Image

വൃക്ക ദാനം ചെയ്ത പിതാവ് അവശനിലയിലായി

Published on 10 July, 2011
വൃക്ക ദാനം ചെയ്ത പിതാവ് അവശനിലയിലായി
മരട്: രക്താര്‍ബുദം ബാധിച്ച മകളെ ചികിത്സിക്കുന്നതിനായി വാങ്ങിക്കൂട്ടിയ കടം വീട്ടാന്‍ വൃക്ക ദാനം ചെയ്ത പിതാവ് അവശനിലയിലായി. ചേര്‍ത്തല വലിയവീട്ടില്‍ ഔസേപ്പി (45) നാണ് ഈ ദുര്‍വിധി. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ദീര്‍ഘദൂര ബസ്സിലെ ഡ്രൈവറായിരുന്നു ഔസേപ്പ്.

വിദ്യാര്‍ഥിനിയായ മകള്‍ക്ക് രക്താര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സകള്‍ക്കായി രണ്ടുലക്ഷത്തിലധികം രൂപയുടെ കടബാധ്യത വന്ന ഔസേപ്പ് കടം വീട്ടാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു വൃക്കദാനം. നടപടിക്രമങ്ങള്‍ക്കു ശേഷം മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയില്‍ നിന്ന് 2.5 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് വൃക്ക ദാനം ചെയ്തത്. മരടിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു വൃക്കദാനം. ശസ്ത്രക്രിയയ്ക്കുശേഷം ബോധം തെളിഞ്ഞപ്പോള്‍ ഔസേപ്പ് തീരെ അവശനിലയിലായിക്കഴിഞ്ഞിരുന്നു.

പിന്നീട് തന്റെ ചികിത്സയ്ക്കായി, കടം വീട്ടാന്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ ചെലവാക്കേണ്ടി വന്നു. ചേര്‍ത്തലയിലെ ആയുര്‍വേദ ആസ്പത്രിയിലെ ഫിസിയോതെറാപ്പിക്കു ശേഷം എഴുന്നേറ്റ് നടക്കാമെന്ന അവസ്ഥയിലായിട്ടുണ്ട്.

വൃക്ക ദാനം ചെയ്യുന്നതിനു മുമ്പ് പൂര്‍ണ ആരോഗ്യവാനായിരുന്ന ഔസേപ്പിന്റെ ആരോഗ്യനില ഇപ്പോള്‍ ഭദ്രമല്ലാത്തതിനാല്‍ ചേര്‍ത്തല ഡിപ്പോയില്‍ 'അദര്‍ ഡ്യൂട്ടി' വിഭാഗത്തിലാണ് ജോലിനോക്കുന്നത്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടുമക്കളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ തനിക്ക് എത്രനാള്‍ പണിയെടുക്കാനാവുമെന്ന ആശങ്കയിലാണ് ഔസേപ്പ് ഇപ്പോള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക