രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നൽകേണമേ-9 (ദുര്‍ഗ മനോജ്)
EMALAYALEE SPECIAL
19-Dec-2019
Durga Manoj
EMALAYALEE SPECIAL
19-Dec-2019
Durga Manoj

അവൻ ദരിദ്ര ജനത്തെ രക്ഷിക്കുകയും അവരെ പീഡിപ്പിക്കുന്നവരെ തകർത്തു കളയുകയും ചെയ്യട്ടെ.... " (എഴുപത്തിരണ്ടാം സങ്കീർത്തനം)
രാജാവ് പ്രജകൾക്കു വേണ്ടിയാണ് ഭരിക്കേണ്ടത്. അവൻ എപ്രകാരം ഏറ്റവും ദരിദ്രനു വേണ്ടി നിലകൊണ്ടുവോ അപ്രകാരം രാജാവ് പ്രജകളിലെ ഏറ്റവും നിസാരക്കാരനു വേണ്ടി നിലകൊള്ളണം.
അത് പ്രയാസമാണ് ഇന്നത്തെ ലോകത്തിൽ. കാരണം ഇന്ന് ഗതിവിഗതികൾ നിയന്ത്രിക്കപ്പെടുന്നത് തലച്ചോറു കൊണ്ട് ചിന്തിക്കുന്നവരാലാണ്. അവർ ഒരു നിമിഷത്തിൽ ഒഴുകിയെത്തേണ്ടുന്ന പണത്തിനു മാത്രമാണ് മൂല്യം കൽപ്പിക്കുക. നാം കണ്ടിട്ടില്ലേ ചെറു തോടുകളുടെ കരയിൽ പകുതി ജലത്തിലും പകുതി കരയിലുമായി ബഹുവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കാക്കപ്പൂക്കളേ, ആരാണ് അവയുടെ ഭംഗി ഒരു നിമിഷം നോക്കി നിൽക്കാത്തത്? എന്നാൽ അവയുടെ നിലനിൽപ്പ് ആരുടെയെങ്കിലും ഉറക്കം കെടുത്താറുണ്ടോ? ഇല്ല.പക്ഷേ അവ നിരന്തരം പൂവിട്ടു കൊള്ളും നമുക്കായ് എന്നൊരു ചിന്ത മാത്രമാണ് നമുക്കുള്ളത്. കാക്കപ്പൂവുകളോളമോ, അതിലേറെയോ നിസ്സാരമായാണ് നാം, നമ്മുടെ ഭരണാധികാരികൾ ഒക്കെ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കാണുന്നത് എന്നത് ആരാണ് ചിന്തിക്കാറ്?
തലച്ചോറു കൊണ്ട് ചിന്തിക്കുന്നവർ ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ പിന്തള്ളുന്നു.
യഥാ രാജ തഥാ പ്രജ
എന്നു ശാസ്ത്രം.
ഓരോ ജനതക്കും അവർക്ക് അനുയോജ്യമായ ഭരണാധികാരികളെ ലഭിക്കുന്നുവെന്നും പണ്ഡിതമതം.
അപ്പോൾ പ്രജയെപ്പോലെ രാജാവ് എന്നും രാജാവിനെപ്പോലെ പ്രജയെന്നും പറയുവാനാകും. ലോകമെങ്ങും ഇന്ന് പടരുന്ന നീതി അസമത്വത്തിന്റേതാണ്. ദേശാടനപ്പക്ഷിയായ ഹുബാരകൾ പാകിസ്ഥാനിൽ വിദേശ രാജകുമാരന്മാരുടെ നായാട്ട് വിനോദത്തിന് ഇരയാവുമ്പോൾ ഇങ്ങ് കേരളത്തിൽ മനോനില തെറ്റിയ ഒരു സാധു ചെറുപ്പക്കാരൻ, കള്ളനെന്ന് മുദ്രകുത്തപ്പെട്ട് സദാചാര പോലീസായി ചമഞ്ഞ കാടന്മാരുടെ കടുത്ത പീഡനമേറ്റ് ചത്തൊടുങ്ങി. അതൊരു മധുവിൽ അവസാനിക്കുന്നില്ല എന്നും ഒന്നിൽ നിന്നും ജനങ്ങൾ പാഠം പഠിക്കുന്നില്ല എന്നതുമാണ് തലസ്ഥാനത്തെ അരും കൊലയും നമ്മെ പഠിപ്പിക്കുന്നത്.
ഇവിടെ ആരംഭിക്കുകയാണ് സാധുജനങ്ങളുടെ നിലവിളി. ആ രോദനം ആകാശം പിളർത്തി നിന്റെ കർണ്ണങ്ങളിൽ പതിക്കട്ടെ. ഭരണാധികാരികൾ അവരുടെ അധികാര പരിധിയിലെ ഏറ്റവും പരാജയപ്പെട്ടവന്റെ ഏറ്റവും ദരിദ്രന്റെ കണ്ണീരൊപ്പാൻ ശ്രമം തുടങ്ങുമ്പോൾ മാത്രം ആ രാജ്യം ദൈവത്തിന്റെ സ്വന്തം രാജ്യമായി മാറും.കണക്കിന്റെ കളിയാണ് സാമ്പത്തികരംഗം. അതിൽ എല്ലാവരും മുന്നിലെത്തണമെന്നില്ല. കാരണം ആത്യന്തികമായി ദൈവം അവന്റെ സന്താനങ്ങളെ സൃഷ്ടിച്ചത് ധനികരായി ലോകം നിറയ്ക്കുവാനല്ല.മറിച്ച് ദൈവീക ഗുണങ്ങളായ ദയയും, സ്നേഹവും കാരുണ്യവും ലാളിത്യവും ഒക്കെ മനസിലാക്കി അത് പ്രയോഗിച്ച് ലോകം മറ്റൊരു സ്വർഗ്ഗമാക്കി മാറ്റുവാനാണ്. എന്നാൽ നമ്മൾ മനുഷ്യർദൈവീക പദ്ധതികളെ തുരങ്കം വച്ച് അവയും സാമ്പത്തിക പദ്ധതികളാക്കി മാറ്റി. വീണ്ടും ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ പരാജയപ്പെട്ടു കൊണ്ടിരുന്നു.
എങ്കിലും നാഥാ ഞാൻ നിന്നിലുള്ള വിശ്വാസത്തിൽ കടുകിട പോലും വീഴ്ച വരുത്താതെ കാത്തിരിക്കുന്നു. നിന്റെ രാജ്യം വരും...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments