Image

സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക്‌ നടപ്പാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്തണം: അഡ്വ. പി.എം.എ സലാം

ഷക്കീബ്‌ കൊളക്കാടന്‍ Published on 14 May, 2012
സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക്‌ നടപ്പാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്തണം: അഡ്വ. പി.എം.എ സലാം
റിയാദ്‌: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക്‌ നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം പൂര്‍ണമായി ലഭ്യമാക്കാന്‍ പ്രവാസികള്‍ ശ്രമിക്കണമെന്ന്‌ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. പി.എം.എ സലാം. റിയാദില്‍ വിവിധ സാമൂഹ്യ സാസ്‌കാരിക സംഘടനാ പ്രതിനിധികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഇരു സര്‍ക്കാറുകളും പ്രഖ്യാപിക്കാറുണ്‌ട്‌. പ്രവാസികള്‍ ഇതേകുറിച്ച്‌ അജ്ഞരാണ്‌. ഇത്തരം ഘട്ടങ്ങളില്‍ പ്രവാസി സംഘടനകളും മാധ്യമങ്ങളും അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കണം. അധികാരികളുടെ ഭാഗത്ത്‌ നിന്നുണ്‌ടാവുന്ന ആനുകൂല്യങ്ങള്‍ തല്‍സമയങ്ങളില്‍ പ്രവാസികളെ ബോധ്യപ്പെടുത്തുന്നതില്‍ സംഘടനകളും മാധ്യമങ്ങളും ഒറ്റക്കെട്ടായ നീക്കം നടത്തണമെന്ന്‌ പി.എം.എ സലാം പറഞ്ഞു.

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ വിദേശത്തുള്ളവര്‍ക്ക്‌ ലഭ്യമാക്കുന്നതിനും ബോര്‍ഡിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നതിനും അംഗങ്ങളായി ചേരുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന്‌ ജിദ്ദ, റിയാദ്‌, ദമാം എന്നിവിടങ്ങളില്‍ ലെയ്‌സണ്‍ ഓഫീസുകള്‍ തുറക്കും.

നോര്‍ക്കക്കു കീഴില്‍ കമ്പനി ആക്‌ട്‌ പ്രകാരം പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനത്തിന്റെ 15 ശതമാനം ക്ഷേമനിധി ബോര്‍ഡിന്‌ നല്‍കുന്നുണ്‌ട്‌. ഇതുപയോഗിച്ചാണ്‌ കാരുണ്യം, സാന്ത്വനം, സ്വപ്‌ന സാഫല്യം പദ്ധതികള്‍ നടപ്പാക്കുന്നത്‌. കാരുണ്യം പദ്ധതി പ്രകാരം വിദേശത്ത്‌ നോര്‍ക്ക റൂട്ട്‌സില്‍ അംഗങ്ങളായവര്‍ വിദേശത്ത്‌ മരണമടഞ്ഞാല്‍ മൃതദേഹം നാട്ടില്‍ കൊണ്‌ടുവരുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കും.

മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന പദ്ധതിയാണ്‌ സാന്ത്വനം. ജയില്‍ മോചിതരായവര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കുന്ന പദ്ധതിയാണ്‌ സ്വപ്‌ന സാഫല്യം. പ്രവാസി ബോര്‍ഡിനുകീഴില്‍ പ്രവാസി ഗ്രാമം എന്ന പേരില്‍ പ്രവാസി ഭവന പദ്ധതി ആവിഷ്‌കരിക്കും. ആദ്യ ഘട്ടത്തില്‍ രണ്‌ടു ജില്ലകളിലാണ്‌ പദ്ധതി ആരംഭിക്കുക. സാധാരണക്കാരായ പ്രവാസികള്‍ക്ക്‌ കുറഞ്ഞ ചിലവില്‍ വീട്‌ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണിത്‌. കുറഞ്ഞ പലിശ നിരക്കില്‍ വീട്‌ നിര്‍മിക്കുന്നതിന്‌ വായ്‌പ അനുവദിക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്‌.

കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്‌ കുന്നുമ്മല്‍ കോയ, ജനറല്‍ സെക്രട്ടറി എം. മൊയ്‌തീന്‍ കോയ, യു.പി മുസ്‌തഫ, നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റ്‌ ശിഹാബ്‌ കൊട്ടുകാട്‌, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക്‌ നടപ്പാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്തണം: അഡ്വ. പി.എം.എ സലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക