Image

1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല

മൊയ്തീന്‍ പുത്തന്‍ചിറ Published on 25 December, 2019
1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല
പാരീസ്:  200 വര്‍ഷത്തിനുശേഷം ആദ്യമായി പാരീസിലെ നോട്രെഡാം കത്തീഡ്രലിന് ഈ വര്‍ഷത്തെ ക്രിസ്മസ് ഈവ് കുര്‍ബ്ബാന നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രിലില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്നാണിത്.

ഫ്രഞ്ച് കത്തോലിക്കര്‍ കത്തീഡ്രലിന്‍റെ റെക്ടര്‍ പാട്രിക് ചൗവെറ്റിനോടൊപ്പം നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള സെന്‍റ് ജെര്‍മെയ്ന്‍ എല്‍ ആക്‌സറോയിസിന്‍റെ പള്ളിയിലാണ് ഇത്തവണ കൃസ്മസ് ആഘോഷത്തിന് തടിച്ചുകൂടിയത്.

'എന്തു തന്നെയായാലും ഇത് ക്രിസ്മസ് അല്ലേ... എവിടെ ആഘോഷിച്ചാലും ഇന്ന് രാത്രി നോട്രെഡാമിനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല,' 16 കാരിയായ ജൂലിയറ്റ് പറഞ്ഞു. കുടുംബത്തോടൊപ്പം 700 കിലോമീറ്റര്‍ യാത്ര ചെയ്താണ് ജൂലിയറ്റ് എത്തിയത്.

'ഏപ്രില്‍ 15 മുതല്‍ ഞങ്ങള്‍ വളരെ ദുഃഖിതരാണ്. ഇന്ന് അതിലും കൂടുതല്‍ ദുഃഖമനുഭവിക്കുന്നു,' പാരീസിലെ ആ ലാന്‍ഡ്മാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത പാരീസുകാരി ഡാനിയേല പറഞ്ഞു. എന്നിരുന്നാലും, ക്രിസ്മസ് രാവിലെ മാസ് അവതരിപ്പിച്ച നോട്രെഡാം ഗായകസംഘത്തെ അവര്‍ അനുമോദിച്ചു. 

അതേസമയം, തൊഴിലാളികള്‍ കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ രാപകല്‍ പരിശ്രമിക്കുകയാണ്. 

സീന്‍ നദിയുടെ തീരത്ത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമായ നോട്രെഡാമിന് ഗോതിക് സ്‌പൈറും മേല്‍ക്കൂരയും വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കളും തീപിടിത്തത്തില്‍ കത്തി നശിച്ചിരുന്നു. വലിയൊരു ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് അവ കത്തിയമര്‍ന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഈ കത്തീഡ്രലിന്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദൈവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. ഫ്രഞ്ച് ഗോഥിക് നിര്‍മ്മാണരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ ദൈവാലയത്തിന് 387 പടികളാണുള്ളത്. സതേണ്‍ ഗോപുരത്തിലുള്ള ഇമ്മാനുവല്‍ ബെല്‍ എന്നറിയപ്പെടുന്ന 13 ടണ്‍ ഭാരമുള്ള മണിയും ഈ ദൈവാലയത്തെ മറ്റ് ദൈവാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സവിശേഷതകളാണ്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രെഡാം കത്തീഡ്രല്‍.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും കത്തോലിക്കാ വിരുദ്ധ വിപ്ലവ കാലഘട്ടത്തില്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായ, രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശം ഉള്‍പ്പെടെ രണ്ട് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ ചരിത്രത്തിലൂടെ കടന്നുപോയിട്ടുള്ള ഈ കത്തീഡ്രല്‍ ക്രിസ്മസിനായി തുറന്നിരുന്നു.

എട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കത്തീഡ്രല്‍ പൂര്‍ണ്ണമായും നന്നാക്കാന്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അഞ്ച് വര്‍ഷത്തെ സമയം നിശ്ചയിച്ചിട്ടുണ്ട്.

പാരിസ് പ്രൊസിക്യൂട്ടര്‍മാര്‍ തീ പിടിത്തം അട്ടിമറിയാണെന്ന് സംശയിക്കുകയും ജൂണില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അലസമായി എറിഞ്ഞ സിഗരറ്റ് കുറ്റിയോ അല്ലെങ്കില്‍ വൈദ്യുത തകരാറോ ആകാനും സാധ്യതയുണ്ടെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഫ്രാന്‍സിലെ തന്നെ വിവിധ ദൈവാലയങ്ങളില്‍ അജ്ഞാതര്‍ ഇത്തരത്തില്‍ തീയിടുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് തീപിടിച്ചത്. അതുകൊണ്ടുതന്നെ ഇത് ആസൂത്രിതമാണെന്നാണ് സൂചന. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരു ബില്യണ്‍ യൂറോ (1.1 ബില്യണ്‍ ഡോളര്‍) വാഗ്ദാനം ലഭിക്കുകയോ സമാഹരിക്കുകയോ ചെയ്തതായി സാംസ്കാരിക മന്ത്രാലയം ഒക്ടോബറില്‍ അറിയിച്ചിരുന്നു.  ഫ്രാങ്കോയിസ് ഹെന്‍റി എന്ന ഫ്രഞ്ച് ബില്യനെയര്‍ പുനര്‍നിര്‍മ്മാണത്തിനായി 100 മില്ല്യന്‍ യുറോ വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഈ വിശ്വവിഖ്യാത ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും സമാനമായ പിന്തുണകള്‍ ഉണ്ടാകുമെന്നുമാണ്  കണക്കാക്കപ്പെടുന്നത്.

കത്തീഡ്രല്‍ തീപിടിക്കുന്നതിന്റെ വീഡിയോ ലിങ്ക്: https://youtu.be/znbd8v02slg


1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക