Image

ജഡ്ജിമാരെ ശിക്ഷിക്കാനുള്ള നിയമം പോളിഷ് പാര്‍ലമെന്റ് പാസാക്കി

Published on 21 December, 2019
 ജഡ്ജിമാരെ ശിക്ഷിക്കാനുള്ള നിയമം പോളിഷ് പാര്‍ലമെന്റ് പാസാക്കി

വാഴ്‌സോ: ജഡ്ജിമാരെ ശിക്ഷിക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്ന ബില്‍ പോളണ്ടിലെ പാര്‍ലമെന്റ് പാസാക്കി. ജുഡീഷയറിയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയെന്ന വിമര്‍ശനം അവഗണിച്ചാണ് പോളിഷ് സര്‍ക്കാര്‍ ഈ ബില്ലുമായി മുന്നോട്ടു പോകുന്നത്.

യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതു നിയമമായാല്‍ പോളണ്ടിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം വരെ നഷ്ടമാകാമെന്ന മുന്നറിയിപ്പുകളുമുണ്ടായിരുന്നു.

നിലവില്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിയ ബില്‍ ഇനി സെനറ്റ് കൂടി അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ന്നു പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമമാകും. ഈ രണ്ടു ഘട്ടങ്ങളും മറികടക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്.

ജുഡീഷല്‍ സിസ്റ്റം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്ക് കടകവിരുദ്ധമാണ് ജഡ്ജിമാരെ പിരിച്ചുവിടാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ പോളണ്ടിനെതിരേ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക