Image

ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു

Published on 13 December, 2019
ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജുഡീഷ്യറി കമ്മിറ്റി  അംഗീകരിച്ചു
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ട്. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചപ്പോള്‍ 17 പേര്‍ എതിര്‍ത്തു. മുഴുവന്‍ അംഗ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുകയാണ് അടുത്ത കടമ്പ. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 197 സീറ്റും. ഇതോടെ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്ന് ഉറപ്പായി. ക്രിസ്മസ് അവധിക്കു മുന്‍പായി സഭ കൂടുമെന്നാണ് കരുതുന്നത്.

ട്രംപിനെതിരെ പ്രമേയം പാസാക്കിയാലും അദ്ദേഹത്തെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ സാധിക്കില്ല. പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 5 വിചാരണയ്ക്കു ശേഷം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് ആധിപത്യമാണെങ്കിലും സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം.

അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റാകാന്‍ ഡോണള്‍ഡ് ട്രംപ് അധികാരം ദുരുപയോഗം ചെയ്‌തെന്നു ജനപ്രതിനിധി സഭയിലെ ഇന്റലിജന്‍സ് കമ്മിറ്റി ജുഡീഷ്യറി കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ദേശീയ താല്‍പര്യങ്ങള്‍ ബലികഴിച്ചെന്നും ഇംപീച്ച് ചെയ്യാന്‍ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക