Image

സിഗ്‌നേച്ചര്‍ (സുനീതി ദിവാകരന്‍)

Published on 15 December, 2019
സിഗ്‌നേച്ചര്‍ (സുനീതി ദിവാകരന്‍)
മക്കളുടെ സ്കൂളില്‍ സംഘടിപ്പിച്ച ഒരു മോട്ടിവേഷണല്‍ ക്ലാസ്സില്‍ പങ്കെടുക്കുകയാണ് കഥാനായിക. സത്യം !!!!!!!!!! എന്തൊരു മോട്ടിവേഷന്‍ !!!!!!!!!!!എത്ര ഊര്‍ജസ്വലമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നതു !!!!!!!കണ്ണിമ വെട്ടാതെ,  ചെവി കൂര്‍പ്പിച്ചു അത്ഭുതാദരങ്ങളോടെ ഇരിക്കുകയാണ് നായിക.  ക്ലാസ് അവസാനിപ്പിച്ചു കൊണ്ട് മോട്ടിവേറ്റര്‍ പറഞ്ഞ ഒരു കാര്യം മാത്രം നായികക്ക് മനസ്സിലായില്ല. 
" നമ്മളെല്ലാവരും ഒരു സിഗ്‌നേച്ചര്‍ അവശേഷിപ്പിച്ചിട്ടു വേണം ഇവിടം വിട്ടു പോവാന്‍ "
വില്പത്രത്തിന്റെ അവസാനം ഇടുന്ന സിഗ്‌നേച്ചര്‍ അല്ലെന്നു മോട്ടിവേറ്റര്‍  തമാശ രൂപത്തില്‍ പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ നായികാ കൂടുതല്‍ ആശയക്കുഴപ്പത്തിലായി.  പിന്നെ എന്ത് സിഗ്‌നേച്ചര്‍ ആവും അത് ?.
ഒരു ഇമെയില്‍ കംപോസ് ചെയ്യുമ്പോള്‍ സിഗ്‌നേച്ചര്‍ സെറ്റ് ചെയ്യാന്‍ നായികക്ക് അറിയും.  അതിലപ്പുറം ഒരു സിഗ്‌നേച്ചര്‍ അവശേഷിപ്പിക്കുന്നതിനെപ്പറ്റി നായിക ഇപ്പോഴാണ് കേള്‍ക്കുന്നത്.  എങ്ങിനെ ആയിരിക്കണം തന്റെ സിഗ്‌നേച്ചര്‍ ?.  നായിക ആലോചനയില്‍ മുഴുകി. 
  വിശ്വസ്തതയോടെ......
  ആത്മാര്‍ത്ഥതയോടെ....
  സത്യസന്ധതയോടെ....
 സ്‌നേഹത്തോടെ....
അല്ല,  ഒന്നും അങ്ങോട്ട് ശരി ആവുന്നില്ല.  ഒടുവില്‍,  ഇവിടെ ഈ സ്വര്‍ഗം പോലെ സുന്ദരമായ ഭൂമിയില്‍ ഇങ്ങനെയൊക്കെ ജീവിക്കാന്‍ അവസരം കിട്ടിയതിനു
നന്ദിയോടെ............എന്നെഴുതി അതിനു താഴെ  നായിക തന്റെ പേരെഴുതി ഒപ്പിട്ടു.
ഇതാണ് എന്‍റെ സിഗ്‌നേച്ചര്‍.                                                              




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക