Image

ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന്‌ സുപ്രീം കോടതി

Published on 13 December, 2019
ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന്‌ സുപ്രീം കോടതി

ന്യൂഡെല്‍ഹി:  ശബരിമല ദര്‍ശനത്തിന്‌ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന്‌ സുപ്രീം കോടതി. രാജ്യത്ത്‌ അക്രമം നടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും വിഷയം വിശാല ബെഞ്ച്‌ പരിശോധിക്കുന്നതു വരെ കാത്തിരിക്കാനും കോടതി നിര്‍ദേശിച്ചു.

ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന്‌ കാണിച്ച്‌ ആക്ടിവിസ്റ്റ്‌ രഹ്ന ഫാത്ത്വിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹര്‍ജികള്‍ പരിഗണിക്കുമ്‌ബോഴാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്‌.

ശബരിമല ദര്‍ശനത്തിന്‌ സുരക്ഷ ഒരുക്കാന്‍ കേരളാ പൊലീസ്‌ തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സര്‍ക്കാരിനോട്‌ പൊലീസ്‌ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ്‌ രഹ്ന ഫാത്ത്വിമ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.

വിശാലബെഞ്ച്‌ വരുന്നതു വരെ കാത്തിരിക്കണം. രാജ്യത്തെ നിലവിലെ അവസ്ഥ സ്‌ഫോടനാത്മകമാണ്‌. ക്രമസമാധാനനില പരിഗണിക്കണം. അതുകൊണ്ടു തന്നെ ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന്‌ എസ്‌ എ ബോബ്‌ഡെ വ്യക്തമാക്കി. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാലബെഞ്ചിന്റെ രൂപീകരണം വേഗത്തിലാക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ സൂചിപ്പിച്ചു.

കഴിഞ്ഞ മണ്ഡലകാലത്ത്‌ രഹ്ന ഫാത്തിമ ദര്‍ശനത്തിന്‌ ശ്രമിച്ചത്‌ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഹെല്‍മറ്റ്‌ ധരിപ്പിച്ച്‌ സന്നിധാനത്ത്‌ എത്തിക്കാന്‍ പൊലീസ്‌ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന്‌ മടങ്ങുകയായിരുന്നു. 

പിന്നീട്‌ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പൊലീസ്‌ രഹ്ന ഫാത്ത്വിമയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക