Image

കല കുവൈറ്റ് പ്രവാസി സൗഹൃദ പദ്ധതികളുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു

Published on 23 December, 2019
കല കുവൈറ്റ് പ്രവാസി സൗഹൃദ പദ്ധതികളുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവാസി സൗഹൃദ പദ്ധതികളെക്കുറിച്ചും ക്ഷേമപദ്ധതികളെ കുറിച്ചും വിശദീകരിക്കുന്നതിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ കുവൈറ്റിലെ മുഖ്യധാര സംഘടനകളുടെ നേതൃത്വം പങ്കെടുത്തുകൊണ്ടുള്ള നേതൃസംഗമം അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ചു സംഘടിപ്പിച്ചു. പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ എന്‍. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവാസി ക്ഷേമനിധി, പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ചിട്ടി, ആംബുലന്‍സ് സൗകര്യം തുടങ്ങി വിവിധ പദ്ധതികളെക്കുറിച്ചും നടപ്പാക്കാനിരിക്കുന്നതുമായ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും അതിന്മേലുള്ള സംവാദവും നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. വളരെ സജീവമായുള്ള ഇടപെടലുകള്‍ കൊണ്ടും പുതുമയുള്ള ആശയങ്ങളുടെ നിര്‍ദേശങ്ങള്‍ കൊണ്ടും ചടങ്ങ് വളരെ ഹൃദ്യമായി മാറി. പ്രവാസികളുടെ ഇത്തരം പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സര്‍ക്കരിനു മുന്നില്‍ ഇവ ഉയര്‍ത്തുന്നതിന്റെയും ഭാഗമായി ഇത്തരം യോഗങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ഉണ്ടാകണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു വന്നു.

കുവൈറ്റിലെ വിദ്യാഭ്യാസ-വ്യവസായ പ്രമുഖനും മുന്‍ മന്ത്രിയും, എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനുശോചനക്കുറിപ്പ് കല കുവൈറ്റ് മുന്‍ഭാരവാഹി സി.കെ. നൗഷാദ് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച യോഗത്തിന് കല കുവൈറ്റ് മുതിര്‍ന്ന അംഗവും കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനുമായ സാം പൈനുംമൂട് സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ നിന്നായി നൂറില്‍പരം അധികം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക