Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍-56: ജയന്‍ വര്‍ഗീസ്)

Published on 21 December, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍-56: ജയന്‍ വര്‍ഗീസ്)
അമേരിക്കയില്‍ വന്നിട്ട് രണ്ടു വര്‍ഷമാവുന്നു. കഠിനാദ്ധ്വാനത്തിലൂടെ നേടുന്ന പണം കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു. ഞങ്ങള്‍ക്ക് ഇങ്ങോട്ടു വരാനുള്ള എയര്‍ ലൈന്‍ ടിക്കറ്റുകള്‍ സഹോദരങ്ങള്‍ വീതം വച്ചാണ് എടുത്തു തന്നത്. ആ ടിക്കറ്റുകളുടെ വില തിരിച്ചു കൊടുക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വിവരം പറഞ്ഞപ്പോള്‍ അവരാരും സമ്മതിക്കുന്നില്ല. അത് തിരിച്ചു മേടിക്കാന്‍ വേണ്ടിയല്ല എടുത്തു തന്നത് എന്നാണു അവരുടെ വാദം. നേരിട്ട് കൊടുത്താല്‍ ചിലപ്പോള്‍ അവര്‍ വാങ്ങിയില്ലെന്നും വരും. അത് കൊണ്ട് കാത്തിരുന്നു. അവരുടെ വീടുകളില്‍ നടന്ന ചില ആഘോഷങ്ങളില്‍ ഗിഫ്റ്റായിട്ടും, അത്യാവശ്യം വന്ന സന്ദര്‍ഭങ്ങളില്‍ വായ്പയായിട്ടും ഒക്കെ  തിരിച്ചു കൊടുത്ത ആ തുകകള്‍ അവര്‍ നിര്‍ബന്ധിച്ചിട്ടും പിന്നെ തിരിച്ചു വാങ്ങിച്ചതുമില്ല

ഇക്കാലത്ത് ഞങ്ങളുടെ മകള്‍ ആശക്ക് ഒരു വിവാഹാലോചന വന്നു. അവളുടെ കൂടെ നഴ്‌സിംഗ് ഹോമില്‍ സമാന ജോലി ചെയ്യുന്ന ഒരു യുവാവായിരുന്നു വരന്‍. വരനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലായിരുന്നുവെങ്കിലും, അവള്‍ക്ക് ഇരുപത്തൊന്നു വയസ്സ് പൂര്‍ത്തിയായതേ ഉള്ളുവെന്നും, എന്തെങ്കിലും പഠിച്ച് മെച്ചപ്പെട്ട ഒരു ജോലി കിട്ടിയിട്ടാവാം വിവാഹം എന്ന് പറഞ്ഞു നോക്കി. വിവാഹം കഴിഞ്ഞിട്ടാണെങ്കിലും പഠിക്കാമല്ലോയെന്ന ന്യായം വന്നു. കുട്ടികള്‍ പരസ്പരം ഇഷ്ടപ്പെട്ടു പോയി എന്ന് കൂടി അറിഞ്ഞതോടെ മകളുടെ കൂടി അഭിപ്രായം ആരാഞ്ഞതിന് ശേഷം വിവാഹത്തിന് സമ്മതം മൂളി.

ഇതുവരെയുള്ള സന്പാദ്യം ഇരുപതിനായിരം ഡോളറുണ്ട്. മകളുടെ സന്പാദ്യം കൊണ്ട് അവള്‍ വാങ്ങിച്ച കുറെ സ്വര്‍ണ്ണം അവള്‍ക്കുണ്ട്. എങ്കിലും ഇത് കൊണ്ട് എന്താവാനാണ് ? വാഹന വായ്പയുടെ തവണകള്‍ കൃത്യമായി അടച്ചിരുന്നത് കൊണ്ട് നല്ലൊരു ക്രെഡിറ്റ് ലൈനും, ചില ക്രെഡിറ് കാര്‍ഡുകളും ഉണ്ടായിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റുകളും, അത്യാവശ്യമുള്ള കുറെ ഷോപ്പിംഗുകളും അതുപയോഗിച്ചു നടത്തി. നാട്ടില്‍ ഞങ്ങളെ കാത്തിരിക്കുന്നത് വീട്ടുകാര്‍ മാത്രമല്ലെന്നും, അത്ര തന്നെ പ്രാധാന്യത്തോടെ ആത്മാര്‍ത്ഥതയുള്ള ഒരു ജന സമൂഹം തന്നെയുണ്ടെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ചെറുതെങ്കിലും അവര്‍ക്കു കൂടി എന്തെങ്കിലും വാങ്ങിക്കൊണ്ടല്ലാതെ നാട്ടില്‍ പോകാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അക്കാലത്ത് 32 കിലോ തൂക്കം വരുന്ന രണ്ടു ബാഗുകള്‍ വിമാനങ്ങളില്‍ അനുവദിച്ചിരുന്നത് കൊണ്ട്, ഞങ്ങളുടെയും, ഞങ്ങളോടൊപ്പം അന്ന് നാട്ടില്‍ പോന്ന മേരിക്കുട്ടിയുടെ പേരന്റ്‌സിന്റെയും ഒക്കെ പേരിലായി പതിനൊന്നു പെട്ടികള്‍ നിറച്ചു കൊണ്ടാണ് ഞങ്ങള്‍ വിമാനം കയറുന്നത്.

നേരത്തേ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് വലിപ്പമുള്ള ഒരു ട്രാവല്‍ വാനും വിളിച്ചു കൊണ്ടാണ് അനുജന്മാര്‍ തിരുവനന്തപുരത്ത് എത്തിയത്. വാനില്‍ ഞങ്ങള്‍ക്കുള്ള സീറ്റ് ഒഴികെ മറ്റു സീറ്റുകളിലും ചിലര്‍ തറയിലും ഒക്കെയായി ഇരിക്കാന്‍ മാത്രമുള്ള ബന്ധുക്കളും, നാട്ടുകാരും, അയല്‍ക്കാരും ആയിട്ടള്ള ആളുകള്‍  ഉണ്ടായിരുന്നു. മുപ്പതു വര്‍ഷത്തോളം മുന്‍പുള്ള ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ആരും തന്നെ വിമാനത്തില്‍ വരുന്നവരായി ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ആളുകളുമായി ഞങ്ങളെപ്പോലെ അടുത്ത് ഇടപഴകുന്നവര്‍ ആയിരുന്നില്ലാ അവര്‍. മാത്രമല്ലാ, വന്നവരില്‍ ആരും തന്നെ ഒരു വിമാനത്താവളം അടുത്തു നിന്ന് കണ്ടിട്ടുള്ളവര്‍ ആയിരുന്നില്ലാ താനും. സന്തോഷകരവും, അവിസ്മരണീയവുമായ ഒരു ഉല്ലാസ യാത്ര ആയിരുന്നു അത്. പതിനൊന്ന് വലിയ പെട്ടികള്‍ മുകളില്‍ വച്ച് കെട്ടിയ വാനില്‍ ബന്ധുക്കളും, സുഹൃത്തുക്കളും, അയല്‍ക്കാരും ആയിട്ടുള്ള ഒരു വലിയ കൂട്ടം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ആ ഉല്ലാസയാത്രയില്‍ വഴിയില്‍ നിന്ന് ഞങ്ങള്‍ സമൃദ്ധമായി ഭക്ഷണം കഴിക്കുകയും, അവരെപ്പോലെ, അവരില്‍ ഒരാളായി ആസ്വദിച്ചു യാത്ര ചെയ്യുകയുമുണ്ടായി ഞങ്ങള്‍.

രാത്രിയോടെയാണ് വീട്ടിലെത്തിയത്. വീടുവരെ വാഹനം എത്തിക്കുന്നതിനുള്ള വഴിയില്ല. വന്നവര്‍ എല്ലാവരും  കൂടി പതിനൊന്നു പെട്ടികള്‍ തലച്ചുമടായി ചുമന്ന് അപ്പനും, അമ്മയും താമസിക്കുന്ന ഞങ്ങളുടെ വീട്ടിലെത്തിച്ച് ഒരു മുറിയില്‍ അട്ടിയിട്ടു വച്ചു. അന്ന് രാത്രിയില്‍ ആരും തന്നെ ഉറങ്ങിയില്ല. കാണാതെ പോയ ആട്ടിന്‍ കുട്ടിയെ കണ്ടെത്തിയ ഇടയന്റെ മനോഭാവമായിരുന്നു എല്ലാവര്‍ക്കും. അമേരിക്കന്‍ വിശേഷങ്ങളും, സാധനങ്ങളുടെ പങ്കു വയ്പും ഒക്കെയായി ഒരു ഉത്സവ പ്രതീതിയായിരുന്നു വീട്ടില്‍. സ്വന്തം വീട്ടുകാര്‍ക്ക് മാത്രമല്ലാ, നമ്മള്‍ അറിയുന്ന മിക്ക പരിചയക്കാര്‍ക്കും ഒരു ചെറിയ വസ്ത്രമോ, സാധനമോ എങ്കിലും സമ്മാനമായി കൊടുക്കാന്‍ സാധിച്ചു എന്നതാണ് ആദ്യ വെക്കേഷനില്‍ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ മാനസിക റവന്യൂ.

നേരം വെളുത്തപ്പോള്‍ കൃഷിയിടങ്ങളൊക്കെ ചുറ്റി നടന്നു കണ്ടു. എല്ലാം വളരെ ഭംഗിയായി തഴച്ചു വളര്‍ന്നു നില്‍ക്കുന്നു. പൊന്ന് നോക്കുന്നത് പോലെയാണ് അപ്പന്‍ മണ്ണിനെ നോക്കി പരിപാലിച്ചിരുന്നത്. പക്ഷെ, പണമൊന്നും ബാക്കിയില്ല എന്നറിഞ്ഞു. പൊതുവായി പറഞ്ഞാല്‍ അല്‍പ്പം മദ്യപാന ശീലം ഒക്കെ ഉണ്ടായിരുന്ന അപ്പന്‍ ഇപ്പോള്‍ ആ ശീലത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നു എന്ന് മനസ്സിലായി. മുന്‍പൊക്കെ  മദ്യപിക്കാത്ത എന്റെ മുന്നിലൂടെ മദ്യപിച്ചിട്ടു വരാന്‍ അപ്പന് നല്ല മടിയുണ്ടായിരുന്നു. അന്നൊക്കെ രണ്ടു കൂട്ടുകാരോടൊത്താണ് അപ്പന്‍ ഷാപ്പില്‍ പോയി തെങ്ങിന്‍ കള്ള്  കുടിച്ചിരുന്നത്. ആ കൂട്ടുകാരോടൊത്ത് അല്‍പ്പം ആടിപ്പാടിക്കൊണ്ടായിരിക്കും അപ്പന്റെ തിരിച്ചു  വരവ്. എന്റെ കടയുടെ ഒരു നൂറു മീറ്റര്‍ അകലെ എത്തുന്‌പോഴേ അപ്പന്‍ സ്വന്തം വായ പൊത്തി കൂട്ടുകാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. മിണ്ടരുത് എന്നാണ് പറയുന്നതെന്ന് ഏവര്‍ക്കുമറിയാം. പിന്നെ ഒന്നുമറിയാത്തവരെപ്പോലെയാണ് കടയുടെ മുന്നിലൂടെ സംഘത്തിന്റെ പോക്ക്. ഒരു നൂറു മീറ്റര്‍ കൂടി കഴിഞ്ഞാല്‍ പഴയ പോലെ പാട്ടും ആട്ടവുമൊക്കെ ആയിട്ടായിരിക്കും വീട്ടിലെത്തുക.

 കൂട്ടുകാരുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും, അപ്പന്റെ ചെലവിലാണ് അവരില്‍ ചിലരുടെയെങ്കിലും കള്ളുകുടി നടക്കുന്നതെന്നും, ആര് പറഞ്ഞാലും കേള്‍ക്കില്ല എന്നും ഒക്കെ 'അമ്മ പാരാതി  പറഞ്ഞെങ്കിലും, ഇന്നും കായികമായി അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്ന അപ്പന്‍റെ ആനന്ദത്തിന് തടയിടുന്ന വാക്കുകളൊന്നും ഞാന്‍ പറയുകയുണ്ടായില്ല. മൂത്ത മകനായ ഞാനുള്‍പ്പെടെയുള്ള മക്കള്‍ ജീവിത സാഹചര്യങ്ങള്‍ തേടി അകലങ്ങളില്‍ ആയിപ്പോയപ്പോള്‍, കള്ളുഷാപ്പുകളില്‍ ആണെങ്കില്‍പ്പോലും രൂപപ്പെടുന്ന കൂട്ടായ്മകളുടെ സുരക്ഷിതത്വം അപ്പന് അനുഭവേദ്യമായിക്കൊള്ളട്ടെ എന്നായിരുന്നു എന്റെ ചിന്ത. മാത്രമല്ലാ എന്നെങ്കിലും ഞാനൊന്ന് പച്ചപിടിച്ചു കാണണം എന്നാഗ്രഹിച്ച അപ്പന് അതിന്റെ പേരില്‍ ചെലവഴിക്കപ്പെട്ട സമയവും, തോളിലേറ്റി വച്ച ജീവിത ഭാരവും ഞാനായിത്തന്നെ ഒന്ന് ലഘൂകരിക്കാന്‍ സാധിച്ചുവെങ്കില്‍ അത് തന്നെ നടക്കട്ടെ എന്ന് കൂടി ഉള്ളാലെ ഞാന്‍ ആഗ്രഹിച്ചിരുന്നു.

മുന്നമേ നിശ്ചയിച്ചിരുന്നത് പോലെ മകള്‍ ആശയുടെയും, അനുജന്‍ റോയിയുടെയും  വിവാഹങ്ങള്‍ ഭംഗിയായി നടന്നു. ഞങ്ങളെ അമേരിക്കയിലേക്ക് യാത്രയാക്കാന്‍ വന്നതിനിടക്ക് റോയി കഠിനമായ പനി പിടിച്ചു കിടപ്പിലായതും, റോയിയെ പരിചരിക്കാന്‍ ജെസ്സിയുടെ നാത്തൂനായ റൈന തയാറായതും, ആ റൈനയെ തന്നെയാണ് റോയി വിവാഹം ചെയ്തത് എന്നും മുന്‍പ് പറഞ്ഞിരുന്നുവല്ലോ ? നാട്ടില്‍ ഞങ്ങളുടെ അയല്‍ പ്രദേശത്തു തന്നെയായിരുന്നു റൈനയുടെയും വീട് എന്നതിനാല്‍ എല്ലാക്കാര്യങ്ങളിലും ഒരു ലളിതമായ വേഗത അനുഭവപ്പെട്ടിരുന്നു.

മകളുടെ വിവാഹത്തിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ടായിരുന്നു. ഉറപ്പിക്കല്‍ അഥവാ എന്‍ഗേജുമെന്‍റ് എന്ന ചടങ്ങു കോട്ടയത്തു വച്ചും, വിവാഹം കൊല്ലത്തു വച്ചുമാണ് നടന്നത്. കൊല്ലം ജില്ലക്കാരായ വരന്റെ വീട്ടുകാര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിനാണ് എന്‍ഗേജുമെന്റു കോട്ടയത്തു വച്ചത്.  എറണാകുളം ജില്ലയില്‍ നിന്നുള്ള ഞങ്ങളും കോട്ടയത്തു എത്തിയതോടെ അഞ്ചു മണിക്കൂര്‍ എങ്കിലും വേണ്ടി വരാമായിരുന്നു യാത്രാ സമയം പകുതിയായി കുറക്കാന്‍ സാധിക്കുകയും, എന്‍ഗേജുമെന്റു ചടങ്ങുകള്‍ വളരെ ഭംഗിയായി നടത്തുവാനും സാധിച്ചു.

എന്നാല്‍ വിവാഹ ദിവസം ഒരിക്കലും മറക്കാനാവാത്ത ചില സംഭവങ്ങള്‍ ഉണ്ടായി. കൊല്ലത്തുള്ള വരന്റെ ഇടവകപ്പള്ളിയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. മറ്റുള്ളവരെ മുന്‍പേ അയച്ചിട്ട്, വധുവും, കുടുംബവും ( ഞാനും, ഭാര്യയും, എല്‍ദോസും ) ഒരു ബ്യൂട്ടീഷന്‍ ലേഡിയും കൂടി മറ്റൊരു കാറിലായിരുന്നു യാത്ര. മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ കാര്‍ കേടായി. ആ കാറില്‍ ഇനി യാത്ര തുടരുവാനാകില്ലെന്നു ഞങ്ങളുടെ കുടുംബ സുഹൃത്തായ െ്രെഡവര്‍ പറഞ്ഞു. നേരം വെളുത്തു വരുന്നതേയുള്ളു. വണ്ടികള്‍  ഒന്നും റോഡില്‍ വന്നു തുടങ്ങിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ ഒരു മൈല്‍ അകലെയുള്ള ഒരു ടൂറിസ്റ്റു ടാക്‌സിയെക്കുറിച്ചുള്ള വിവരം കിട്ടി. അപ്പോള്‍ വന്ന ഒരു ഓട്ടോയില്‍ കയറി  ഞാന്‍  െ്രെഡവറുടെ വീട്ടിലെത്തി.

െ്രെഡവര്‍ എഴുന്നേറ്റു വരുന്നതേയുള്ളു. വിവരം പറഞ്ഞപ്പോള്‍ ഭാഗ്യത്തിന് അദ്ദേഹം പോരാമെന്ന് പറഞ്ഞു. ഓട്ടോ പറഞ്ഞു വിട്ടിട്ട് ആ കാറില്‍ കയറി  കേടായ കാറിന്നടുത്തെത്തി. കാറിലുണ്ടായിരുന്ന ഡെക്കറേഷനുകള്‍ ഒരു വിധത്തില്‍ പുതിയ കാറിലേക്ക് മാറ്റി വച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. നല്ല മനസ്സുള്ള ആ െ്രെഡവര്‍ ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കി അല്‍പ്പം ഓവര്‍ സ്പീഡില്‍  തന്നെ വണ്ടിയോടിച്ചു കൃത്യ സമയത്തു തന്നെ വിവാഹം നടക്കേണ്ടുന്ന പള്ളി മുറ്റത്ത് ഞങ്ങളെ എത്തിച്ചു.,

വിവാഹത്തില്‍ പങ്കെടുക്കേണ്ട ബന്ധു ജനങ്ങളെ പത്തോളം കാറുകളില്‍ അയക്കാനായിരുന്നു പ്ലാനിട്ടിരുന്നത്. ടൂറിസ്റ്റു ബസ്സുകള്‍ വ്യാപകം ആയിട്ടില്ലാതിരുന്നത് കൊണ്ടും, ദീര്‍ഘ യാത്രക്ക് കാറുകളാണല്ലോ സുഖകരം എന്നതിനാലുമാണ് അങ്ങിനെ ചെയ്തത്. എന്നാല്‍ പോകേണ്ട സമയം ആയപ്പോഴേക്കും രണ്ടു കാറുകള്‍ വരാന്‍ പറ്റില്ലെന്ന് അറിയിച്ചു. പത്തു കാറുകളില്‍ പോകാനുള്ളത്ര ആളുകള്‍ തയ്യാറായി നില്‍ക്കുകയുമാണ്. പെട്ടന്നൊന്നും വേറെ കാറുകള്‍ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല ഞങ്ങളുടെ നാട്ടില്‍. പിന്നെ പെട്ടെന്ന് കണ്ടെത്തിയ ഒരു പരിഹാരം രണ്ട് ജീപ്പുകള്‍ വിളിക്കുക എന്നുള്ളതായിരുന്നു. മുള്ളരിങ്ങാടന്‍ പ്രദേശത്തേക്ക് അന്ന് ബസ് സര്‍വീസ് ഇല്ലാതിരുന്നതു മൂലം ജീപ്പുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ആളുകളെയും, അവരുടെ ആവശ്യ വസ്തുക്കളെയും കുത്തി നിറച്ച് സര്‍വീസ് നടത്തിയിരുന്ന അത്തരം രണ്ടു ജീപ്പുകള്‍ ഒത്തു കിട്ടി. അവകളിലും കുറച്ചാളുകള്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. അവിടെ എത്തിയപ്പോളാണ് സ്ത്രീകളില്‍ പലരുടെയും സാരികള്‍ ജീപ്പുകളുടെ മുന്‍ ലോഡുകള്‍ അവശേഷിപ്പിച്ച പൊടിയും, ചളിയും പിടിച്ച് മുഷിഞ്ഞു നാറിയ അവസ്ഥയില്‍ ആയിരുന്നുവെന്ന് എല്ലാവരും മനസിലാക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖനായ ഒരു മെത്രാപ്പോലീത്തയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിയിരിക്കുന്നത്. അദ്ദേഹം പള്ളി മേടയില്‍ വിശ്രമിക്കുന്നു. ചടങ്ങുകള്‍ക്ക് മുന്‍പുള്ള പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ഒരു പള്ളിപ്രമാണി വന്ന് ' ദേശകുറി ' എവിടെ എന്ന് ചോദിച്ചു. ( ഒരു പള്ളി അതിന്റെ ഇടവകക്കാരനെ ( മെംബര്‍ ) മറ്റൊരു പള്ളിയെ പരിചയപ്പെടുത്തുന്ന ഔദ്യോഗിക ലെറ്റര്‍ ആണ് ദേശകുറി. ഇതില്‍,  ഈയാളും കുടുംബവും പള്ളി ചിട്ടകളനുസരിച്ചു ജീവിക്കുന്നയാളും, പള്ളിക്കുള്ള സാന്പത്തിക വിഹിതങ്ങള്‍ കൃത്യമായി അടയ്ക്കുന്നയാളും ആയതിനാല്‍ ഇയാള്‍ക്കും, കുടുംബത്തിനും ആവശ്യമായ കൂദാശകള്‍ ( പള്ളിച്ചടങ്ങുകള്‍ ) നടത്തിക്കൊടുക്കുന്നതിന് തടസമില്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റ് കൂടിയാണ് ദേശകുറി. ) എന്റെ കൊച്ചപ്പന്‍ ട്രസ്റ്റിയായിട്ടുള്ള ചാത്തമറ്റം മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നിന്ന് നിശ്ചിത ഫാറത്തില്‍ ശ്രദ്ധയോടെ തയാറാക്കി തന്നിട്ടുള്ള ദേശകുറി ഞാന്‍ ചോദിച്ചയാളിനെ ഏല്‍പ്പിച്ചു.

ദേശകുറി കൈപ്പറ്റിയ ആള്‍ വികാരിയെയും മറ്റൊരു പള്ളി പ്രമാണിയെയും അത് കാണിക്കുകയും, മേശപ്പുറത്തു വിടര്‍ത്തി വച്ച് മൂവരും കൂടിയുള്ള പരിശോധനയില്‍, നമ്മുടെ ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി ഓഫിസിനു മുന്നില്‍ ബഹുമാന്യനായ ശ്രീ കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത ' മുക്കോലപ്പെരുമാള്‍ ' എന്ന വിഖ്യാത ശില്‍പ്പത്തിലെ മുക്കോലങ്ങള്‍ നടുവേ പിളര്‍ത്തി വച്ച ഗോളത്തെക്കുറിച്ചു ചിന്തയിലാണ്ടിരിക്കുന്നതു പോലെ ചിന്തയില്‍മുഴുകുകയും, ഇഞ്ചി തിന്ന കുരങ്ങന്റെ മുഖം പോലെ സ്വന്തം മുഖങ്ങള്‍ കൊട്ടിപ്പിടിക്കുകയും ചെയ്തു. " ഇത് പറ്റത്തില്ല " എന്ന വിശദീകരണവുമായി വാങ്ങിയ ആള്‍ വന്നു.

ഓര്‍ത്തഡോക്‌സ് സഭയുടെ അണ്ടറില്‍ പ്രവര്‍ത്തിക്കുന്ന ആ പള്ളിയില്‍ യാക്കോബായ സഭയുടെ അണ്ടറിലുള്ള ഒരു പള്ളിയില്‍ നിന്നുള്ള ദേശകുറി സ്വീകാര്യമല്ലാ എന്നതായിരുന്നു യഥാര്‍ത്ഥ പ്രശ്‌നം. ( ഇന്നത്തെപ്പോലെ അന്നും പള്ളി വഴക്ക് എന്ന സ്വത്തു തര്‍ക്കം സജീവമായിരുന്നു എന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് ചിന്തിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. ) എന്നാല്‍ അത് തുറന്നു പറയുന്നതിനുള്ള നട്ടെല്ല് അവര്‍ കാണിക്കുന്നുമില്ല. കുറിയുടെ അവസാനത്തെ വാചകത്തില്‍ ആണ് കയറിപ്പിടിച്ചിരിക്കുന്നത്. ' ആയതിനാല്‍ ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് തടസ്സമില്ല ' എന്നത് സ്വീകാര്യമല്ലെന്നും, പകരം ' ഈ വിവാഹം നടത്തിക്കൊടുക്കുമാറാകണം ' എന്നായിരുന്നു വേണ്ടിയിരുന്നത് എന്നുമാണ് അവരുടെ മുടന്തന്‍ ന്യായം. വിവാഹം നടക്കില്ല എന്ന നില വന്നു. എറണാകുളം ജില്ലയില്‍ നിന്ന് ഒരുങ്ങിക്കെട്ടി ഒരു പെണ്ണിനേയും കൊണ്ട് വന്നിട്ട് ഒരൊറ്റ വാക്കിന്റെ തര്‍ക്കത്തില്‍ വിവാഹം നടക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന ഒരവസ്ഥ എത്ര ഭീകരമാണെന്ന്  അതനുഭവിച്ചവര്‍ക്കേ മനസ്സിലാവുകയുള്ളു.

വരനും, വധുവിനും ഓരോ കസേര അനുവദിച്ചു. അവര്‍ അതിലിരുന്നും, മറ്റുള്ളവര്‍ തറയില്‍ ഇരുന്നുമായി വിയര്‍ക്കുകയാണ്. കുശുകുശുപ്പുകളും, കൂടിയാലോചനകളും നടക്കുന്നുണ്ട്. ഒരു തുക പിഴയടച്ചാല്‍ ഒരു പക്ഷേ വിവാഹം നടന്നേക്കും എന്നൊരു അടക്കം പറച്ചില്‍ വന്നു. ഇക്കാര്യത്തില്‍ യാതൊരു തെറ്റും ചെയ്യാത്ത ഞങ്ങള്‍ എന്തിന് പിഴയടക്കണം എന്നായിരുന്നു എന്റെയും, എന്റെ സഹോദരങ്ങളുടെയും ഉറച്ച നിലപാട്. മണിക്കൂറുകള്‍ ഇഴയുകയാണ്, ഒന്ന്, രണ്ട്, മൂന്ന് ......

അവസാനം പള്ളിക്കാരുടേതായി ഒരു നിര്‍ദ്ദേശം വന്നു. വധുവിന്റെ പിതാവ് എന്ന നിലയില്‍ ഞാന്‍ ഒരു അഫിഡവിറ്റ് തയാറാക്കി പള്ളിക്ക് കൊടുക്കണം. അതില്‍ വധുവായ ഈ പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചിട്ടില്ലെന്നും, അതില്‍ കുട്ടികള്‍ ഇല്ലെന്നും, അത്തരത്തിലുള്ള യാതൊരു ബാദ്ധ്യതയും നിലവില്‍ ഇല്ലെന്നു പള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണെന്നും, ഈ വിശ്വസിപ്പിക്കലിന് വിപരീതമായി ഏതെങ്കിലും കാലത്തു ബോധ്യം വന്നാല്‍ ആയതിനുള്ള നഷ്ട പരിഹാരമായി മുപ്പതു ലക്ഷം ( എന്നാണോര്‍മ്മ ) രൂപാ പള്ളിക്ക് കൊടുത്ത് കൊള്ളാം എന്നുമാണ് അഫിഡവിറ്റ്. ഇങ്ങനെ സംഭവിക്കുന്നതായാല്‍ അതുമൂലം നഷ്ടം സംഭവിക്കാന്‍ ഇടയുള്ള വരനെക്കുറിച്ചോ, വരന്റെ വീട്ടുകാരെ കുറിച്ചോ പരാമര്‍ശനമില്ല. നഷ്ട പരിഹാരം കൊടുക്കേണ്ടത് പള്ളിക്കാണ് എന്നതാണ് താടി ജീവികളുടെ വിചിത്രമായ വാദം.

' നിവര്‍ത്തിയില്ലെങ്കില്‍ നീതിമാന്‍ എന്ത് ചെയ്യും? ' എന്ന അവസ്ഥയില്‍ ഞാന്‍ സമ്മതിച്ചു. ഞാനും, റോയിയും കൂടെ മുദ്രപ്പത്രം വാങ്ങാന്‍ വണ്ടിയുമായി പോകുന്‌പോള്‍ യാതൊരു പരിചയവുമില്ലാത്ത ആ പ്രദേശത്ത് ഒരു വണ്‍വേയില്‍ കയറുകയും പോലീസ് പിടികൂടുകയും ചെയ്തു. നമ്മുടെ അവസ്ഥ കരഞ്ഞു പറഞ്ഞെങ്കിലും പോലീസുകാരന്‍ വിട്ടയക്കാന്‍ തയാറായില്ല. പിന്നെ ഡല്‍ഹി പോലീസില്‍ ജോലി ചെയ്‌യുകയായിരുന്ന റോയിയുടെ ഐ. ഡി. കാര്‍ഡ് കാണിച്ചപ്പോള്‍ പോലീസുകാരന്റെ വര്‍ഗ്ഗ സ്‌നേഹം ഉണരുകയും. നിരുപാധികം ഞങ്ങളെ മോചിപ്പിക്കുകയും ചെയ്തു.

മുദ്രപ്പത്രത്തില്‍ ഒരു പള്ളി പ്രമാണി തന്നെ മുന്‍പറഞ്ഞ വ്യവസ്ഥകള്‍ എഴുതുകയും, എന്നെക്കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തു. അത് വരെ പള്ളിമേടയില്‍ വിശ്രമിക്കുകയായിരുന്ന വലിയ ഇടയന്‍ രംഗത്തെത്തുകയും, വിവാഹ ശുശ്രുഷകള്‍ ആരംഭിക്കുയും, നാലുമണിയോടെ പൂര്‍ത്തീകരിച്ച്  വധൂവരന്മാരെ സമൃദ്ധമായി അനുഗ്രഹിക്കുകയും,  ഫോറിന്‍ നിരക്കിലുള്ള കൈമുത്ത് സ്വീകരിച്ച് സ്ഥലം വിടുകയുമുണ്ടായി. ( പില്‍ക്കാലത്ത് അമേരിക്കയില്‍ കെട്ടിപ്പൊക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പള്ളികള്‍ക്കുള്ള പിരിവുകളുമായി അതിന്റെ പ്രവര്‍ത്തകര്‍  എന്നെ സമീപിക്കുന്‌പോള്‍ അവരുടെ മുന്നില്‍ ഞാന്‍ ഈ നാറ്റക്കഥ കെട്ടഴിക്കും. അതും കേട്ടിട്ടും ഇഞ്ചി തിന്ന കുരങ്ങിന്റെ മുഖവുമായി, കൊടുക്കുന്ന പണം വാങ്ങിക്കൊണ്ടല്ലാതെ ആരും പോയിട്ടില്ല. )

രാവിലെ മുതല്‍ ഒന്നും കഴിക്കാന്‍ അവസരം കിട്ടാതെ വിശന്നു വലഞ്ഞിരുന്ന ഞങ്ങള്‍ വിവാഹ സദ്യയും കഴിച്ചിറങ്ങുന്‌പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. ഇതിനിടയില്‍ സമയത്ത് ആഹാര ശേഷം മരുന്ന് കഴിക്കേണ്ടിയിരുന്ന ചില പ്രായമായവര്‍ക്ക് ചെറിയ നിലയില്‍ തല കറക്കം ഒക്കെ ഉണ്ടായെങ്കിലും, അത്യാഹിതങ്ങള്‍ ഒന്നുമുണ്ടാവാതെ എല്ലാം അവസാനിച്ചു. എല്ലാചടങ്ങുകളും ഒരു വിധത്തില്‍ അവസാനിപ്പിച്ചു തിരിച്ചു വീട്ടിലെത്തുന്‌പോള്‍ നേരം പാതിരാത്രി ആയിക്കഴിഞ്ഞു എന്നറിയിച്ചു കൊണ്ട് ഗ്രാമ വീടുകളില്‍ വളര്‍ത്തുന്ന പാതിരാക്കോഴികള്‍ കൂവിത്തുടങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക