കൃസ്തുമസ് സുദിനം (ഒരു കൃസ്തുമസ് സന്ദേശം) ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍
EMALAYALEE SPECIAL
24-Dec-2019
ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍
EMALAYALEE SPECIAL
24-Dec-2019
ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍

പരിശുദ്ധിയുടെ, നിഷ്‌കളങ്കതയുടെ, ആത്മാര്‍ത്ഥതയുടെ, പവിത്രമായ പ്രണയത്തിന്റെ പ്രതീകമാണ് ഹിമകണങ്ങള്‍. കവികളും ഗായകരും കലാകാരന്മാരും സുതാര്യമായ ഹിമ ബിന്ദുക്കളെ നോക്കി വാചാലരാകുന്നു. മനുഷ്യന്റെ ചേതോവികാരങ്ങളെ ഹിമകണങ്ങളായി പ്രകൃതി ചൊരിയുന്ന ഡിസംബര്‍ മാസം.
എട്ടു കലമാനുകളാല്‍ നയിയ്ക്കുന്ന ഹിമശകടത്തില്‍ സഞ്ചരിച്ച് കുട്ടികള്‍ക്ക് സമ്മാനവുമായി 'ഹോ ഹോ മെറി ക്രിസ്തുമസ്സ്' പാടി എത്തുന്നു സാന്താ ക്‌ളോസ്. മഞ്ഞുതുള്ളികളില്‍ ഉഷസ്സും സന്ധ്യയും മറഞ്ഞിരിയ്‌ക്കേ അകലങ്ങളില്‍ നിന്നും എത്തിനോക്കുന്ന അലംകൃതമായ പള്ളികുരിശുകള്‍. മഞ്ഞിന്റെ ആശ്ലേഷത്തില്‍ മയങ്ങി നിശബ്ദമായി ഉറങ്ങുന്ന പ്രകൃതിയെ തട്ടിയുണര്‍ത്തുന്ന പള്ളിമണികള്‍. മഞ്ഞുമറയിലുടെ നടന്നു നീങ്ങുന്ന ഭക്തജനങ്ങള്‍. മൂളിപ്പാട്ടും പാടി ഓടിനടക്കുന്ന ധനുമാസകാറ്റിന്റെ കൈകളില്‍ തത്തികളിച്ച് ദേവാലയങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ഭക്തിസാന്ദ്രമായ കൂട്ടഭക്തിഗാനങ്ങള്‍. ഒരു കൃസ്തുമസ് കൂടി സമാഗതമായി.!!
ഇടവഴികള്‍ക്കപ്പുറത്തും നിന്നും ജിംഗില്‍ ബെല്‍ ജിംഗില്‍ ബെല്‍ എന്ന് കേട്ടാല്‍ ഉറക്കം പോലും കളഞ്ഞു ക്രിസ്തുമസ്സ് അപ്പൂപ്പനെ കാണാന്‍ ഓടിയെത്തുന്ന ഹര്‍ഷാലോലരായ കുട്ടികള്‍. നന്മകളും തിന്മകളും ഇടകലര്‍ന്ന വര്‍ഷത്തിന്റെ പരിണാമത്തില്‍ പരസ്പര വിദ്വേഷങ്ങള്‍ മറന്നു, പാപങ്ങളും, തെറ്റുകളും ഏറ്റുപറഞ്ഞു ഭൂമിയില്‍ ദൈവപുത്രന്റെ ജന്മദിനത്തിനായി കാത്തിരിയ്ക്കുന്ന ജനതയെ മാലാഖമാര്‍ ആകാശപരപ്പില്‍ നക്ഷത്രങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് നിരീക്ഷിയ്ക്കുന്നു.
ഡിസംബറിനെ അലങ്കരിയ്ക്കാന്‍ ക്രിസ്തുമസ്സ് ചെടിയില്‍ പൊട്ടിവിരിയുന്ന രക്തവര്ണപുഷ്പങ്ങള്‍. അലങ്കാരവസ്തുക്കളാലും നക്ഷത്രവിളക്കുകളാലും അലങ്കരിക്കപ്പെട്ട ക്രിസ്ത്യന്‍ ഭവനങ്ങളും, പള്ളി അങ്കണങ്ങളും. കാലില്‍തൊഴുത്തില്‍ പിറന്നുവീണ ദൈവപുത്രന്റെ ജനന സ്മരണയ്ക്കായി ദേവാലയങ്ങളിലും വീടുകളിലും ഒരുക്കുന്ന പുല്‍കൂടുകളും, ക്രിസ്തുമസ്സ് ട്രീകളും. മനസ്സിന്റെ വാതായനങ്ങള്‍ തുറക്കുമ്പോള്‍ പൊടിപറ്റാത്ത ഒരുപാട് ഓര്‍മ്മകള്‍ കണ്മുന്നിലൂടെ മിന്നിമായുന്നു കുട്ടികാലത്ത് എന്റെ ഗ്രാമത്തില്‍ ക്രിസ്തുമസ് ഒരിയ്ക്കലും ഒരു ക്രിസ്തീയ ആഘോഷമായി തോന്നിയിട്ടില്ല. കാരണം ക്രിസ്തുമസ് കരോള്‍ പാടി വരുന്ന സംഘത്തിനൊപ്പമുള്ള കൃസ്തുമസ് അപ്പൂപ്പന്‍ ക്രിസ്താനികളുടെ അല്ല ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളുടെ ക്രിസ്മസ് അപ്പുപ്പനായിരുന്നു. ഗ്രാമത്തിന്റെ മടിത്തട്ടില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീമുകളും ഇടകലര്‍ന്നുണ്ടായിരുന്നുവെങ്കിലും, അവരെല്ലാവരും വേണ്ടുവോളം അഭ്യസ്തവിദ്യരല്ല എങ്കിലും അവരെ മതങ്ങള്‍ ഭരിച്ചിരുന്നില്ല, ഭ്രാന്തരാക്കിയിരുന്നില്ല, വൈരികളാക്കിയിരുന്നില്ല ഓരോരുത്തരും അവര്‍ക്ക് ജന്മം നല്‍കിയ മതത്തിന്റെ വിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു, പരസ്പരം മതങ്ങളെ ബഹുമാനിച്ചിരുന്നു. ക്രിസ്തീയ ഭവനങ്ങളില്‍ തെളിഞ്ഞിരുന്ന നക്ഷത്രവിളക്കുകള്‍ ഹിന്ദുകുടുംബത്തിലെ അംഗമായ എന്നിലും ആഘോഷത്തിന്റെ ആനന്ദം പകര്‍ന്നിരുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ സമൂഹത്തെ കയ്യടക്കാതിരുന്ന ആ കാലഘട്ടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും അയച്ചിരുന്ന ക്രിസ്തുമസ്സ് ആശംസാകാര്‍ഡുകള്‍ ഞങ്ങളുടെയും പ്രതീക്ഷകളും ആനന്ദവും അതിലേറെ മനസ്സില്‍ ഒരുപാട് സ്‌നേഹത്തിന്റെ വിലമതിയ്ക്കുന്നതുമായിരുന്നു.
ക്രിസ്തുമസ്സ് വെറുമൊരു ആഘോഷവും, ദൈവപുത്രന്റെ ജന്മദിനവുമല്ല. തിന്മയേയും, അനീതിയേയും വൈരാഗ്യങ്ങളെയും തോല്‍പ്പിച്ച് നീതി, ന്യായം, നന്മ, പരസ്പരസ്‌നേഹം, ദയ എന്നീ വികാരങ്ങളെ മനുഷ്യ മനസ്സുകളില്‍ തൊട്ടുണര്‍ത്തുന്ന ഒരു സുദിനമാണ്. പുല്‍ക്കൂട്ടില്‍ പിറന്നുവീണ ദൈവപുത്രന്റെ ജന്മദിനാഘോഷം ആചരിയ്ക്കപ്പെടുമ്പോള്‍ മനുഷ്യമനസ്സില്‍ ജനിയ്‌ക്കേണ്ടത് നന്മയുടെയും, ദയയുടെയും, സത്യസന്ധതയുടെയും സന്ദേശമാണ്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിയ്ക്കണം' എന്ന ക്രിസ്ത്യുവചനം നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനായ ക്രിസ്ത്യാനിയെയും സ്‌നേഹിയ്ക്കണം എന്ന് മനുഷ്യന്റെ മനോഭാവങ്ങള്‍ കൊണ്ട് മാറ്റിയെഴുതാന്‍ ഒരിയ്ക്കലും ഇടവരാതിരിയ്ക്കണം.
അയല്‍ക്കാരനെ സ്‌നേഹിയ്ക്കണം എന്ന ദൈവപുത്രന്റെ വചനം ഒരുപക്ഷെ അര്‍ത്ഥമാക്കിയത് അടുത്തുതാമസിയ്ക്കുന്നവരെ ആകാം, സമൂഹത്തിലുള്ളവരെ ആകാം, അയല്‍ സംസ്ഥാനങ്ങളെയാകാം, അയല്‍ രാജ്യങ്ങളെയാകാം. ബൈബിളിലെന്നല്ല ഏതൊരു മതഗ്രന്ഥങ്ങളിലും പറയപ്പെട്ടിരിയ്ക്കുന്ന വചനങ്ങള്‍ ഇടുങ്ങിയ വഴിയിലൂടെ ചിന്തിയ്ക്കാതെ വിശാലമായി മനുഷ്യനെ ചിന്തിപ്പിയ്ക്കുന്നതാണെന്നു കാണാം. അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എടുക്കേണ്ടത് ഓരോ മതവിശ്വാസിയുടെയും മതങ്ങളുടെയും കര്‍ത്തവ്യമാണ്. മതങ്ങള്‍ വ്യക്തികളെ തിരിച്ചറിയാനുള്ള ഉപാധിയല്ല, പകരം മനുഷ്യനെ നന്മയിലേക്ക് നയിയ്ക്കാനുള്ള അദൃശ്യമായ വിശ്വാസമാണ്.
ദൈവപുത്രന്റെ ജന്മദിനാഘോഷത്തിലൂടെ ജനിയ്‌ക്കേണ്ടത് തിന്മയെ തോല്‍പ്പിയ്ക്കുന്ന നന്മയാണ്, സ്വാര്‍ത്ഥതയെ തോല്‍പ്പിയ്ക്കുന്ന സൗഹാര്‍ദ്ദമാണ്, ദുഷ്ടതകളെ കീഴ്‌പ്പെടുത്തുന്ന കരുണയാണ്, മതവൈരാഗ്യങ്ങളെ മനുഷ്യമനസ്സില്‍ നിന്നും മായ്ക്കുന്ന പവിത്രമായ ഭക്തിയാണ്, ദുഖങ്ങളുടെ ഇരുട്ടില്‍ നിന്നും വഴികാണിയ്ക്കുന്ന നക്ഷത്രവിളക്കുകളാണ്, ജയപരാജയങ്ങളില്‍ പരസ്പരം കൈകോര്‍ക്കുവാന്‍ കഴിയുന്ന ഒരുമയാണ്. അശാന്തി ഉപേക്ഷിച്ച് സ്‌നേഹത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരേണ്ട സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ്.
ഇമലയാളി കുടുംബത്തിലെ ഓരോ വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആനന്ദകരമായ കൃസ്തുമസ്സും, നന്മയുടെ പുതുവര്ഷവും ആശംസിക്കുന്നു.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
മനസ്സിലെ നന്മയാണ് ഓരോ മതങ്ങളും പഠിപ്പിക്കുന്നത്, അതുണ്ടായാൽ മനസ്സുകൾക്കിടയിലുള്ള മതിലുകൾ ഇല്ലാതാവുന്നു. വളരെ നന്നായി എഴുതി. എല്ലാവര്ക്കും ഹ്യദയം നിറഞ്ഞ ക്രിസ്മസ് - നവവത്സരാശംസകൾ.