Image

സങ്കീര്‍ത്തനങ്ങളുടെ കാവല്‍ക്കാരന്‍-3 (ദുര്‍ഗ മനോജ്)

Durga Manoj Published on 13 December, 2019
സങ്കീര്‍ത്തനങ്ങളുടെ കാവല്‍ക്കാരന്‍-3 (ദുര്‍ഗ മനോജ്)
ഏഴാം സങ്കീര്‍ത്തനം
'.......അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി ആ കുഴിയില്‍ അവന്‍ തന്നെ വീണു.... '

ഈ ക്രിസ്മസ് കാലത്തും സുരക്ഷിതമായി കിടന്നുറങ്ങാന്‍ കഴിയുന്നില്ല, മാലോകരില്‍ ആര്‍ക്കും. എവിടെയും എപ്പോള്‍ വേണമെങ്കിലും ഒരു ബോംബു വീണേക്കാം. അതിന്റെ പേടിയില്‍ കരുതാവുന്ന സുരക്ഷകളത്രയും ഒരുക്കി ജീവിക്കുമ്പോള്‍ നാം തിരിച്ചറിയുന്നു. ഈ ഭൂമിയില്‍ സമാധാനം നഷ്ടപ്പെടുത്തിയത് ആരാണ്. ആര്‍ക്കാണ് സമാധാനരഹിതരായി അധികാരത്തില്‍ കടിച്ചു തൂങ്ങേണ്ടത്. അത് നാഥന്മാരുടെയല്ല, മറിച്ച് നരാധമന്മാരുടേതാണെന്നു കാലം തിരിച്ചറിയുന്നു. രണ്ടു കാലുകളില്‍ നിവര്‍ന്നു നിന്ന്, സ്വന്തം കാല്‍ക്കീഴിലാണ് ലോകമെന്ന് ചിന്തിക്കുന്ന മനുഷ്യര്‍ വസിക്കുന്ന ഭൂമിയില്‍ ഇന്ന് തമ്മില്‍ വിശ്വാസമില്ലാതായിരിക്കുന്നു! ചുറ്റുമുള്ളതൊക്കെ സ്വന്തം ആവശ്യങ്ങള്‍ക്ക് എന്ന സ്വാര്‍ത്ഥ ചിന്ത ഓരോ മനസും കലുഷിതമാക്കിയിരിക്കുന്നു. വിശപ്പിന് വേണ്ടിയും, അല്ലാതെയും ഇരകള്‍ ആക്രമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. സാമ്രാജ്യ വിസ്തൃതിക്കായ് സ്വവര്‍ഗത്തെ ഉന്‍മൂലനം ചെയ്തു രസിക്കുന്നു. ഓരോ കഠിന പ്രവര്‍ത്തികളും ലഘുവാക്കുവാന്‍ ഉപായങ്ങള്‍ അനവധിയുണ്ടാക്കുന്നതു തുടരുന്നു. ശത്രുക്കളെ ശത്രുക്കളായി നിലനിര്‍ത്താനും അതിനു വേണ്ടി കുഴികള്‍ കുത്തുവാനും അവന്‍ വ്യഗ്രത പുലര്‍ത്തി.

നമ്മള്‍ ചിലരെ ശത്രുക്കളെന്ന് പ്രഖ്യാപിച്ചു. അവര്‍ പടയൊരുക്കം നടത്തുന്നുവെന്നും പറഞ്ഞു പരത്തി. നമ്മുടെ ചുണ്ടില്‍ ഒളിപ്പിച്ച അപകടച്ചിരി ആരും തിരിച്ചറിഞ്ഞില്ല. നമ്മള്‍ പണം നല്‍കി, തീവ്രവാദം (അത് മതത്തിന്റെ, നിറത്തിന്റെ, ആചാരത്തിന്റെ പേരില്‍) എന്ന വിഷവിത്ത് വിതച്ചു. ഒടുവില്‍ അതേ വിഷം ലോകമെമ്പാടും പരക്കുകയും നമ്മുടെ തലക്കു നേരെ പാഞ്ഞടുക്കുകയും ചെയ്തത് കണ്ട് നിലവിളിച്ചു.

വിതക്കുന്നതേ കൊയ്യൂ.
നന്മ വിതച്ചാല്‍ നന്മയും തിന്മ വിതച്ചാല്‍ തിന്മയും.

ഏഴാം സങ്കീര്‍ത്തനം തുടരുന്നു...
'.....അവന്റെ ബലാല്‍ക്കാരം അവന്റെ തലയ്ക്കു തന്നെ വീണു... '

നാഥാ.... ഇതൊരു പുണ്യജന്മത്തിനായുള്ള കാത്തിരിപ്പുവേളയാണ്. പകലുകളും രാത്രികളും നിന്നെ വരവേല്ക്കുവാനായ് ഒരുങ്ങി നില്‍ക്കുന്ന കാലം.

സ്വന്തം സ്വന്തമെന്ന സ്വാര്‍ത്ഥതയ്ക്കുമപ്പുറം, എന്റെ സുഖമെന്റെസുഖമെന്ന ചിന്തക്കുമപ്പുറം മാനവരാശിക്ക് ചിന്തയില്‍ തെളിമനിറയ്ക്കുവാന്‍ നീ കടന്നു വരിക..
നിനക്കായ് ഞാനെന്റെ ഹൃദയം പരിശുദ്ധമാക്കി കാത്തിരിക്കാം..

'... അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കും.... '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക