Image

റെക്കോര്‍ഡുകള്‍ തൂത്തുവാരി മാമാങ്കം; കളക്ഷന്‍ 100 കോടി പിന്നിട്ടു

Published on 21 December, 2019
റെക്കോര്‍ഡുകള്‍ തൂത്തുവാരി മാമാങ്കം; കളക്ഷന്‍ 100 കോടി പിന്നിട്ടു

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം റെക്കോര്‍ഡുകള്‍ തൂത്തുവാരുന്നു.

റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആണ് സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി പിന്നിട്ടതായി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം സമ്മിശ്രമാണ്. ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണിപ്പോള്‍. മുന്‍പ് മമ്മൂട്ടിയുടെ ചിത്രമായ മധുരരാജയും നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.

ഹോങ്കോങ്ങ് ആസ്ഥാനമായ വിതരണ കമ്ബനി റെക്കോര്‍ഡ് വിലയ്ക്കാണ് മാമാങ്കത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം റെക്കോര്‍ഡ് സ്വന്തമാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

മാമാങ്കത്തില്‍ ജീവന്‍ വെടിഞ്ഞ ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന 'പരാജയപ്പെട്ട' ചാവേറിന്‍റെയും 12 വയസ്സുകാരന്‍ ചന്തുണ്ണിയുടേയും തലമുറകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.

എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിതാര, ഇനിയ, മണിക്കുട്ടന്‍, പ്രാച്ചി തെഹ്ലാന്‍, സിദ്ധിഖ്, തരുണ്‍ അരോറ, മാല പാര്‍വ്വതി, സുരേഷ് കൃഷ്ണ, മേഘനാഥന്‍, മണികണ്ഠന്‍ ആചാരി, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക