Image

വസന്തങ്ങള്‍ മൊട്ടിട്ട സ്‌നേഹച്ചെടികള്‍ (ജിഷ രാജു)

Published on 25 December, 2019
വസന്തങ്ങള്‍ മൊട്ടിട്ട സ്‌നേഹച്ചെടികള്‍ (ജിഷ രാജു)
ഞങ്ങളുടെ ട്യൂഷന്‍ ക്ലാസ്സിലേക്കുള്ള ജാഥ തുടങ്ങുന്നത് ഇങ്ങനെയാണ്....
റോയി മുന്നില്‍ സ്‌പോര്‍ട്‌സ്മാന്‍  എന്നെഴുതിയ ബാഗും തൂക്കി വളരെ വേഗത്തില്‍ നടക്കും.
അതിനു പുറകില്‍ രഹ്നയുടെ കൈയും പിടിച്ച് റോയിയുടെ മുന്നില്‍ എത്താന്‍ വേണ്ടി മായ ഓടി നടക്കും..
ഒരാളെ നടത്തത്തില്‍ തോല്‍പ്പിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന രീതിയില്‍ ഞാന്‍ വളരെ സാവകാശം നടക്കും.
ഈ ജാഥ ട്യൂഷന്‍ ക്ലാസ്സില്‍ കണക്ക് പഠിപ്പിക്കുന്ന ടീച്ചറുടെ വീടിനു മുന്നിലെത്തുമ്പോള്‍ പതുക്കെയാവും.
ടീച്ചറുടെ ഭര്‍ത്താവ് സ്കൂട്ടര്‍ തുടക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ ഗേറ്റ്‌ന്റെ ഇടയിലൂടെ നോക്കും.

ഉണ്ടെങ്കില്‍ ടീച്ചര്‍ ക്ലാസില്‍ വരുമെന്ന് ഉറപ്പാണ്.
ഇല്ലെങ്കില്‍ ഞങ്ങള്‍ ജാഥ തുടങ്ങുന്നതിനു മുന്‍പ് നടത്തിയ കൂട്ടപ്രാര്‍ത്ഥന വെറുതെയായില്ല എന്ന സന്തോഷത്തോടെ നടത്തി യുടെ വേഗത കൂട്ടും ...
അങ്ങനെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടയിലാണ് ആനി ചേടത്തിയുടെ മതിലിലേക്ക് എത്തിനോക്കുന്ന റോസ് നിറത്തിലുള്ള റോസാപൂക്കള്‍ ഞങ്ങള്‍ കണ്ടത്.

ഒരു പൂ കിട്ടിയെങ്കില്‍ മാതാവിന്റെമുന്നില്‍ വയ്ക്കാമായിരുന്നു. റോയി ഭക്തിയോടെ പറഞ്ഞു.
"നിനക്കെന്താ ഇത്ര ഇഷ്ടം മാതാവിനോട് ?മായചോദിച്ചു...
''ടീച്ചര്‍ വരാതിരിക്കാന്‍ ഞാന്‍ പൂവാണ് നേര്‍ച്ച നേര്‍ന്നത് "
എനിക്ക് റോസാപ്പൂ മുടിയില്‍ വെക്കുവാനാണ് ഇഷ്ടം രഹ്ന പറഞ്ഞു ...
വെറുതെനോക്കി നില്‍ക്കാനാ എനിക്കിഷ്ടം ഞാനും പതുക്കെ പറഞ്ഞു.
അതിന്റെ ഇതളുകള്‍ തിന്നാനാണ് എനിക്കിഷ്ടം .
സ്വാദ് ആസ്വദിക്കും പോലെ മായയും പറഞ്ഞു.

ഞങ്ങള്‍ ഗേറ്റ് തള്ളിത്തുറന്ന് പതുക്കെ അകത്തുകടന്നു
ആനിചേടത്തി ചെടി നനയ്ക്കുന്ന ഉണ്ട് .
"ഒരു പൂ തരുമോ ?അല്ലെങ്കില്‍ ഒരു റോസ്കമ്പ് തന്നാലും മതി.
ഞങ്ങള്‍ വീനിതരായി നിന്നു.
പൂവും തരില്ല...കമ്പും തരില്ല. ഇത് ഊട്ടിയില്‍ നിന്ന് എന്റെ കെട്ട്യോന്‍ കൊണ്ടുവന്നതാണ് ... ഓടിക്കോ എല്ലാവരും ചേടത്തി കണ്ണ് ഉരുട്ടി.

ട്യൂഷന്‍ ക്ലാസ് വിട്ടോടി വന്ന ആ വൈകുന്നേരം
കുറച്ചു വെള്ളവും ചോദിച്ചു ആനിച്ചേടത്തിയുടെ മതിലിനുള്ളില്‍ ഞങ്ങള്‍ കയറി.

സ്റ്റീല്‍ മൊന്ത, ചില്ലു ഗ്ലാസ്സുകള്‍ ,എന്താ പതിവില്ലാത്ത ഒരു വെള്ളം കുടി എന്ന ചേടത്തിയുടെ ഭംഗിയില്ലാത്ത ശബ്ദം, പിന്നെ ദാഹമില്ലാത്തഞങ്ങളും...

ചിരിച്ചതല്ലാതെ ആരില്‍ നിന്നും ഉത്തരം വന്നില്ല.

ആനിചേട്ടത്തിയുടെ കതകടഞ്ഞ നേരം..

എങ്ങിനെയോ ഒരു റോസകമ്പ് റോയ് ഒടിച്ചെടുത്തു.
മുള്ള്‌കൊണ്ട് കയ്യില്‍ നിന്ന് ഒഴുകുന്ന ചോര അവന്‍ നാവുകൊണ്ട് നക്കി തുപ്പിക്കളഞ്ഞു. ഇതൊന്നും എനിക്ക് വലിയ കാര്യമല്ല എന്ന രീതിയില്‍ ഞങ്ങളെ നോക്കി ഒരു ധൈര്യം ചിരി ചുണ്ടുകളില്‍ വരുത്തി നിന്നു.

അങ്ങനെ മോഷ്ടിച്ച റോസകമ്പ് എന്റെ മുറ്റത്തനരികില്‍ ഒരു ചെടിചട്ടിയില്‍ അച്ഛമ്മയുടെ അറിവോടെ നട്ടു.

രാത്രി കിടക്കുമ്പോള്‍ അച്ഛമ്മയോട് ഞാന്‍ പതുക്കെ ചോദിച്ചു ?
മോഷ്ടിച്ച റോസകമ്പില്‍ പൂവ് ഉണ്ടാകുമോ?

"നീയത് മോഷ്ടിച്ചതാണോ?"

ഞാന്‍ മാത്രമല്ലഎല്ലാവരും കൂടിയാണ്!

ആനിചേട്ടത്തിയുടെ മുറ്റത്ത് നിന്ന് .

"സാരല്യ " ഞാന്‍ ആനിയോട് പറഞ്ഞോളാം .പക്ഷേ ഇനി ചെയ്യരുത്. അതിന് കൊമ്പുകള്‍ വരുമ്പോള്‍ ഓരോന്ന് വെച്ച് എല്ലാവര്‍ക്കും കൊടുത്താല്‍ മതി മോഷ്ടിച്ച പാപം തീരും!! അച്ഛമ്മ വഴി പറഞ്ഞു തന്നു...
ആദ്യത്തെ തളിരില പതിയെ വന്നു ....

പിന്നെ മഞ്ഞും മഴയും വന്നു...

റോസപ്പൂക്കള്‍മുറ്റത്തെ ചട്ടിയില്‍ വിരിഞ്ഞു നിന്നു ..
അച്ഛമ്മ പറഞ്ഞപോലെ വസന്തം ഒളിപ്പിച്ച റോസ് കമ്പുകള്‍ ഞാന്‍ എല്ലാവര്‍ക്കും വീതിച്ചു കൊടുത്തു..

കരിവെയില്‍ വന്ന് പലരുടേയും റൊസാച്ചെടി കട്ടെടുത്തോണ്ടു പോയപ്പോഴും
എന്റെ മാത്രം പൂത്തുലഞ്ഞു നിന്നു....

ഇന്നത്തെ പൂക്കളെല്ലാം മറ്റൊരു ശരത്കാലം എത്തുമ്പോള്‍ പൊഴിഞ്ഞു വീഴും ...
അന്ന് ..
ഞങ്ങള്‍ നാലുപേരും കൂടി നട്ട സ്‌നേഹ ചെടിയില്‍.. ജാതിഭേദമില്ലാതെ വസന്തങ്ങള്‍ മൊട്ടിടും..
അന്നവിടെ ഞങ്ങള്‍ വെറും മനുഷ്യര്‍ മാത്രമായിരിക്കും.
മതമന്ന് മണ്ണായി മാറിയിരിക്കും......

എല്ലാവര്‍ക്കും ക്രസ്തുമസ്സ് ആശംസകള്‍!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക