Image

പൗരത്വഭേദഗതി നിയമം നടപ്പാക്കുക ആദ്യം ബംഗാളില്‍; പ്രഖ്യാപനവുമായി ബിജെപി നേതാവ്

Published on 14 December, 2019
പൗരത്വഭേദഗതി നിയമം നടപ്പാക്കുക ആദ്യം ബംഗാളില്‍; പ്രഖ്യാപനവുമായി ബിജെപി നേതാവ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളില്‍ ആയിരിക്കുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപിയുടെ പ്രഖ്യാപനം.

പശ്ചിമ ബംഗാളില്‍ നിയമം നടപ്പാക്കുന്നത് തടയാന്‍ മമതാ ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ സാധിക്കില്ല. വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു പിന്നില്‍. അനധികൃത കുടിയേറ്റക്കാരെക്കുറിച്ചാണ് മമതയുടെ ആശങ്കയെന്നും ഹിന്ദു അഭയാര്‍ഥികളെക്കുറിച്ചല്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

'നേരത്തെ 370ാം അനുച്ഛേദം റദ്ദാക്കിയപ്പോഴും നോട്ടുനിരോധനം കൊണ്ടുവന്നപ്പോഴും മമത ബാനര്‍ജി എതിര്‍പ്പുമായെത്തിയിരുന്നു. എന്നാല്‍ അവ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയാന്‍ അവര്‍ക്ക് സാധിച്ചില്ല. പൗരത്വ ഭേദഗതി നിയമവും നടപ്പാക്കുന്നതിനെ തടയാന്‍ അവര്‍ക്ക് സാധിക്കില്ല. മാത്രമല്ല, നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനം പശ്ചിമബംഗാള്‍ ആയിരിക്കുകയും ചെയ്യും', ദിലീപ് ഘോഷ് പറഞ്ഞു.

ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിയമം കര്‍ശനമായി അടിച്ചേല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

മമത ബാനര്‍ജിയെക്കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക