Image

നിത്യകല്യാണി ( കഥ: റാണി .ബി. മേനോന്‍ )

റാണി .ബി. മേനോന്‍ Published on 28 December, 2019
 നിത്യകല്യാണി ( കഥ:  റാണി .ബി. മേനോന്‍ )
ഞാന്‍ ഭാഗീരഥിയുടെ കുത്തൊഴുക്കിലേയ്ക്കും കലക്കത്തിലേയ്ക്കും നോക്കി നിശ്ശബ്ദയായിരുന്നു. എന്റെ ഉള്ളിലും ഒരുപാടൊരുപാട് ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എനിക്കരികില്‍ 'നിത്യകല്യാണി' എന്ന് ഞങ്ങള്‍ കളിയാക്കിവിളിച്ചിരുന്ന കല്യാണിക്കുട്ടിയമ്മയുണ്ടായിരുന്നു.
കല്യാണിയെ ഞങ്ങള്‍ നിത്യകല്യാണിയാക്കിയത്, കൂട്ടുകാരിയായ നിത്യയെ കളിയാക്കാനായിരുന്നു. നിത്യയോട് കല്യാണിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നതായിരുന്നു കാരണം.

ഓ! പറയാന്‍ മറന്നു, കല്യാണി ഞങ്ങളുടെ കോളേജ് ഹോസ്റ്റലിലെ പാചകക്കാരിയായിരുന്നു. സദാ ചളി പുരണ്ട ഒരു ഏപ്രണും ധരിച്ച് അവര്‍ അടുക്കളയിലും ഊണുമുറിയിലും സഞ്ചരിച്ചു. മടുപ്പിക്കുന്നതും മനംപുരട്ടിക്കുന്നതുമായൊരു ഗന്ധം അവരില്‍ നിന്നും സദാ പ്രസരിച്ചിരുന്നതിനാല്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും അവരില്‍ നിന്നും അകലം പാലിച്ചുപോന്നു.
ഹോസ്റ്റലിലെ ആദ്യ ദിവസങ്ങളില്‍ ഞങ്ങള്‍ അവരെ ശ്രദ്ധിച്ചിരുന്നില്ല. അവര്‍ പാത്രം കഴുകുന്നവരേയും അടിച്ചു തുടയ്ക്കാന്‍ വരുന്നവരേയും തുണക്കാരേയും ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് ഓടി നടന്നു. അവരില്‍ നിന്നും പുറപ്പെടുന്ന ദുര്‍ഗ്ഗന്ധത്തിനുമപ്പുറം അവരുടെ ആ വലിയ ശബ്ദവും ഞങ്ങളെ അവരില്‍ നിന്നകറ്റി.

ഹോസ്റ്റല്‍ തുറന്ന് ഏകദേശം ഒരു മാസത്തിനു ശേഷമായിരുന്നു നിത്യകല്യാണി ഞങ്ങളുടെ ജീവിതത്തിലേക്ക് കയറി വന്നത്. രാത്രിയിലെ ഒരു നനുത്ത മുട്ടിനു മുന്നില്‍ തുറക്കപ്പെട്ട വാതില്‍ക്കല്‍ ഒരു കിണ്ണം നിറയെ ഉണ്ണിയപ്പവുമായി അവര്‍ എനിക്കും നിത്യക്കും മുന്നില്‍ ചിരിച്ചു നിന്നു. ആദ്യം തോന്നിയതൊരമ്പരപ്പാണ്. മുന്നില്‍ നിന്ന എന്നെ ഇടം കയ്യാല്‍ അകറ്റി അവര്‍ ഉണ്ണിയപ്പം നിത്യക്കു നേരെ നീട്ടി. കല്യാണി അവളോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചത് എന്നെപ്പോലെ അവളും ശ്രദ്ധിച്ചിരുന്നു. എന്തോ ഒരപകടം മണത്ത ഞങ്ങള്‍ പരസ്പരം നോക്കി. ഞാന്‍ ധൈര്യപൂര്‍വ്വം കൈ നീട്ടി ഉണ്ണിയപ്പം വാങ്ങി. അതിന്റെ ഹൃദ്യമായ സുഗന്ധത്തില്‍ കല്യാണിയുടെ ദുര്‍ഗ്ഗന്ധം മാഞ്ഞുപോയിരുന്നു. പോരാത്തതിന് പതിവിനു വിപരീതമായി അവര്‍ ജോലികളെല്ലാം തീര്‍ത്ത് കുളിച്ച് മുണ്ടും നേര്യതും ധരിച്ചാണു വന്നത്.
ഞങ്ങളുടെ മുറിക്കെതിരെയുള്ള മേട്രന്റെ മുറിയില്‍ വെളിച്ചം തെളിഞ്ഞതോടെ കല്യാണി പെട്ടെന്ന് പുറത്തിറങ്ങി ഇരുട്ടില്‍ മറഞ്ഞു.
'എനിക്ക് വേണ്ട ആയ്‌മേടെ ഉണ്ണിയപ്പം'. നിത്യ ദേഷ്യത്തോടെ പറഞ്ഞു.
'അവരാളു ശരിയല്ല. നീയതു കളഞ്ഞേ' അവള്‍ നിര്‍ബന്ധം പിടിച്ചു.
ഞാനതു കളയാനൊന്നും തയ്യാറായില്ല.
'ഓ ഇതു തിന്നിട്ട് മരിക്ക്യോറ്റിയാണെങ്കിലങ്ങ് മരിക്കട്ടേ' ഞാന്‍ പ്രഖ്യാപിച്ചു. അതിനുശേഷം
ഫിസിക്‌സ് പുസ്തകം അടച്ച്, ഉണ്ണിയപ്പപ്പാത്രം മുന്നിലേക്ക് നീക്കി വച്ച് തിന്നാന്‍ തുടങ്ങുകയും, ഇടയ്ക്കിടയ്ക്ക് രുചി ശബ്ദങ്ങളുണ്ടാക്കി, വേണോ എന്ന് ആംഗ്യത്താല്‍ ചോദിച്ച് നിത്യയെ ശുണ്ഠി പിടിപ്പിച്ച് ആസ്വദിക്കുകയും ചെയ്തു.
'ഓറഗോഗ്പീവിയാറ്റെ' അവള്‍ ദേഷ്യപ്പെട്ടു. അത് ഞങ്ങളുടെ കോഡ് ആണ്. അക്കാലത്ത് എനിക്കല്പം 'ബുദ്ധി ജീവി സിന്‍ഡ്രോം ' ഉണ്ടായിരുന്നതുകൊണ്ടാണോ എന്നറിയില്ല, സഹപാഠികളായ പെണ്‍കുട്ടികള്‍ മില്‍സ് & ബൂണ്‍ വായിക്കുകയും പ്രണയപരവശരായി ഭവിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ഓറയെക്കുറിച്ചും, ഒരോരുത്തരിലുമുള്ള ഓറ തിരിച്ചറിഞ്ഞ് ആളുകളുടെ സ്വഭാവം വിശകലനം ചെയ്യാന്‍ ഉതകിയേക്കാവുന്ന ഓറ ഗോഗിളിനെക്കുറിച്ചും, വാനശാസ്ത്രത്തെക്കുറിച്ചും സംസാരിച്ച്, സാമാന്യം നന്നായി അവരെ ബോറടിപ്പിച്ചു. ഭക്ഷണത്തോടുള്ള എന്റെ 'അഗാധ പ്രണയം' തുറന്നു പ്രകടിപ്പിക്കുകയും പെരുവയറിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ, തനി നാട്ടിന്‍ പുറത്തുകാരിയായ എന്റെ പല പ്രയോഗങ്ങളിലും 'റ്റെ' തെളിഞ്ഞ ഒന്നായി നിലകൊണ്ടു.(ഞാനെപ്പോഴും
'അങ്ങിന്യോറ്റെ' എന്നും,
'അവര്‍ക്കോറ്റെ' എന്നും പറഞ്ഞിരുന്നു.) നഗര സന്തതിയായ നിത്യക്ക് വീണുരുണ്ടു ചിരിക്കാന്‍ അതിലേറെയൊന്നും വേണ്ടായിരുന്നു. അവളങ്ങനെ എന്നെ 'ഓറഗോഗ്പീവിയാറ്റെ' ആയി അവരോധിച്ചു. അതിലെനിക്ക് വിഷമമൊന്നുമുണ്ടായില്ല.

പിന്നീടും പലവട്ടം കല്യാണി ഞങ്ങളുടെ ജീവിതത്തില്‍ രുചിയുള്ള ഭക്ഷണം നിറച്ച പാത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടു.അതെല്ലാം നിത്യക്കു വേണ്ടിയായിരുന്നെന്നറിഞ്ഞുകൊണ്ടു തന്നെ നിര്‍ലജ്ജം തിന്നു തീര്‍ത്തത് ഞാനായിരുന്നു.
'ഭക്ഷണം എന്തു പിഴച്ചു' എന്നായിരുന്നു എനിക്കതിനുള്ള ന്യായം.
ഭക്ഷണം ഇഷ്ടപ്പെട്ടുവെങ്കിലും, എനിക്ക് കല്യാണിയുടെ പെരുമാറ്റത്തിലും ഒളിച്ചുകളിയിലും അസ്വസ്ഥത തോന്നിയിരുന്നു. എന്തുകൊണ്ടോ അന്നതവരോട് തുറന്നു പ്രകടിപ്പിക്കാന്‍ ഞാന്‍ ഭയന്നിരുന്നു. ഭക്ഷണം മുടങ്ങുമോ എന്ന ഭയമായിരുന്നില്ല, വേണ്ടാത്തതു കേള്‍ക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതു പുറത്തു വരുത്തിക്കാതിരിക്കുകയാണെന്നൊരു സിദ്ധാന്തം ഞാന്‍ അന്നേ രൂപവല്‍ക്കരിച്ചിരുന്നു. ഇന്നും അതിനു മാറ്റം വരുത്തേണ്ടി വന്നിട്ടില്ല. പല അവസരങ്ങളിലും അനാവശ്യ വെളിപ്പെടുത്തലുകള്‍ കേള്‍ക്കുന്നതില്‍ നിന്നും അതെന്നെ രക്ഷിച്ചിരുന്നു. ഇന്നും രക്ഷിക്കുന്നു.

ഹോസ്റ്റലില്‍ വര്‍ഷത്തിലൊരിക്കല്‍ സര്‍വന്റസ് ഡേ നടത്തിയിരുന്നു. അന്ന് അന്തേവാസികളാണ് പാചകം, ജോലിക്കാര്‍ കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കാന്‍ വരിക മാത്രം ചെയ്തു. ഹോസ്റ്റല്‍ സ്‌റ്റോറിന്റെ ഉള്ളുകള്ളികളിലേക്കുള്ള യാത്രകള്‍ ഞങ്ങളെല്ലാം ആസ്വദിച്ചിരുന്നു. പിന്നെ, ഞങ്ങളെല്ലാം തീര്‍ത്തുകളയുമോ എന്ന ഭയത്താല്‍ ഇടയ്ക്കിടെ എത്തി നോക്കിയിരുന്ന മെസ്സ് മാനേജരെ പരിഹസിച്ചു ചിരിക്കാനും ഞങ്ങള്‍ക്കിഷ്ടമായിരുന്നു.
അന്ന് കല്യാണി നിത്യയെ തൊട്ടുതൊട്ട് അടുക്കളയില്‍ കറങ്ങി നടക്കുന്നത് എല്ലാവരും ശ്രദ്ധിക്കുകയും അവര്‍ക്ക് നിത്യകല്യാണി എന്ന വിളിപ്പേരു വീഴുകയും ചെയ്തു.

'ഛേ തള്ളേ നിങ്ങളൊന്നു മാറി നിന്നേ' എന്ന നിത്യയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് ഞാനോടിയെത്തിയത്. കല്യാണി സ്തബ്ധയായി നിന്നു. കുടുകുടാ കണ്ണീരൊഴുകി അവരുടെ മുഖം നനഞ്ഞു. എനിക്കു പാവം തോന്നിയെങ്കിലും നിത്യയുടെ രോഷം ശമിച്ചില്ല. അവളുടെ പരാതിയെത്തുടര്‍ന്ന് അവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
അവരിറങ്ങിപ്പോയ ദിവസം ഇന്നും ഞാനോര്‍ക്കുന്നു.ചെറിയൊരു ഭാണ്ഡവും പേറി യാത്ര പറയാന്‍ മുറിവാതില്‍ക്കലവരെത്തി. കണ്ണു നിറഞ്ഞിരുന്നു. കണ്ണീരിനിടയിലും തെളിഞ്ഞ സ്‌നേഹവും വാത്സല്യവും നിറച്ച നോട്ടം നിത്യക്കു നേരേ നീണ്ടു. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു കളഞ്ഞു. നിശ്ശബ്ദം യാത്ര ചോദിച്ച് അവരിറങ്ങിപ്പോയി.
ഞാന്‍ അന്ന് ജീവിതത്തില്‍ ആദ്യമായും അവസാനമായും നിത്യയെ ശാസിച്ചു. അവള്‍ അന്തസ്സില്ലാത്തവളും, ദയവു തൊട്ടു തീണ്ടാത്തവളും ആണെന്ന് പറഞ്ഞ് ഒച്ചവച്ചു. നിന്റെയൊക്കെ ഡിഗ്രി എന്തിനാണെന്നലറി.അവള്‍ക്ക് കുലുക്കമൊന്നുമുണ്ടായില്ല.
ഞങ്ങളുടെ പഠനവും സഹമുറി വാസവും അവസാനിക്കും വരെ ഞാനും അവളും ഞങ്ങള്‍ക്കിടയിലേക്ക് കല്യാണി കടന്നു വരാതെ ബോധപൂര്‍വം ശ്രദ്ധിച്ചു.

പഠനം കഴിഞ്ഞു ഞാന്‍ ശാസ്ത്രത്തൊഴിലാളിയായും അവള്‍ പേനയുന്തു തൊഴിലാളിയായും പരിണമിച്ചു.
ജീവിതം ഞങ്ങളെ ദൂരത്തയച്ചെങ്കിലും സൗഹൃദം നിലനിന്നു.
വീണ്ടുമൊരിക്കല്‍ ഞാന്‍ കല്യാണിയെ കണ്ടു. അമ്പലത്തിലേക്കു പോകുന്ന വഴിയില്‍. നര വീണ നീണ്ട മുടിയില്‍ വിരലുകളോടിച്ച് മുണ്ടിന്റെ കോന്തല എടുത്തു കുത്തി, വലിയൊരു തോര്‍ത്ത് മേല്‍മുണ്ടാക്കി കല്യാണി മുന്നില്‍ നിന്നു ചിരിച്ചു. അടുത്തെവിടെയോ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണെന്നും, നല്ല വീട്ടുകാരാണെന്നും പറഞ്ഞു. എനിക്ക് ഓണാവധിയൊന്നുമില്ലെന്നു കേട്ട്
'ഭൂമി മലയാളത്തില്‍ ഓണമില്ലാത്തൊരിടമോ'
എന്ന് അത്ഭുതം കൂറുകയും നിത്യയെക്കുറിച്ച് വാത്സല്യപൂര്‍വ്വം സംസാരിക്കുകയും ചെയ്തു.

പിന്നീടിതവളോടു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് കല്യാണി ജോലി ചെയ്യുന്നത് അവളുടെ മുത്തച്ഛന്റെ വീട്ടിലാണ് എന്നും, അവരവിടെ ഉള്ളതിനാല്‍ കഴിവതും അവിടെപ്പോവുന്നതൊഴിവാക്കും എന്നുമാണ്. മുത്തച്ഛന്‍ രോഗിയാണെന്നും, മുത്തച്ഛനെ കുളിപ്പിക്കുന്നതും, ടോയ്‌ലെറ്റില്‍ വരെ കൊണ്ടുപോകുന്നതും എന്നു വേണ്ട ഒരു കുഞ്ഞിനെപ്പോലെ പരിപാലിക്കുന്നതും കല്യാണിയാണെന്നും, മുത്തശ്ശിക്ക് അവരൊരു വലിയ സഹായമാണെന്നും അവളുടെ അമ്മയും നന്ദിയോടെ കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് നിത്യയും കല്യാണിയുമായുള്ള പ്രശ്‌നം അറിയില്ലെന്ന് തോന്നി എനിക്ക്. അവള്‍ പറഞ്ഞിരിക്കില്ല.
പിന്നെയും കുറേക്കഴിഞ്ഞ് ഞാന്‍ ട്രെക്കിംഗില്‍ ഭ്രമം കയറി ഊരുതെണ്ടാന്‍ തുടങ്ങിയപ്പോള്‍ നിത്യയെ അറിയിച്ചിരുന്നു. അവള്‍ പതിഞ്ഞ ചിരിയോടെ പറഞ്ഞു
'ഭാഗ്യവതി ആരുടേയും ഉത്തരവാദിത്വം ഇല്ലല്ലോ. അപ്പൂപ്പന്‍ താടി പോലല്ലേ നിന്റെ ജീവിതം പോയി വാ.'
മകനെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നതിലേക്കും, ഭര്‍ത്താവിന്റെ ചോറ്റുപാത്ര ആവശ്യങ്ങളിലേക്കുമായി അവളപ്പോഴേക്കും ചുരുങ്ങിയിരുന്നു.

ഗോമുഖ് ട്രെക്കിംഗിനു വേണ്ടി ഗംഗോത്രിയിലെ സൂര്യകുണ്ഡിനു മുന്നിലുള്ള ഒരു ലോഡ്ജില്‍ ഞാന്‍ താമസിച്ചിരുന്നു. വരാന്തയില്‍, സൂര്യകുണ്ഡിലെ ധൂളികളില്‍ മനം നിറഞ്ഞ് നില്‍ക്കവേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് നിത്യകല്യാണി എന്റെ മുന്നില്‍ അവതരിച്ചു. അവരെന്നെ തിരിച്ചറിഞ്ഞു. ആ ലോഡ്ജില്‍ ജോലിക്ക് നില്‍ക്കുകയൃണെന്നും, 'കൈ ഒഴിയുമ്പോള്‍' മുറിയിലേക്ക് വരാമെന്നും പറഞ്ഞു മാഞ്ഞു പോയി.

വൈകുന്നേരം ഗംഗോത്രിയിലെ ചെറിയ ക്ഷേത്രത്തിനു മുന്നിലുള്ള കല്‍പ്പടവില്‍ ഞങ്ങളിരുവരും ഇരുന്നു. ഞാനും, കല്യാണിയും. തൊട്ടു താഴെ അലറി വിളിച്ച് കൂലം കുത്തി ഭാഗീരഥി സൂര്യകുണ്ഡിലേക്ക് ഒഴുകിയെത്തുന്നതിനു തൊട്ടു മുകളിലായിരുന്നു കല്‍പ്പടവുകള്‍.

എന്റെ ജീവിതത്തില്‍, ഞാനിന്നുവരെ കേട്ടിട്ടുള്ളതില്‍ വച്ചേറ്റവും മനോഹരമായ പ്രണയകഥകളിലൊന്ന്, എഴുപതുകള്‍ താണ്ടിയ, ഔപചാരിക വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത കല്യാണി എനിക്ക് പറഞ്ഞു തന്നതാണ്.
അത് കല്യാണിയുടെ ജീവിതം തന്നെയായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരു ജീവിതം മുഴുവന്‍ പ്രണയിച്ചുകൊണ്ടിരിക്കുക. എനിക്കത് വളരെ മനോഹരമായിത്തോന്നി.
നാട്ടു പ്രമാണിയുടെ മകനായിരുന്ന ഒരു പഠിത്തക്കാരന്‍ കുട്ടിക്കൃഷ്ണന്‍ നായര്‍. അടുത്ത വീട്ടിലെ ദരിദ്രയായ കല്യാണിയില്‍ തന്റെ പ്രണയം വിതച്ചു. അതൊരു കുഞ്ഞായി പിറന്നപ്പോള്‍ അയാളവരെ കയ്യൊഴിഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ അമ്മ ദാക്ഷായണിയമ്മ ആരുമറിയാതെ വീട്ടിലെ കാര്യസ്ഥന്‍ വഴി അവര്‍ക്ക് സഹായമെത്തിച്ചു. ഒരു പനി ബാധിച്ച് കുഞ്ഞ് മരിച്ചതോടെ കല്യാണി ആരുമില്ലാത്തവളായി. ദാക്ഷായണിയമ്മയും കിടപ്പിലായതോടെ ദാരിദ്ര്യവും അനാഥത്വവും കല്യാണിയെ ചൂഴ്ന്നു നിന്നു. കല്യാണി നാടുവിട്ടു പലയിടത്തും നിന്ന് ഒടുവില്‍ ഞങ്ങളുടെ ഹോസ്റ്റലിലെത്തി.
'അവിടെ വച്ചാണ് നിത്യക്കുട്ടി അദ്ദേഹത്തിന്റെ കൊച്ചുമോളാണെന്ന് ഞാനറിഞ്ഞത്. അദ്ദേഹത്തിന് ജീവനായിരുന്നു ഉണ്ണിയപ്പം. എന്തോ ആ കുട്ടിയ്ക്കും അതിഷ്ടാവും ന്ന് എനിക്ക് തോന്ന്യോണ്ടാ അന്ന് ഞാന്‍'...
കല്യാണി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
'ആ കുട്ടിക്കെന്തോ എന്ന്യങ്ങട് പിടിച്ചില്യാ ന്നു തോന്നണു.'
'ഞാനും ആ കുട്ട്യോട് ന്താ പറയ്യാ'
ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട കല്യാണി വീണ്ടും പലയിടത്തും ജോലിക്ക് നിന്ന് ഒടുവിലെത്തിച്ചേര്‍ന്നത് കുട്ടിക്കൃഷ്ണന്‍ നായരുടെ വീട്ടില്‍!!!

'ഞാനവിടെത്തുമ്പോഴക്ക് അദ്യത്തിനു വയ്യാണ്ടായേര്‍ന്നു. ആയമ്മേം വല്യ ആപ്പീസറൊക്കെ ആയിരുന്നുത്രേ. പറഞ്ഞിട്ടെന്താ, ഒന്നിനും ഒരു മര്ങ്ങ്ണ്ടാര്‍ന്നില്യ. പിന്നെ ഞാനവിടങ്ങടു കൂടി. ദൈവത്തിന്റെ ഓരോരോ കളികള്, അല്ലാണ്ടെന്താ പറയ്യാ കുട്ട്യേ'
'പാവം, വയ്യാണ്ടേ ഒട്ടനവധി കാലം കെടന്നു, വല്ലാണ്ടേ സങ്കടപ്പെട്ടൂ ഞാന്‍'
'അദ്ദേഹം തിരിച്ചറിഞ്ഞോ കല്യാണിയെ?'
അറീല്യാ, അതോണ്ടെന്താ വിശേഷം കുട്ട്യേ, നിക്ക് മനസ്സിലായീല്ലോ. അദ് മതി'
ഒന്നു നിര്‍ത്തിയിട്ട് കല്യാണി തുടര്‍ന്നു
'നമ്മടെ പൊഴ ഓര്‍ക്കണ്ടോ കുട്ടി? കടലെത്താറാവ്‌ണേന്റെ നുമ്പ്, ഒഴ്കണതും ഒഴ്കാത്തതും ഒന്നന്യാ. ഈ കുതിപ്പും കെതപ്പ്വൊക്കെ തൊടക്കത്തിലേ ള്ളൂ കുട്ട്യേ.'
ഞാന്‍ കണ്ണിമയ്കാതെ കല്യാണി എന്ന ആ വലിയ തത്ത്വചിന്താ ഗ്രന്ഥത്തില്‍ നോക്കിയിരുന്നു.
'കല്യാണിക്ക് നിത്യേടെ മുത്തശ്ശനോട് ദേഷ്യം വന്നില്ലേ?'
'ന്താ കുട്ട്യേ ഇപ്പറേണത്, ദേഷ്യോ? അദ്ദേഹത്തിനോടോ? ദാ, പ്പ വരെ ന്റെ പ്രാണന്റെ പ്രാണനാ'.
ആ ചോദ്യം ചോദിച്ചതില്‍ എനിക്ക് ലജ്ജ തോന്നി.

'ഒന്നു മുങ്ങീട്ട് വരാം' കല്യാണി എഴുന്നേറ്റു.
'ഈ തണുത്ത വെള്ളത്തിലോ?'
'ശീലായ കൊഴപ്പല്യാ. '
പിടിച്ചു മുങ്ങാന്‍ കല്‍പ്പടവില്‍ എത്തെ ചങ്ങല കെട്ടിയിരുന്നു.
മുങ്ങാന്‍ തുടങ്ങിയ കല്യാണിയോട് ഞാന്‍ വീണ്ടും ചോദ്യമെറിഞ്ഞു.
'നിത്യേടെ മുത്തശ്ശിക്കറിയാരുന്നോ?'
'അറിയാരുന്ന... അത്രയേ കേട്ടുള്ളൂ ഞാന്‍.
കല്യാണി കാല്‍ വഴുതി വീഴുന്നതാണ് പിന്നെ കണ്ടത്. ആളുകളോടി കൂടുമ്പോഴേയ്ക്കും കല്യാണി അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.
ഞാനലറിവിളിച്ചു.

എന്റെ മുത്തശ്ശിയാണതെന്നു കരുതി ആളുകള്‍ എന്റെ നേരെ തിരിഞ്ഞു. കല്യാണിയെ കാണാതെ തിരഞ്ഞെത്തിയ ലോഡ്ജിലെ ജോലിക്കാരനാണെന്നെ ജനരോഷത്തില്‍ നിന്നും രക്ഷിച്ചത്.
'വോ ഇന്‍കാ കോയീ നഹീ ഹേ'
അയാള്‍ പറഞ്ഞു
' മാ ജീ തോ അമ് രെ ഇസ്റ്റാഫ് ഹേ'.
'ഉന്‍ഹേ ജാനേ ദീജിയേ'
'വൈസാ ഭീ ഇസ് ദുനിയാ മേം ഉന്‍കാ കോയീ നഹീ ഥേ'.
ശരിയാണ് കര്‍മ്മകാണ്ഡങ്ങളെല്ലാം തീര്‍ന്ന കല്യാണി ആര്‍ക്കു വേണ്ടിയാണിനി ജീവിക്കേണ്ടിയിരുന്നത്?

ലോഡ്ജില്‍ തിരിച്ചെത്തിയപ്പോള്‍ നിത്യയുടെ കുറേ മിസ്ഡ് കാളുകള്‍ കണ്ടു.
തിരിച്ചു വിളിച്ചപ്പോള്‍ അവള്‍ പറയുന്നു
'നീ ഇപ്പോള്‍ ഗംഗോത്രിയിലല്ലേ?'
'നിനക്കറിയ്വോന്തോ, അമ്മമ്മ പറഞ്ഞാ അറിഞ്ഞത്,
കല്യാണി അവിടെവിടേയോ ഉണ്ടത്രെ. ചെറിയ സ്ഥലമല്ലേ, നീയൊന്നന്വേഷിച്ചു നോക്ക്. ചിലപ്പോള്‍ കണ്ടെത്താന്‍ പറ്റിയേക്കും.'
അവള്‍ തുടര്‍ന്നു
'മുത്തശ്ശന്‍ മരിച്ച ശേഷം നാട്ടിലെ ഏതോ ഒരു ഗ്രൂപ്പിനൊപ്പം കല്യാണി ചാര്‍ധാം യാത്രയ്ക്ക് പോയത്രേ. ഗംഗോത്രീലെത്തീപ്പോ ഇനി തിരിച്ചു വരണില്ല്യാന്ന് പറഞ്ഞ് അവിടെ കൂടീന്നാ കേട്ടത്. അമ്മമ്മയ്ക്ക് തീരെ വയ്യ. അവരിപ്പോ എന്റൊപ്പാ, എന്റെ ജോലിത്തിരക്കിനെടേല് എനിക്ക് എല്ലാരുടേം കാര്യം നോക്കാന്‍ പറ്റ്ണില്ല്യാ. ഇവിടെയാണെങ്കില്‍ വിശ്വസിക്കാവുന്ന ഒന്നിനേം കിട്ടാനൂല്ല. നീയൊന്നന്വേഷിക്ക്, പ്ലീസ് ഡാ'.

ഞാനൊന്നു മൂളിയിട്ട് ഫോണ്‍ ഓഫ് ചെയ്തു.
നിത്യേടെ അമ്മമ്മയ്ക്കറിയ്യോ എന്ന ചോദ്യത്തിന്റെ ഉത്തരം അപ്പോള്‍ എനിക്ക് മനസ്സിലായി. ആ ചോദ്യത്തിനുള്ള ഉത്തരം മുഴുമിക്കാതെയായിരുന്നല്ലോ കല്യാണി പോയത്.

ചില മനുഷ്യരങ്ങിനെയാണ് നിത്യകല്യാണിയെപ്പോലെ  ഭൂമിയെ നോവിക്കാതെ നടക്കുകയും ഓര്‍മ്മകളൊന്നും ബാക്കി വയ്ക്കാതെ, സുഗന്ധം കാറ്റിനു നല്‍കി മാഞ്ഞു പോകുന്നൊരു കര്‍പ്പൂരത്തരി പോലെ............
പ്രണയമെന്നത് ആദിമദ്ധ്യാന്തങ്ങളില്ലാത്ത, ഉടമ്പടികളില്ലാത്ത (അതുകൊണ്ടുതന്നെ ഉടമ്പടി ലംഘനങ്ങളുമില്ലാത്ത) മനുഷ്യത്വം മാത്രമാണെന്നോര്‍മ്മപ്പെടുത്തിക്കൊണ്ട്.

 നിത്യകല്യാണി ( കഥ:  റാണി .ബി. മേനോന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക