Image

അവര്‍ക്ക് പാര്‍ക്കാന്‍ വന്‍ തടങ്കല്‍പ്പാളയങ്ങള്‍ (ശ്രീനി)

Published on 27 December, 2019
അവര്‍ക്ക് പാര്‍ക്കാന്‍  വന്‍ തടങ്കല്‍പ്പാളയങ്ങള്‍ (ശ്രീനി)
ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെപ്പറ്റി കേള്‍ക്കുന്നത് തന്നെ ഞെട്ടലുളവാക്കുന്നതാണ്. 1940 കളുടെ ആദ്യം മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെയും കൂട്ടക്കൊലകളുടെ പരന്രയായ 'ഹോളൊകോസ്റ്റി'ന്റെയും ഭാഗമായി നാസികള്‍ അവരുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരില്‍ അതിക്രൂരമായ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. റൊമാനി ജനത, സിന്റി, പോളീഷുകാര്‍, സോവിയറ്റ് യുദ്ധത്തടവുകാര്‍, അംഗവൈകല്യമുള്ളവര്‍, ജര്‍മന്‍കാര്‍, മുഖ്യമായും ജൂതന്മാര്‍ എന്നിവരായിരുന്നു ഈ നരനായാട്ടിന്റെ പ്രധാന ഇരകള്‍.

തടവില്‍ ഉള്ളവരുടെ യാതൊരു സമ്മതവും ഇല്ലാതെ നടത്തിയ ഈ പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ മരണമോ, അതീവ മാനസിക ആഘാതമോ, സ്ഥിരമായ അംഗവൈകല്യമോ ഒക്കെയായിരുന്നു സംഭവിച്ചിരുന്നത്. തങ്ങളുടെ പട്ടാളക്കാര്‍ക്ക് ഉണ്ടായാല്‍ നേരിടാന്‍ ആ അവസ്ഥകള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കാനും പുതിയ ആയുധങ്ങള്‍ വികസിപ്പിക്കാനും ആണ് പലപ്പോഴും ഇവ ചെയ്തത്. സ്വവര്‍ഗ ലൈംഗികത ചികില്‍സിച്ചു ഭേദമാക്കാനും പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ഗ്യാസ് ചേമ്പറുകളില്‍ ആളുകളെ കൂട്ടക്കുരുതിക്ക് വിധേയരാക്കിയതും നരനൃശംസതയുടെ ഭീതിപ്പെടുത്തുന്ന ഗതകാല ചരിത്രം.

ഇന്ത്യയില്‍ ഹിറ്റ്‌ലര്‍ മോഡല്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറക്കപ്പെട്ടിട്ടില്ലെങ്കിലും, പൗരത്വ പ്രശ്‌നം കത്തിക്കാളിനില്‍ക്കെ വന്‍ തടങ്കല്‍പ്പാളയങ്ങള്‍ (ഡിറ്റന്‍ഷന്‍ ക്യാമ്പ്) ഉയരുകയാണ്. ഇന്ത്യയില്‍ തടങ്കല്‍പ്പാളയങ്ങളില്ലെന്ന് ഡല്‍ഹിയിലെ രാം ലീലാ മൈതാനത്ത് ഡിസംബര്‍ 22ന് നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോഴും അസമിലെ ഗ്വാല്‍പാഡയില്‍ പുതിയ തടങ്കല്‍പ്പാളയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പൗരത്വം തെളിയിക്കാന്‍ സാധിക്കാത്തവര്‍ കൂട്ട തടങ്കലിലാവുമെന്നതില്‍ തര്‍ക്കമില്ല. പൗരത്വ പ്രശ്‌നത്തിന്റെ സ്‌ഫോടനാത്മകമായ വഴിത്തിരിവായിരിക്കുമിത്.

ദേശീയ പൗരത്വ പട്ടിക (നാഷണല്‍ രജിസ്ട്രി ഒഫ് സിറ്റിസന്‍ഷിപ്പ്-എന്‍.ആര്‍.സി) ഉണ്ടാക്കിയ ആദ്യ സംസ്ഥാനമാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസം. 2019 ഓഗസ്റ്റ് 31നാണ് അസമിലെ ഇന്ത്യന്‍ പൗരത്വമുള്ളവരുടെ അന്തിമപട്ടിക പുറത്തുവന്നത്. അതില്‍നിന്ന് 19 ലക്ഷത്തിലേറെപ്പേര്‍ പുറത്തായിരുന്നു. ഇവര്‍ക്ക് പൗരത്വം തെളിയിക്കാനായി ഫോറിനേഴ്‌സ് ട്രിബ്യൂണലിനെ സമീപിക്കാന്‍ 120 ദിവസം സമയം നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ നിന്നും മറ്റുമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായി പുറത്തിറക്കിയതാണ് പൗരത്വ പട്ടിക. ബംഗ്ലാദേശില്‍ നിന്ന് ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, അനധികൃത കുടിയേറ്റക്കാരായി ഇന്ത്യ പ്രഖ്യാപിച്ച ആരെയും സ്വീകരിക്കാനാവില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.

ഗുവാഹട്ടിയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ ഗ്വാല്‍പാഡയിലെ മാട്ടിയയിലുള്ള വനപ്രദേശത്ത് നിര്‍മിക്കുന്ന തടങ്കല്‍പ്പാളയങ്ങളുടെ 70 ശതമാനം പണിയും പൂര്‍ത്തിയായി. ഭയപ്പെടുത്തുന്ന രീതിയിലാണ് ഇവയുടെ രൂപകല്‍പ്പന. ചുവപ്പുചായം പൂശിയ 20 അടി ഉയരമുള്ള കൂറ്റന്‍ ചുറ്റുമതില്‍. അകവും പുറവും കാണാന്‍ പാകത്തില്‍ പണിതുയര്‍ത്തുന്ന നാല് വാച്ച് ടവറുകള്‍. മതില്‍ക്കെട്ടിനുള്ളില്‍ അവിടവിടെ പണി പൂര്‍ത്തിയായതും പാതിയിലെത്തിയതുമായ വലിയ കെട്ടിടങ്ങള്‍. വളപ്പിന്റെ ഉള്‍ഭാഗം വീണ്ടും വിഭജിച്ച് മതില്‍ക്കെട്ടുകള്‍. രാപകലില്ലാതെ ഇവിടെ മുന്നൂറോളം പേര്‍ പണിയെടുക്കുന്നു. ആദിവാസികളാണ് ഇവിടുത്തെ തൊഴിലാളികള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തടങ്കല്‍പ്പാളയത്തിന്റെ പണി തുടങ്ങിയത്. 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. കനത്ത മഴകാരണം നിര്‍മാണം വൈകി. 2020ല്‍ പണി പൂര്‍ത്തിയാകും. 2,88,000 ചതുരശ്രയടി വിസ്താരമുള്ള ഇവിടെ 15 കെട്ടിടങ്ങളാണുള്ളത്. അനധികൃത കുടിയേറ്റക്കാരെന്നും വിദേശിയെന്നും ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ വിധിക്കുന്നവരെ പാര്‍പ്പിക്കാനാണ് ഈ വന്‍ ജയില്‍. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ താമസസ്ഥലങ്ങളുണ്ട്. നാലുനില വീതമുള്ള കെട്ടിടങ്ങളില്‍ 13 എണ്ണം പുരുഷന്‍മാര്‍ക്കാണ്. രണ്ടെണ്ണം സ്ത്രീകള്‍ക്കും. പള്ളിക്കൂടം, ആശുപത്രി, ശൗചാലയങ്ങള്‍, കുടിവെള്ള സംഭരണി, പൊതു അടുക്കള, പൊതു ഭക്ഷണശാല എന്നിവയും തയ്യാറാവുന്നുണ്ട്. പുറംമതില്‍ കൂടാതെ അകത്തെ മതിലുകള്‍ക്ക് ഉയരം ആറടിയാണ്.

തടവ് മുറിക്ക് 350 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഓരോ വലിയ കെട്ടിടത്തിലും 24 മുറികളുണ്ടാകും. സ്ത്രീകള്‍, മുലയൂട്ടുന്നവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമത്രേ. തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് പ്ലാന്‍. തടങ്കല്‍ പാളയത്തിനുള്ള അതിര്‍ത്തി മതിലുകള്‍ക്കൊപ്പം മലിനജലം ഒഴുകി പോകുന്നതിനായി അഴുക്കുചാലുകള്‍ നിര്‍മിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, കിടക്കകളോടൊപ്പമുള്ള താമസ സൗകര്യം, ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ശുചിമുറികള്‍, ആശയവിനിമയ സൗകര്യങ്ങള്‍, അടുക്കളകള്‍ എന്നിവ നിര്‍ദ്ദിഷ്ട ക്യാമ്പുകളിലുള്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

രണ്ടു പോലീസ് ബാരക്കുകള്‍, ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസ് കെട്ടിടം എന്നിവയുടെ നിര്‍മാണവും പുരോഗമിക്കുന്നു. ഒരേസമയം 3,000 പേരെ പാര്‍പ്പിക്കാവുന്ന ഡിറ്റന്‍ഷന്‍ ക്യാമ്പിന് ഏഴ് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വിസ്താരമുണ്ട്. അനധികൃതകുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ തടങ്കല്‍പ്പാളയമാണിത്. വലിപ്പത്തിന്റെ കാര്യത്തിലും ഒന്നാമത് തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 46.5 കോടി രൂപ ചെലവില്‍ അസം സര്‍ക്കാരാണിത് പണിയുന്നത്. തടങ്കല്‍പ്പാളയങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രതിഷേധങ്ങളും ശക്തമായതോടെ അതിസുരക്ഷയിലാണീ പ്രദേശം. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധം ഇപ്പോഴും അണയാതെ ജ്വലിച്ച് നില്‍ക്കുകയാണ് അസമിലും.

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി അസമില്‍ ഇപ്പോള്‍ ആറു താത്കാലിക തടവുകേന്ദ്രങ്ങളുണ്ട്. ഡിബ്രുഗഢ്, സില്‍ച്ചര്‍, തേജ്പുര്‍, ജോര്‍ഹാട്ട്, കൊക്രജാര്‍, ഗ്വാല്‍പാഡ എന്നിവിടങ്ങളിലാണവ. ഇവിടങ്ങളിലെ ജില്ലാ ജയിലുകളിലാണ് ഈ താത്കാലിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അസമിലെ ആറു തടങ്കല്‍പ്പാളയങ്ങളിലായി 988 പേര്‍ അനധികൃത കുടിയേറ്റക്കാരായുണ്ടെന്ന് 2019 നവംബറില്‍ അസം സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. ഈ കേന്ദ്രങ്ങളില്‍ 2016 മുതല്‍ ഇതുവരെ 28 പേര്‍ മരിച്ചിട്ടുണ്ട്. പീഡനം മൂലമല്ല, രോഗബാധമൂലമാണ് മരണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1043 വിദേശ കുടിയേറ്റക്കാരാണ് അസമിലുള്ളത്. ഇതില്‍ 1025 പേര്‍ ബംഗ്ലാദേശികളാണ്. 18 മ്യാന്‍മാറുകാരും.

അതേസമയം, അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ബംഗളുരുരുവിലും തടവ് കേന്ദ്രമുയരുന്നു. ഇതിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഏഴു മുറികള്‍, അടുക്കള, ബാത്ത് റൂം, സുരക്ഷയ്ക്കായി ഉദ്യോഗസ്ഥര്‍, സി.സി.ടി.വി. ക്യാമറകള്‍, സെക്യൂരിറ്റി ടവര്‍ എല്ലാം അടങ്ങിയ തടവുകേന്ദ്രം ബംഗളൂരുവിനടുത്ത് സൊന്തകുപ്പയിലാണ് പൂര്‍ത്തിയാവുന്നത്. ജനുവരിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി തുറന്നുകൊടുക്കുന്ന തരത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ നെലമംഗലയിലെ പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലാണ് തടവുകേന്ദ്രമാക്കി മാറ്റിയത്.

അനധികൃതമായി കേരളത്തിലെത്തി പിടിയിലായ വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ കേരളവും ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത. സാമൂഹ്യനീതി വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് വിവാദമാകുന്നതിനിടെയാണ് കേരളവും ഇത്തരമൊരു നീക്കം നടത്തുന്നത്. കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരുടെ എണ്ണം ശേഖരിച്ചശേഷമായിരിക്കും പുതിയ തടങ്കല്‍ കേന്ദ്രം നിര്‍മിക്കുക. വിവിധ കുറ്റങ്ങളില്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നതും വിചാരണ തടവുകാരായി കഴിയുന്നതുമായ വിദേശികളെ പാര്‍പ്പിക്കാനാണ് തടങ്കല്‍ കേന്ദ്രം. എന്നാല്‍ ഇതിനായി ആവശ്യമുള്ള കെട്ടിടം വകുപ്പിന് സ്വന്തമായില്ല. വാടകയ്ക്ക് കെട്ടിടം എടുത്ത് തടങ്കല്‍ കേന്ദ്രമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. 
അവര്‍ക്ക് പാര്‍ക്കാന്‍  വന്‍ തടങ്കല്‍പ്പാളയങ്ങള്‍ (ശ്രീനി)
Join WhatsApp News
josecheripuram 2019-12-27 21:20:47
What did Marxists party achieve in Bengal,Thripura,Kerala. Nothing &We all live exploiting the poor, or our children,once Zacharia said the most goods we export from India is our children.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക