Image

പൗരത്വ ഭേദഗതി ബില്‍; ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കേളി പ്രതിഷേധിച്ചു

Published on 19 December, 2019
പൗരത്വ ഭേദഗതി ബില്‍; ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കേളി പ്രതിഷേധിച്ചു


റിയാദ് : ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിനു നേതൃത്വം നല്‍കുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധിക്കുന്നതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തെ വിഭജിക്കുന്നതുമായ ഇത്തരം നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളും ജനാധിപത്യ മതേതര വിശ്വാസികളും ഒന്നടങ്കം സമരത്തിലാണ്. ഇതിനു നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റു ചെയ്ത് സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല. സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, ഡി രാജ, പ്രകാശ് കാരാട്ട് , ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി ഒട്ടനവധി പേര്‍ ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിന് യോഗ്യരായിത്തീരുകയോ പൗരത്വത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയോ ചെയ്യുന്ന പുതിയ നിയമം തികച്ചും വംശീയവും വിവേചനപരവും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയും മതനിരപേക്ഷ നീതിയേയും ഇല്ലാതാക്കുന്നതാണ്. മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാനുസൃതമായ പൗരത്വ നിയമം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ സമരത്തിന് കേളി കലാസാംസ്‌കാരിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേളിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 നു (വെള്ളി) വൈകിട്ട് 7 ന് ബത്ഹ സഫാമക്ക ഹാളില്‍ നടക്കുന്ന 'പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍' എന്ന പ്രതിഷേധ സംഗമത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക