Image

അഷ്ടമിയുടെ പഞ്ചാരി മേളം നിറഞ്ഞ തിരുവൈക്കം (എന്റെ വൈക്കം 1: ജയലക്ഷ്മി)

Published on 14 December, 2019
അഷ്ടമിയുടെ  പഞ്ചാരി മേളം നിറഞ്ഞ തിരുവൈക്കം (എന്റെ വൈക്കം 1: ജയലക്ഷ്മി)
കായലില്‍ നിറഞ്ഞു നില്‍ക്കുന്ന കപ്പപ്പായലുകളിലെ ഇളം വയലറ്റ് പൂക്കളെ വകഞ്ഞു മാറ്റിക്കൊണ്ട് ഓര്‍മ്മയുടെ ഓളങ്ങള്‍ വീണ്ടും ഒഴുകുന്നത് പിന്നിലേക്കാണല്ലോ   ചരിത്രമുറങ്ങുന്ന അല്ല ഇന്നും ഏടുകളില്‍ ഉണര്‍ന്നിരിക്കുന്ന,അഷ്ടമിയുടെ  പഞ്ചാരി മേളം നിറഞ്ഞ തിരുവൈക്കം. അന്നദാന പ്രഭുവായ വൈക്കത്തപ്പന്‍ ജാതിമത ഭേദം അന്യേ എല്ലാവരുടെയും ദൈവം ആണ് എന്‍റെ ഓര്‍മ്മകളിലെ വൈക്കത്തെ കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്  .

വൈക്കത്തിന്‍റെ പടിഞ്ഞാറേ അറ്റമാണ് ബോട്ടുജെട്ടി കായലിനോട് ചേര്‍ന്ന് ആണ് വൈക്കം ഗവ. ആശുപത്രി അതിനടുത്താണ് പാര്‍ക്കും,ലൈബ്രറിയും ആ പ്രദേശത്തിന് എന്‍റെ കുട്ടിക്കാലത്തു മുന്തിരിയുടെയും ഓറഞ്ചിന്‍റെയും സുഗന്ധമാണ്. അച്ഛന്‍റെ കയ്യ് പിടിച്ചു ലൈബ്രറിയിലേക്ക് ഒരു നടത്തം ഉണ്ട്, വൈകുന്നേരം ചാഞ്ഞു തുടങ്ങുന്ന വെയിലിലൂടെ ഓളപ്പരപ്പിലൂടെ ബോട്ടുകള്‍ വരുന്നത് നോക്കി പിന്നീട് ലൈബ്രറിയില്‍ നിന്ന് അച്ഛന്‍ ബുക്കുകള്‍ എടുത്തു എന്നെയും കൂട്ടി പാര്‍ക്കിലേക്ക് നടക്കും, അവിടിരുന്നാല്‍ ആശുപത്രിയുടെ  മോര്‍ച്ചറി കാണാം ഇടക്കിടെ പേടിച്ചു പേടിച്ചു ഞാന്‍ അവിടേക്കു നോക്കും.

പേടി കൂടി വരുമ്പോള്‍ അച്ഛന്‍റെ ഷര്‍ട്ടിന്‍റെ കയ്യിലോ കോളറിലോ ഇറുക്കി പിടിച്ചു പോവാം ന്നു പറയും അപ്പോള്‍ അച്ഛന്റെ വലിയ കണ്ണുകളില്‍ 'പേടിച്ചുവോ " എന്നൊരു ചോദ്യം ഉണ്ടാവും,അച്ഛന്‍ മെല്ലെ എഴുനേറ്റു എന്നെയും കൂട്ടി അമ്പലത്തിലേക്ക് നടക്കും ആ മോര്‍ച്ചറിയില്‍ പേടിക്കാന്‍ ഒന്നുമില്ലാന്നും എല്ലാം പറഞ്ഞു തരും ഇപ്പോള്‍ ഇടക്കൊക്കെ വൈക്കത്തു പോകുമ്പോള്‍ അതെ ലൈബ്രറിയില്‍ നിന്നാണ് ഞാന്‍ പുസ്തകം എടുക്കുക പാര്‍ക്കിലേക്ക് തനിച്ചു നടക്കുമ്പോള്‍ കായലിനോട് ചേര്‍ന്നുള്ള കല്‍ഭിത്തിയില്‍ ഇരിക്കുമ്പോള്‍ ആ മോര്‍ച്ചറി ഇപ്പോഴും  കാണാം .

ഉള്ളിലൊരു കുഞ്ഞു ഭയം അറിയാതെ തോന്നുമ്പോള്‍ അച്ഛന്‍റെ വല്യ കണ്ണുകളിലെ നിശബ്ദമായ ചോദ്യം എന്‍റെ കണ്ണുകള്‍ ഇപ്പോള്‍ നിറക്കാറുണ്ട്.വൈക്കം എന്ന് പറയുമ്പോള്‍ തന്നെ വൈക്കത്തപ്പനെയും വൈക്കത്തഷ്ടമിയെയും ആണല്ലോ എല്ലാവരും ഓര്‍ക്കുക.കുട്ടിക്കാലത്തു ഓണം കഴിഞ്ഞാല്‍ നോക്കിയിരിക്കുക അഷ്ടമി വരുന്നതാണ് കാരണം ധാരാളം വളക്കടകള്‍,വീട് നിറയെ വിരുന്നുകാര്‍ സത്യത്തില്‍ ഓണത്തിനേക്കാള്‍ ഇഷ്ടമായിരുന്നു അഷ്ടമി.ഞങ്ങളുടെ സ്കൂളില്‍ പോക്കെല്ലാം അമ്പലത്തിലൂടെയാണ് അവിടെ വീഴുന്ന ആലിലകള്‍ പെറുക്കി എത്രയോ വട്ടം കൃഷ്ണനെ കാണാന്‍ കഴിയുമോന്നു നോക്കിയിട്ടുണ്ട്.മഴക്കാലം വന്നാല്‍ അവിടിവിടെയായി വെള്ളം കെട്ടിക്കിടക്കും ആ വെള്ളം കാലുകൊണ്ട് ഞങ്ങള്‍ തട്ടിത്തെറിപ്പിക്കുമായിരുന്നു.പ്രഭാത വെയിലില്‍ അങ്ങനെ ചെയ്യുമ്പോള്‍ മഴവെള്ളം ഏഴുവര്‍ണ്ണങ്ങളുള്ള കുമിളകള്‍ ആയി മാറും. ഒന്നോര്‍ത്തു നോക്കിയാല്‍ എല്ലാ ഓര്‍മ്മകളിലും ഈ അമ്പലം കടന്നു വരും രാവിലെ തന്നെ പോയി കുളിച്ചു തൊഴും അന്ന് വൈക്കത്തമ്പലത്തിലെ മേല്‍ശാന്തി ശ്രീ ശങ്കരന്‍ തിരുമേനി ആയിരുന്നു

( വൈക്കത്തഷ്ടമിക്ക് അദ്ദേഹത്തിന്‍റെ അഷ്ടപദി കച്ചേരി ഉണ്ടായിരുന്നു ) അദ്ദേഹം മിക്ക ദിവസങ്ങളിലും അര്‍ച്ചന പ്രസാദത്തോടൊപ്പം ഞങ്ങള്‍ക്ക് രണ്ടു റോസ് പൂവുകള്‍ തരുമായിരുന്നു തെല്ലൊരു അഹങ്കാരത്തോടെ അതെല്ലാം വച്ചാണ് സ്കൂളില്‍ പോവുക. വൈകിട്ട് ദീപാരാധനയ്ക്കു വീണ്ടും അമ്പലത്തില്‍ പോകും സത്യത്തില്‍ ധാരാളം എണ്ണ വിളക്കുകളുടെ പ്രകാശത്തില്‍ ശ്രീകോവിലിനു ഒരു പ്രത്യേക ഭംഗിയായിരുന്നു . അത്താഴപൂജ കഴിഞ്ഞേ തിരികെ വീട്ടിലേക്കുള്ളു,വീട്ടിലേക്കു പോകുന്ന വഴി വലിയൊരു പുളി മരം ഉണ്ടായിരുന്നു അതില്‍ പണ്ട് ആരോ  തൂങ്ങി മരിച്ചിട്ടുണ്ടെന്നും ആ പ്രേതം അവിടെല്ലാം ഉണ്ടെന്നും അക്കാലത്തു പറഞ്ഞു കേട്ടിരുന്നു.കുറച്ചു വവ്വാലുകള്‍ തൂങ്ങി കിടക്കുന്നതല്ലാതെ അവിടെ പ്രേതത്തെ കണ്ടിട്ടേയില്ല .അഷ്ടമിക്കാലത്താവും ധാരാളം വളകള്‍ വാങ്ങിക്കൂട്ടുക വീട്ടില്‍ വരുന്ന ബന്ധുക്കളെല്ലാം ആളാം പ്രതി വളകളും കളിപ്പാട്ടങ്ങളും വാങ്ങി തരും.കുങ്കുമക്കടകള്‍,ധാരാളം ജമന്തി മാലകള്‍ എല്ലാം ഉണ്ടാവും.മണ്ഡലക്കാലവും അഷ്ടമിയും ഒന്നിച്ചു വരുന്നതിനാല്‍ വടക്കേനട എപ്പോഴും തിരക്ക് നിറഞ്ഞതാവും. ഓരോ അഷ്ടമിയും കഴിയുന്നത് വല്ലാത്ത ശൂന്യത അവശേഷിപ്പിച്ചാവും.

അമ്പലത്തിലെ മണലില്‍ വീഴുന്ന തീവെട്ടിയുടെ എണ്ണ പാടുകളും,പൊട്ടിയ ബലൂണ്‍ കഷ്ണങ്ങളും വളപ്പൊട്ടുകളും മാത്രം വിശേഷിപ്പിച്ചു അഷ്ടമിക്കാലം കടന്നു പോവും. അഷ്ടമിക്കാലത്തു സ്ഥിരമായി കഥകളി ഉണ്ടാവും വൃശ്ചിക മാസത്തിലെ മഞ്ഞിനൊപ്പം കളിവിളക്കു തെളിയുന്നതും കാത്തു അച്ഛനൊപ്പം കഥകളിത്തട്ടിനരുകില്‍ ഇരിക്കും പ്രധാന സ്‌റ്റേജില്‍ ആവില്ല കഥകളി.അത്രയും വല്യ ആട്ട വിളക്കും അരങ്ങത്തെത്തുന്ന വേഷങ്ങളെയും ഞാന്‍ അത്ഭുതത്തോടെ നോക്കിയിരിക്കും.

ഓരോ വേഷങ്ങള്‍ വരുമ്പോഴും അച്ഛന്‍ അതെല്ലാം വിവരിച്ചു തരും.ആലവട്ടം വെണ്‍ചാമരം പിന്നെ ഭഗവാനെ തിടമ്പേറ്റിയ ഗജവീരന്‍ അകമ്പടിയായി വേറെയും നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, പഞ്ചവാദ്യം,നാദസ്വരക്കച്ചേരി, തായമ്പക,പ്രകാശ ഗോപുരങ്ങള്‍, കൂടിപ്പൂജ എന്ന് വേണ്ട എന്തൊരു രസമായിരുന്നു ഓരോ അഷ്ടമികാലങ്ങളും.പത്രധന സ്‌റ്റേജില്‍ നൃത്തങ്ങള്‍,പാട്ടുകച്ചേരികള്‍ രാവിലെ തുടങ്ങുന്ന അഖണ്ഡ നാമജപം ഭക്തിയുടെയും കലകളുടെയും ഒരു വിസ്മയ ലോകം തന്നെയായിരുന്നു അഷ്ടമി.ജാതിമത ഭേതമന്യേ ഓരോ വൈക്കംകാരും കാത്തിരിക്കുന്ന അഷ്ടമി.
(തുടരും)

Join WhatsApp News
Girish Nair 2019-12-14 12:39:13
ഗതകാല സ്മരണകളിൽ മറവിയുടെ കവചമണിയിക്കാമെന്നിരിക്കിലും ഏതോ മണ്ൻ വീണയിൽ ശ്രുതി വീട്ടുമോർമകൾ..... കുറച്ചു സമയത്തെങ്കിലും എന്നെ ആ പഴയ വൈക്കത്തെക്ക് കുട്ടികൊണ്ടുപോകാൻ സാധിച്ചു. ആശംസകൾ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക