Image

ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ അബുദാബി പോലീസ് സന്നദ്ധര്‍

Published on 17 December, 2019
ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ അബുദാബി പോലീസ് സന്നദ്ധര്‍
അബുദാബി: അടിയന്തര സാഹചര്യങ്ങളില്‍ ഏതുതരത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യാന്‍ അബുദാബി പോലീസ് സന്നദ്ധരാണെന്ന് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്രൂയി. ഡിസംബര്‍ 16 ന് ഫെയര്‍മോണ്ട് ബാബ് അല്‍ ബഹര്‍ ഹോട്ടലില്‍ അബുദാബി പോലീസ് സംഘടിപ്പിച്ച 'തയാറെടുപ്പും സംയോജനവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു ദുരന്തമോ അടിയന്തര സാഹചര്യമോ ആകട്ടെ, മന്ത്രാലയങ്ങള്‍ക്കു വിവിധ വകുപ്പുകള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനും സേവന ശൃംഖല തുടരുന്നതിനും നൂതന സംവിധാനങ്ങള്‍ അബുദാബി പോലീസിന് ലഭ്യമാണ്. അപകടസാധ്യതകള്‍ പ്രവചിക്കുകയും വിപുലമായ തലത്തിലുള്ള പരിശീലനവുമായി വ്യത്യസ്ത അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സേന എപ്പോഴും സന്നദ്ധരാണെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റു പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ നേരിടാന്‍ സേന വിവിധ 'പങ്കാളികളുമായി' ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുമെന്ന് അബുദാബി പോലീസ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗം മേധാവി കേണല്‍ അഹമ്മദ് അല്‍ കെണ്ടി പറഞ്ഞു.

'സുപ്രധാന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പുന സ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രതിസന്ധി നേരിടുമ്പോള്‍ പൊതുജനങ്ങള്‍ 999 എന്ന നമ്പറിലേക്ക് വിളിക്കുന്നത് ആളുകള്‍ ഞങ്ങളെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. അതുമൂലം എല്ലാ അടിയന്തര സേവനങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കാനാകുമെന്ന് ഉറപ്പു വരുത്തണ്ടത് ഞങ്ങളുടെ കടമയാണ്. ഇത് ഞങ്ങള്‍ ഞങ്ങളുടെ പങ്കാളികളുമായുള്ള ഏകോപനത്തിലും സഹകരണത്തിലും ഏറ്റവും ഫലപ്രദമായി ചെയ്യുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക