Image

എന്റെ നാഥന്‍ എന്നോടു കരുണ ചെയ്യുന്നു-8 (ദുര്‍ഗ മനോജ്)

Published on 17 December, 2019
എന്റെ നാഥന്‍ എന്നോടു കരുണ ചെയ്യുന്നു-8 (ദുര്‍ഗ മനോജ്)
നൂറ്റിനാല്‍പ്പത്തിരണ്ടാം സങ്കീര്‍ത്തനമാണ് ഈ ക്രിസ്മസ് കാലത്ത് ഏറെ പ്രസക്തം. കുടുംബത്തോടു ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും അന്തരാത്മാവില്‍ ആയിരം വട്ടം ആവര്‍ത്തിക്കേണ്ട വാചകം.

'......എന്റെ ആത്മാവ് ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീയെന്റെ പാതയെ അറിയുന്നു.......

ഒരു നിലവിളി പോലാണ് അന്തരാത്മാവില്‍ നിന്നും അതുയരുന്നത്. തകര്‍ന്നു പോയിരിക്കുന്നു എന്റെ ദൈവമേ ഞാന്‍. ഒരു മണ്‍പാത്രമുടയുന്ന പോലെ ഞാന്‍ ചിതറിത്തെറിച്ചിരിക്കുന്നു. ഒരിക്കലും ചേര്‍ത്ത് വയ്ക്കുവാനാകാത്ത വിധം എന്റെ മനസ് അതിദ്രുതം ഖണ്ഡിക്കപ്പെട്ടിരിക്കുന്നു.
ഓരോ ദുരിതങ്ങളില്‍പ്പെടുമ്പോഴും നാം ഉള്ളില്‍ ഇതിലുമാഴത്തില്‍ കേഴും. കാരണം നാം ആലംബമില്ലാത്തവരാണ്. വടവൃക്ഷത്തണലിലെ ചെറു ജന്തുക്കളെപ്പോലെയാണ് നാം. ഏക ആലംബം അവന്‍ തന്നെ.

ഉരുകുന്ന മെഴുകുതിരിയുടെ മുന്നില്‍ അതിനേക്കാള്‍ ഉരുകിയ മനസുമായി ഇരുന്നതോര്‍ക്കുന്നുവോ? എന്തായിരുന്നു അന്നു നിങ്ങള്‍ക്ക് ഇല്ലാതിരുന്നത്? പണമോ പ്രതാപമോ ബന്ധുബലമോ ആരോഗ്യമോ ? എന്നിട്ടും മനസ് തകര്‍ന്നപ്പോള്‍ ,കണ്ണില്‍ ചോര പൊടിഞ്ഞപ്പോള്‍ ഏക ആലംബം അവന്‍ മാത്രം.
അവന്റെ മുഖത്തെ കാരുണ്യം നമ്മുടെ തപിക്കുന്ന ഹൃദയത്തെ തണുപ്പിക്കുന്നു. അവന്റെ തേജസ്സുറ്റ കണ്ണുകള്‍ നമ്മുടെ ശത്രുക്കളെ നമുക്ക് മുന്നില്‍ പരാജിതരാക്കുന്നു.

അവന്റെ കാരുണ്യത്തിനായി നാം ചെയ്യേണ്ടത് എന്താണ്?
അവന് വേണ്ടത് പൊന്നും പണവും മേടകളുമല്ല മറിച്ച് നമ്മുടെ നിഷ്‌കളങ്ക ഭക്തി മാത്രമാണ്.
അവളെ കല്ലെറിഞ്ഞവരോട് നിങ്ങളില്‍ പാപികളല്ലാത്തവര്‍ കല്ലെറിയൂ എന്ന് പറയുവാന്‍ ദൈവപുത്രനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക? അവന്‍ നമ്മോട് ക്ഷമിച്ചു കൊണ്ടിരിക്കുകയാണ് അനുനിമിഷം എന്നറിയുക. നാം പറയുന്ന ഓരോ കളവും അവന്റെ ഹൃദയത്തില്‍ മുറിപ്പാട് സൃഷ്ടിക്കുന്നത് നിങ്ങള്‍ക്കു കാണുവാനാകുന്നുണ്ടോ?
യഥാര്‍ത്ഥ ഭക്തന്‍, അവന്‍ ഒരു പാപം ചെയ്യുന്ന നിമിഷത്തില്‍ത്തന്നെ തന്റെ നാഥന്‍ ആ പാപം കൊണ്ടുണ്ടായ മുറിവേറ്റ് പിടയുന്നത് തിരിച്ചറിയും. അങനെ തിരിച്ചറിയുവാനായാല്‍ എങ്ങനെ ഒരാള്‍ക്ക് പാപം പ്രവര്‍ത്തിക്കുവാനാകും?

അവന്‍ നമുക്ക് വേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങിയവനാണ്. നമ്മുടെ പാപങ്ങള്‍ അവനില്‍ മുറിവുകള്‍ സൃഷ്ടിച്ചു. നമ്മള്‍ ചിന്തിച്ചു അത് കുരിശില്‍ തറച്ചപ്പോള്‍ സംഭവിച്ചതാണെന്ന്. മനുഷ്യന്റെ പാപഭാരം സ്വയം ഏറ്റെടുത്ത എന്റെ ദൈവപുത്രാ... നിന്നോളം കാരുണ്യം ഈ ലോകത്തിന്‍ മറ്റെന്തിലുള്ളൂ.....
നിന്റെ ജന്മദിനം അമ്മ പരിശുദ്ധ കന്യാമറിയത്തോടൊത്ത് തൊഴുത്തിലെ നിസ്സാര ജീവികള്‍ക്കൊപ്പം പുഞ്ചിരിയോടെ കിടന്ന് നീ ലോകത്തെ പഠിപ്പിച്ചു സമ്പത്തും പദവിയും ഒന്നുമല്ല ഈ ലോകത്ത് പ്രധാനമെന്ന്. എളിമയും ലാളിത്യവും കാരുണ്യവുമാണ് നിന്നിലേക്കുള്ള വഴിയെന്ന്.

നാഥാ,
എന്റെ വിഷാദം നീ ഏറ്റെടുക്കുന്നു
എന്റെ പാപം നീ പൊറുക്കുന്നു
എന്റെ ,നിന്റെ മേലുള്ള സംശയങ്ങള്‍ നീ കരുണയോടെ സ്വീകരിക്കുന്നു.

എന്റെ ദൈവമേ.. നീ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും മഹത്വം പ്രവര്‍ത്തിക്കുന്നു
നിനക്ക് സ്വസ്തി.
എന്റെ നാഥന്‍ എന്നോടു കരുണ ചെയ്യുന്നു-8 (ദുര്‍ഗ മനോജ്)
Join WhatsApp News
ഇത് ഇ മലയാളിയില്‍ വേണമോ 2019-12-18 08:09:21
 ഇത്തരം ഒരു ലേഘനം ഇ മലയാളിയില്‍ തന്നെ വേണമായിരുന്നോ?
ഏതൊ പള്ളിക്കാരുടെ നുസ്സ് ലെറ്റര്‍ ആയി അധപതിക്കരുത്.
-ചാണക്യന്‍ 
മാരക വൈറസ് 2019-12-18 13:02:36

ഏറ്റവും മാരകമായ വൈറസ് : മതവൈറസ്

ഏതാണ്ട് 6000 കൊല്ലം പഴക്കമുള്ള ഈ രോഗം, അച്ഛനോ അമ്മക്കോ ഉണ്ടെങ്കിൽ കുടുംബത്തിലെ കുട്ടികൾക്കും പിടിപെടും.
അനേകലക്ഷം ജീവനുകൾ ഇതിനകം ഈ മാരകവിഷത്തിന്റെ ബലിയാടുകളായിക്കഴിഞ്ഞിട്ടുണ്ട്.

പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം മിക്ക പാശ്ചാത്യരാജ്യങ്ങളിൽ നിന്നും ഇപ്പോൾ തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നു! എന്നാൽ മതവിശ്വാസത്തെ വൻവ്യവസായമാക്കി മാറ്റിയ രാജ്യങ്ങളാണ് എണ്ണത്തിൽ കൂടുതൽ.

ചെറുപ്പം മുതൽ വീട്ടിലെ മുതിർന്ന മതരോഗികൾ കാണിക്കുന്ന രോഗലക്ഷണങ്ങൾ പാരമ്പര്യമായി തുടർന്നുപോകുക എന്നതാണ് കണ്ടുപോരുന്നത്.

മൂത്ത രോഗികൾ നടത്തുന്ന ക്ലാസുകളിൽ പോകുന്നതോടെ രോഗം മൂർച്ഛിക്കും!

ജനനത്തോടെ നടത്തപ്പെടുന്ന പേരിടൽ, ചരടുകെട്ടൽ, മാമോദീസ, മാർഗ്ഗം കൂടൽ, സുന്നത്ത് തുടങ്ങിയ പരിപാടികളിൽകൂടി രോഗാണു ശരീരത്തിൽ കയറുന്നതോടെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.

ഈ വൈറസ് ആദ്യം അറ്റാക്ക് ചെയ്യുന്നത് തലച്ചോറിനെയാണ്. മതവൈറസ് രോഗിയിൽ കേറിക്കഴിഞ്ഞാൽപ്പിന്നെ, ജീവിക്കാൻ അവശ്യം വേണ്ട യുക്തിയും ചിന്തയും മരവിക്കുകയും വിവേകം നഷ്ടപ്പെടുകയും മറ്റു മതങ്ങളെ വെറുക്കുകയും ചെയ്യുന്ന ഒരു പ്രത്യേക മാനസ്സികാവസ്ഥയിൽ എത്തുകയും ചെയ്യും. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റു മതക്കാർ എല്ലാവരും വിവരദോഷികളെന്നും അഹങ്കിരിക്കും. രോഗം മൂർച്ഛിച്ചാൽ സ്വന്തം മതത്തിനുവേണ്ടി മരിക്കാൻവരെ തയ്യാറാകും !

സഹജീവികൾ ഈ രോഗത്തിൽ നിന്നു വല്ലവിധേനയും രക്ഷപ്പെട്ടാൽ അവരെയും കടന്നാക്രമിക്കുന്ന പ്രവണത വ്യാപകമായി കണ്ടുവരാറുണ്ട്. കാരണം, തലച്ചോറിനെ ഇത് ബാധിച്ചാൽ പിന്നെ ചിന്തകൾ പ്രവർത്തിക്കില്ല!

താഴേക്കിടയിലുള്ള പാവപ്പെട്ടവരിലാണ് ഈ രോഗം വളരെ ശക്തമായി കണ്ടുവരുന്നത് !

ഒരേ സമൂഹക്കാർക്ക് ഈ രോഗം പല പേരിൽ തലച്ചോറിൽ ബാധിച്ചതായി കാണുന്നു:
കത്തോലിക്കാ, ലാറ്റിൻ, സിറിയൻ, യഹോവസാക്ഷികൾ, പെന്തകൊസ്ത്, പ്രൊട്ടസ്റ്റന്റ്, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ, മലങ്കര, സീറോ മലബാർ, നമ്പൂതിരി, നായർ, മേനോൻ, വാരിയർ, പിള്ള, പണിക്കർ, ഈഴവ, അരയ, വിശ്വകർമ്മ, പത്മശാലിയ, സാംബവ, പുലയ, തീയ, വേട്ടുവ, പറയ, ഉള്ളാട, ചെറുമ, ചണ്ടാള, സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, സലഫി, അഹലേ ഖുർആൻ, അഹലേ ഹദീസ്, ഖുർആൻ സുന്നത്ത്, ത്വബലീഗ്, ഖാദിയാനി, കച്ചി, സൂഫി, ഷിയാ etc.

പ്രായപൂർത്തിയാകുംവരെ മതബോധനക്ലാസ്സുകൾ തടയുക എന്ന ഒരൊറ്റമൂലിയേ പുതുതലമുറയെ ഈ രോഗത്തിൽനിന്നു മുക്തരാക്കാൻ സഹായിക്കൂ!

Adapted from James Peter - copied & posted by  -andrew

എന്നെ മാത്രം രക്ഷിക്കുന്ന വിശ്വാസം 2019-12-18 13:05:08

എന്റെ വിശ്വാസപ്രമാണങ്ങൾ.

പരീക്ഷയിൽ ജയിക്കാൻ വിശുദ്ധ യൂദാ തന്നെ സഹായിച്ചെന്നും, വട്ടായിയുടെ ധ്യാനം കൂടിയപ്പോൾ കൊളസ്‌ട്രോൾ ലവൽ താണുവെന്നും കുഞ്ഞാടിന് വിശ്വസിക്കാൻ സ്വാതന്ത്ര്യമുള്ളതുപോലെ, എന്റെ വിശ്വാസങ്ങളുമായി ജീവിക്കാനും, അതുറക്കെ പറയാനുമുള്ള സ്വാതന്ത്ര്യം എനിക്കുള്ളതുകൊണ്ട് കുഞ്ഞാടുകൾ എന്നോട് വഴക്കിനു വരേണ്ട.

ഞാൻ പറയുന്നത് എന്റെ വിശ്വാസങ്ങളാണ്.

ഞാൻ കാണുന്ന കത്തോലിക്കാപുരോഹിതർ പറയുന്നത് മുഴുവൻ നുണകളാണ്.

നുണ പറയുന്ന പുരോഹിതർ ആധുനിക പ്രതിഭാസമല്ല. അവർ അങ്ങനെയായിരുന്നു - എന്നും, എവിടെയും.

ബൈബിൾ ദൈവവചനമാണെന്ന വിശ്വാസം എനിക്കില്ല. കള്ളക്കത്തനാന്മാരുടെ പൂർവികർ കെട്ടിച്ചമച്ചതാണ് അതൊക്കെ. അതിൽ ദൈവികമായി യാതൊന്നുമില്ല.

തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞ പത്രോസ്, സക്കേവൂസിന്റെ വീട്ടിൽ ആട്ടിറച്ചിയുണ്ട് എന്നറിഞ്ഞ യേശു അവന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചത്.

സത്യത്തിന്റെ അംശങ്ങളും ബൈബിളിലുണ്ട്.

തങ്ങളുടെ കർത്താവിനെ കുരിശിൽ തറച്ചുകൊന്ന സീസറിന്റെ നാടായ റോമിലേക്ക് കുടിയേറി, അവിടെ തമ്പടിച്ച അപ്പസ്തോലന്മാർ കത്തോലിക്കാസഭയുടെ ശത്രുവായ ബ്രിട്ടനിലേക്ക് കുടിയേറിയ സീറോയുടെ സ്രാമ്പിക്കൻ-ടീമിനെയാണ് ഓർമ്മപ്പെടുത്തുന്നത്.

അവരെന്നും നുണകൾ പറയുകയും, സത്യത്തെ പുതപ്പിച്ചുകിടത്തുകയും ചെയ്തിരുന്നു.

അവർ പറഞ്ഞിട്ടുള്ളതും പറയുന്നതും, ഭാവിയിൽ പറയാൻ പോകുന്നതും മൊത്തം ഞാനെടുത്ത് തോട്ടിൽ കളഞ്ഞിരിക്കുന്നു.

എനിക്ക് അവരുടെ ഒരു സേവനവും വേണ്ട..

അവർ എന്നെ ശല്യപ്പെടുത്തരുത്.

A.P. Kaattil. 2019-12-19 00:42:50
ഒരു നിരീശ്വരനു ഒരിക്കലും ദഹിക്കുന്നതല്ല ഒരു വിശ്വാസിയുടെ വചന പ്രഘോഷണം. ക്രിസ്തുവിനോടുള്ള സ്നേഹം, അതെപ്രകാരം കാത്തു സൂക്ഷിക്കണമെന്ന് ഒരു വിശ്വസി എഴുതുമ്പോൾ പാശ്ച്ചാത്യ ദേശങ്ങളിൽ ക്രിസ്തുമതം മരിച്ചു കൊണ്ടിരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന മത വിരോധികളുടെ ഫലിതങ്ങൾ എങ്ങും ഒരു ചലനവും സൃഷ്ടിക്കുന്നില്ല. മതവിരോധികൾക്കെതിരെ പ്രതികരിക്കാത്തതു കൊണ്ട് ഇ മലയാളിയുടെ വായനക്കാർ വിശ്വാസികളല്ല എന്ന തെറ്റിദ്ധാരണ വേണ്ട. ദുർഗാ മനോജിന് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക