്‍ രഹസ്യ അജണ്ട നടപ്പാക്കുകയാണ് പൗരത്വ നിയമം വഴിയെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക