ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ താന്‍ തൂക്കിലേറ്റാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങ്. നാലു പ്രതികള്‍ക്കും താന്‍ വധശിക്ഷ നടപ്പാക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വന്തം രക്തത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതികൊണ്ട് വര്‍ത്തിക രംഗത്തെത്തിയത്. ഇന്ത്യയില്‍ ബലാത്സംഗത്തിനിരയായ ഒരോ വനിതകള്‍ക്കും വേണ്ടി നിര്‍ഭയ കേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്നാണ് വര്‍ത്തിക ആവശ്യപ്പെട്ടിരിക്കുന്നത്. ''നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കിക്കൊല്ലാം'' എന്ന് പറഞ്ഞുകൊണ്ട് ഒരോ സ്ത്രീയും തന്റെ ശബ്ദം ഉയര്‍ത്തണമെന്നും വര്‍ത്തിക പറയുന്നു.
ഈ സന്ദേശം വനിത എം.പിമാരും താരങ്ങളും ഏറ്റെടുക്കണമെന്നും വര്‍ത്തിക മാദ്ധ്യമങ്ങളോടായി പ്രതികരിച്ചു. നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് രാജ്യത്താകമാനം ശബ്ദം ഉയരുന്ന വേളയിലാണ് വര്‍ത്തിക തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 2012, ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍, പിന്നീട് 'നിര്‍ഭയ' എന്ന പേരില്‍ അറിയപ്പെട്ട പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. ഇതില്‍ നാലുപേര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഇതില്‍ രാംസിംഗ് എന്ന മുഖ്യപ്രതി ആത്മഹത്യ ചെയ്തിരുന്നു.