Image

ക്രിസ്മസിന് ഒരുങ്ങി ഡബ്ലിന്‍ സീറോ മലബാര്‍ സഭ

Published on 23 December, 2019
ക്രിസ്മസിന് ഒരുങ്ങി ഡബ്ലിന്‍ സീറോ മലബാര്‍ സഭ

ഡബ്ലിന്‍: മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരന്റെ തിരുജനനത്തിന്റെ ഓര്‍മ്മപുതുക്കുന്ന ക്രിസ്മസിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇരുപത്തഞ്ചു ദിനങ്ങള്‍ നീണ്ട നോന്പിനും ഒരുക്കങ്ങള്‍ക്കും ശേഷം വിശ്വാസികള്‍ തിരുപിറവി ആചരിക്കും. ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞ ഡബ്ലിന്‍ നഗരത്തിലെ എട്ട് സീറോ മലബാര്‍ കുര്‍ബാന സെന്ററുകളില്‍ പതിവു പോലെ സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടക്കും.

താലായില്‍ 24 നു ഉച്ചകഴിഞ്ഞ് രണ്ടിന് ഫെര്‍ട്ടകെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍ കാര്‍നേഷനില്‍ വിശുദ്ധ കുര്‍ബാന നടക്കും. ഇഞ്ചിക്കോര്‍ മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍ 24നു വൈകിട്ട് 4.30നും ഫിബ്‌സ്ബറോയില്‍ ഫിന്‍ഗ്ലാസ് സെന്റ് കനീസസ് സ്‌കൂള്‍ ഹാളില്‍ വൈകിട്ട് 7.30നും, ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വൈകിട്ട് 10.30 നും ക്രിസ്മസ് കുര്‍ബാന നടക്കും. ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ് കുര്‍ബാന സെന്ററില്‍ ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തില്‍ 24നു വൈകിട്ട് 10.30നു വിശുദ്ധ കുര്‍ബാന ആരംഭിക്കും. ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തിലും, ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍ ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തിലും 24നു വൈകിട്ട് 11ന് തിരുപിറവി ആഘോഷിക്കും. സോര്‍ഡ്‌സ് റിവര്‍വാലി സെന്റ് ഫിനിയന്‍സ് ദേവാലയത്തില്‍ 24 വൈകിട്ട് 11.30 തിനാണ് പാതിരാ കുര്‍ബാന.

തിരുപിറവിയുടെ സന്ദേശവുമായി വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ കരോള്‍ സംഘങ്ങള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഐറീഷ് കമ്യൂണിറ്റികളും, വിവിധ ഇന്ത്യന്‍ കമ്യൂണിറ്റികളും സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ സര്‍വീസുകളില്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ സഭാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പുല്‍കൂട് മത്സരങ്ങള്‍ നടന്നുവരുന്നു.

ഹൃദയതാലം എന്നപേരില്‍ ചെറു വീഡിയോ സന്ദേശങ്ങള്‍ മുന്‍ വര്‍ഷത്തേപ്പോലെ കഴിഞ്ഞ 25 ദിവസങ്ങളില്‍ ഒരുക്കിയിരുന്നു. ക്രിസ്മസിനു ആത്മീയമായി ഒരുങ്ങാന്‍ സഹായകമാകുന്ന വീഡിയോകള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

ക്രിസ്മസ് കുര്‍ബാനയിലേയ്ക്ക് ഏവരേയും ക്ഷണിക്കുകയും അതോടൊപ്പം ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക