Image

അസ്തിത്വം തേടുന്നവര്‍..(കഥ: ജെസ്സി ജിജി)

Published on 13 December, 2019
അസ്തിത്വം തേടുന്നവര്‍..(കഥ: ജെസ്സി ജിജി)
(ഈ കഥ വെറും സാങ്കല്‍പ്പികം മാത്രം ആണ്. ഇതിലെ കഥാപാത്രങ്ങള്‍ക്കു ആരോടെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് വെറും യാദൃച്ഛികം)

ഞാന്‍ ഇഷ തോമസ്. ന്യൂയോര്‍ക്കിലെ ഒരു പ്രമുഖ ആശുപത്രിയിലെ നേഴ്‌സ്.   പ്രവാസികളുടെ സ്വപ്നപറുദീസ എന്ന് വിളിക്കപ്പെടുന്ന അമേരിക്കന്‍ മണ്ണില്‍ , അനേകം പ്രവാസികളോടൊപ്പം ജീവിതം  കരുപ്പിടിപ്പിക്കാന്‍  രാവുകളെ പകലുകളാക്കുന്ന അനേകരില്‍ ഒരുവള്‍. ലോകം ഒരു വലിയ കെട്ടിടത്തിന്റെ ചുവരുകളില്‍ ഒതുങ്ങുന്നതു ഒരു ദിനചര്യയുടെ ഭാഗം പോലെ കാണുന്ന ഒരാള്‍. ആ കെട്ടിടത്തില്‍ ഒരുവശത്തു ജീവന്‍ ഭൂമിയിലേക്ക് പിറന്നുവീഴുമോള്‍, മറ്റൊരുവശത്തു ബാക്കി വെച്ച ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ആയി മറ്റൊരു ജീവന്‍ ഈ ലോകം വിട്ടു  പേരറിയാത്ത ഒരു  ലോകത്തിലേക്ക്. സ്പാനിഷും , ഇംഗ്ലീഷും, ഫിലിപ്പിനോ ഭാഷയും, മലയാളവും ഒക്കെ ഇട കലര്‍ന്ന ഒരു സങ്കരഭാഷ ആ  കെട്ടിടത്തിന്റെ ചുവരുകള്‍ക്കു ഏറെ പരിചിതം. ബ്രേക്ക് റൂമില്‍ പല വിധ ദേശത്തിന്റെ രുചിഭേദങ്ങള്‍. ലോകം ഒരു ചെറിയ കെട്ടിടത്തിലേക്ക് ചുരുങ്ങി ഇല്ലാതാകുന്നതുപോലെ.

യൂണിഫോം അണിഞ്ഞു കഴിയുമ്പോള്‍ , അതിനു തൊട്ടുമുന്‍പിലെ നിമിഷം വരെയുള്ള , കൊച്ചുകൊച്ചു വാശികള്‍ക്കും പിണക്കങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഒക്കെ അവധി കൊടുത്തു 'നേഴ്‌സ് ' എന്ന ലേബലില്‍ ഇഷാ തോമസ് എന്ന ഈ ഞാനും ഡ്യൂട്ടിയിലേക്ക് പ്രവേശിക്കുക ആയി.

ഇഷാ നിനക്കിന്നു ഒന്നാം നമ്പര്‍ റൂമിലെ രോഗി ഉണ്ട്. ഇന്ന് നിന്റെ ടേണ്‍ ആണ്. "സോറി". പ്രതീക്ഷിച്ചിരുന്നിട്ടും എന്തോ ഒരു വല്ലായ്മ. സാരമില്ല പന്ത്രണ്ടു മണിക്കൂര്‍ അല്ലെ ഉള്ളൂ. ചിന്തകളെ മനസ്സില്‍ നിന്നും മാറ്റി , മനസിന് ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ വൃഥാ ശ്രമിച്ചു.

ആര്‍ യു ഓക്കേ ? സ്വതവേ പരാതികള്‍ മാത്രം നിറഞ്ഞ നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ മുഖം അന്ന് പതിവിലേറെ വീര്‍ത്തിരിക്കുന്നു എന്ന് കണ്ടു വെറുതെ ഒരു കുശലാന്വേഷണം നടത്തി. അതേ, ഇന്ന് നിന്നോടൊപ്പം ഒന്നാം നമ്പര്‍ രോഗിയെ നോക്കുന്നത് ഞാനാ. ഇപ്പോഴേ പറഞ്ഞേക്കാം, തല്ലു വാങ്ങാനും തെറി കേള്‍ക്കാനും എന്നെ കിട്ടില്ല. വെല്ല മരുന്നും ഉണ്ടെങ്കില്‍ അത് കൊടുത്തു അയാളെ ശാന്തമാക്കിയാല്‍ നിനക്ക് കൊള്ളാം. "പാപി ചെല്ലുന്നിടം പാതാളം. ഇവള്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസം തന്നെ എന്തെ തനിക്കു ആ രോഗിയെയും കിട്ടി? . മനസ്സില്‍ സൂക്ഷിച്ച പോസിറ്റീവ് എനര്‍ജി ഒക്കെ എങ്ങോ പോയി മറയുന്നതുപോലെ.

ഒരു പകലിന്റെ അധ്വാനത്തിനും ആവലാതികള്‍ക്കും അവധി കൊടുത്തു ഡേ ഷിഫ്റ്റുകാര്‍ ഇറങ്ങുകയായി. പകലോന്‍ അങ്ങ് പടിഞ്ഞാറു അസ്തമിച്ചു. വൈദുത വിളക്കുകള്‍ ഇരവിനെ പകലാക്കുന്നു. പൂര്‍ണചന്ദ്രന്‍ ശോഭയോടെ ആകാശത്തു ഉദിച്ചുനില്‍ക്കുന്നു. "ഇന്ന് ഫുള്‍ മൂണ്‍ ആണ്". കരുതിയിരുന്നോ". കൂടെയുള്ള ഫിലിപ്പിനോ നഴ്‌സിന്റെ മുന്നറിയിപ്പ്. പണ്ടായിരുന്നെങ്കില്‍ അന്ധവിശ്വാസം എന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയേനെ. ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെങ്കില്‍, വെറുതെ പാലോളി വിതറി പുഞ്ചിരിച്ചുനില്‍ക്കുന്ന അമ്പിളിയമ്മാവനെ കാണാന്‍ ആകാശത്തു കണ്ണ് നട്ട് ഇരുന്നേനെ. പക്ഷെ , ഫുള്‍ മൂണ്‍ ദിനത്തില്‍ , ഭൂമിയുടെയും ചന്ദ്രന്റെയും ഒക്കെ ആകര്‍ഷണ ശക്തിയില്‍ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകള്‍ മനുഷ്യമനസുകളെയും സ്വാധീനിക്കുന്നു എന്നത് ഒരു അന്ധവിശ്വാസം എന്നതിലുപരി , ഒരു ശാസ്ത്ര സത്യമായി അനുഭവങ്ങളിലൂടെ അംഗീകരിക്കുവാന്‍ വര്‍ഷങ്ങളായുള്ള നൈറ്റ് ഡ്യൂട്ടി കൊണ്ട് പഠിച്ചുകഴിഞ്ഞു.

ആര്‍ യു ആന്‍ ഇന്ത്യന്‍?യു ലുക്ക് ലൈക് വണ്‍. രണ്ടാം നമ്പര്‍ റൂമിലെ രോഗിയുടെ ചോദ്യത്തിനൊപ്പം ഒരു പുച്ഛരസം കൂടി കലര്‍ന്നിരുന്നില്ലേ? നിയമങ്ങളെ പേടിച്ചു , വര്‍ഗ്ഗവിദ്വേഷം ഉള്ളില്‍ ഒളിപ്പിക്കുന്ന കുറച്ചുപേര്‍. മനുഷ്യന്‍ ഏറെ നിസ്സഹായനാകുന്ന രോഗാവസ്ഥയിലും അതിന്റെ ചില കണികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നവര്‍. ഇഷ തോമസ് എന്ന എന്റെ അസ്തിത്വം എന്താണ്? വര്‍ഷങ്ങള്‍ക്കുമുന്‍പ് , പിറന്ന നാടിനോടുള്ള കൂറ് ഉപേക്ഷിച്ചു അമേരിക്കന്‍ പൗരത്വം കരസ്ഥമാക്കിയ അനേകരില്‍ ഒരുവള്‍, പ്രവാസത്തിന്റെ, നിലനില്‍പ്പിന്റെ അനിവാര്യത. പിറന്ന മണ്ണില്‍ വെറും ഒരു വിസിറ്റര്‍ ആയി മാറിയാലും, പ്രവാസമണ്ണിലും ആ അന്യതാബോധം അനുഭവിക്കുന്ന അനേകരില്‍ ഒരാള്‍.

നേഴ്‌സ്. ഇനി ഈ വേദന സഹിക്കാന്‍ എനിക്ക് പറ്റില്ല. വേദനാസംഹാരിയുടെ അളവ് ഒന്ന് കൂട്ടുമോ . പ്‌ളീസ്. കാന്‍സര്‍ ശരീരത്തിന്റെ ഓരോ കോശങ്ങളെയും കാര്‍ന്നുതിന്നു , വേദനയുടെ നീരാളിപ്പിടുത്തത്തില്‍ പുളയുന്ന മൂന്നാം നമ്പര്‍ റൂമിലെ രോഗി. ഒരു വ്യവസായ സംരംഭത്തിന്റെ തലപ്പത്തിരുന്നു, കീഴുദ്യോഗസ്ഥരെ നയിച്ചും അനുസരിപ്പിച്ചു ഇരുന്ന മനുഷ്യന്‍, ഇന്ന്, തന്റെ ശരീരത്തിലെ കോശങ്ങള്‍ പകര്‍ന്നുനല്‍കൂന വേദന സഹിക്കാനാവാതെ, നിസ്സഹായതയുടെ തുരുത്തില്‍ ഏകനായി. "മനുഷ്യ നീ എന്തിനു അഹങ്കരിക്കുന്നു... നിന്റെ സ്വന്തം എന്ന് കരുതിയ നിന്റെ ശരീരം പോലും നിന്റെ കൈപ്പിടിയില്‍ നില്‍ക്കാത്ത അവസ്ഥ...


"ഇഷ , വി നീഡ് യു ഇന്‍ റൂം വണ്‍". ഒന്നാം നമ്പര്‍ റൂമിലേക്ക് വേഗം. റൂമില്‍ എത്തിയപ്പോള്‍ , സ്വതവേ വീര്‍ത്ത മുഖത്തോടെയിരിക്കുന്ന നഴ്‌സിംഗ് അസ്സിസ്റ്റന്റിനോട് ,ഇംഗ്ലീഷ് ഭാഷയിലെ തെറിവാക്കുകള്‍ കൊണ്ട് അഭിഷേകം നടത്തുന്ന രോഗി. രോഗിയുടെ ഭാര്യ , അയാളെ ബെഡിലേക്കു നയിക്കാന്‍ വൃഥാ ശ്രമിക്കുന്ന്‌നുണ്ട്. അസ്വസ്ഥനായി മുറിയിലൂടെ നടക്കുന്ന മനുഷ്യന്‍, നടപ്പിനിടയില്‍, ഗാര്‍ബേജ് ബാസ്കറ്റില്‍ കൈകള്‍ ഇടാന്‍ ശ്രമിക്കുന്നു, ബെഡ്‌സൈഡ് ടേബിളില്‍ ഉള്ള ചില വസ്തുക്കള്‍ വായുവിലൂടെ സഞ്ചരിക്കുന്നുമുണ്ട്. 'ക്യാന്‍ ഐ ഗെറ്റ് യു യുവര്‍ പെയിന്‍ മെഡ്? " യെസ്". അയാളുടെ മനസ്സ് മാറുന്നതിനുമുന്‌പേ മെഡിസിന്‍ എടുക്കുവാന്‍ പുറത്തേക്കിറങ്ങിയ എനിക്കൊപ്പം അയാളുടെ ഭാര്യയും. " നിനക്കറിയുമോ, പത്തുവര്‍ഷം അമേരിക്കന്‍ സേനയില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചവനാ ജോണ്‍. വിശിഷ്ട സേവനത്തിനുള്ള അനേകം അവാര്‍ഡുകള്‍. അവനു രണ്ടു എഞ്ചിനീയറിംഗ് ഡിഗ്രിയും ഉണ്ട്. ജോണ്‍ ഇങ്ങനെയല്ലായിരുന്നു. എല്ലാവരും ബഹുമാനിച്ചിരുന്ന, ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. എനിക്കിതു കണ്ടു നില്ക്കാന്‍ വയ്യ. ഇനിയും ജോണിനെ നോക്കാന്‍ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല. ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ,ജോണിനെ നഴ്‌സിംഗ് ഹോമില്‍ ആക്കണം."
        രാജ്യത്തിനുവേണ്ടി നല്ലകാലം ഉഴിഞ്ഞുവെച്ച, യുദ്ധമുഖത്തു യൗവനം ഹോമിച്ചു, ഇന്ന് അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യയുടെ  ഇര. "യുദ്ധങ്ങളും യുദ്ധവിജയങ്ങളും,,, ആരുടെ? ആര്‍ക്കുവേണ്ടി... എന്തിനുവേണ്ടി.... യുദ്ധാനന്തരം പട്ടാളക്കാര്‍ കടന്നുപോകുന്ന  യാതനകള്‍ , താളം തെറ്റുന്ന അവരുടെ മനസ്സുകള്‍ കാണാന്‍ , യുദ്ധക്കൊതിയന്മാരായ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നുവെങ്കില്‍....നിസ്സഹായനായ മനുഷ്യന്റെ നിലവിളികള്‍ കേട്ട് , ഹോസ്പിറ്റലുകളില്‍ അചേതനങ്ങളായ വസ്തുക്കള്‍ പോലും ഉരുകി ഇല്ലാതാകുന്നില്ലേ...... തന്മാത്ര എന്ന സിനിമയിലെ മോഹന്‍ലാലിന്‍റെ അഭിനയം ഓര്മ വന്നു.

മെഡിസിനുമായി റൂമില്‍ എത്തിയപ്പോള്‍ , മനുഷ്യന്റെ അഭിമാനത്തിന്റെയും മാന്യതയുടേം ഒക്കെ അവസാന കച്ചിത്തുരുമ്പും ഇല്ലാതാകുന്ന ആ ദയനീയ അവസ്ഥ ..... വിവസ്ത്രനാകാന്‍ ശ്രമിച്ചു , റൂമില്‍ നിന്നും ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്ന ജോണ്‍ ,, പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന നഴ്‌സുമാര്‍..ഒരു നിമിഷം.. അന്തരീക്ഷത്തിലൂടെ പാറിവരുന്ന ഫോണ്‍.. "ഏതോ ഒരു സിനിമയിലെ മുകേഷിന്റെ അഭിനയം ഓര്‍ത്തു വേഗം കുനിഞ്ഞു.. ലക്ഷ്യം തെറ്റി, പുറകിലേക്ക് പോയ ഫോണ്‍.. ഒരു കരച്ചില്‍ കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ , അതെ സിനിമയിലെ ഇന്നസെന്റ് നില്‍ക്കുന്നതുപോലെ നില്‍ക്കുന്ന നഴ്‌സിംഗ് അസ്സിസ്ടന്റ്. ലക്ഷ്യം കണ്ട ഫോണ്‍ കൃത്യം നഴ്‌സിംഗ് അസിസ്റ്റന്റിനെ തലയില്‍ കൊണ്ട് താഴെ തെറിച്ചു വീണിരിക്കുന്നു. സിനിമ കാണുന്നതുകൊണ്ടു ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടെന്നു അങ്ങനെ മനസിലായി.

ഒരുവിധം ജോണിനെ ബെഡിലെത്തിച്ചു... പിന്നെ.എല്ലാവരും നഴ്‌സിംഗ് അസിസ്റ്റന്റ് ലേക്ക് .........ഫോണ്‍ വിളികളും , പേപ്പര്‍ വര്‍ക്കും , ...അങ്ങനെ അങ്ങനെ.........
തുറന്നിട്ട ഷവറിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍, താഴേക്ക് വീഴുന്ന ഓരോ വെള്ളത്തുള്ളികള്‍ക്കൊപ്പം, ആ ദിവസത്തിന്റെ സങ്കടങ്ങളും വേദനകളും, ആകുലതകളും , ടെന്ഷനുകളും കഴുകിക്കളയാന്‍ ഇഷ എന്ന ഞാന്‍ മറക്കുന്നില്ല. കാരണം ജീവിതം ഇങ്ങനെയാണ്. ... ഇന്നിന്റെ വേദനകളെ, നാളെയിലേക്ക് കൊണ്ടുപോകരുതു. ഇന്നലെയുടെ വേദനകളെ ഇന്നിലേക്കും.

ഇന്നില്‍ ജീവിക്കണം എന്നാഗ്രഹിക്കുമ്പോഴും , അത് നാളെയിലേക്കു മാറ്റിവയ്ക്കുന്ന ഒരു ശരാശരി മലയാളി മാത്രമാണ് ഞാനും. നാളെ , ഭൂതകാലം മറന്നുപോകുന്ന, സ്വന്തം അസ്തിത്വം മറക്കുന്ന, ഒരു "ജോണ്‍ ' ആകുമോ ഞാനും , എന്ന ആകുലത, ഉള്ളില്‍ മുള പൊട്ടുമ്പോള്‍ തന്നെ, ആ മുള മനസ്സിലിട്ടു ഞെരടി കളയുന്ന ഒരു ശരാശരി മനുഷ്യന്‍.അപ്പോള്‍ ഒന്നുറങ്ങി , ഉണര്‍ന്നു , വീണ്ടും കാണാം.
                               


അസ്തിത്വം തേടുന്നവര്‍..(കഥ: ജെസ്സി ജിജി)
Join WhatsApp News
amerikkan mollakka 2019-12-14 11:02:24
ജെസ്സി ജിജി സാഹിബ - ചിലരുടെ ജീവിതം 
അല്ലെ കഥ.അതുകൊണ്ട് യാദൃശ്ചികം എന്നെഴുതണോ.
 ഇങ്ങള് എയ്തുന്ന ഹാസ്യ കഥകളേക്കാൾ ഇത് നല്ലത്. ഈ 
ശൈലിയിൽ എയ്‌തുക. മനുഷ്യന്റെ 
ജീവിതത്തിന് എന്ത് ഉറപ്പു. ഇങ്ങൾക്ക് 
സന്തോഷകരമായ കൃസ്തുമസ്സും നവ 
വത്സരവും നേരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക