Image

പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല: സുപ്രീംകോടതി

Published on 13 December, 2019
പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ്‌ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന്‌ വ്യക്തമാക്കി സുപ്രീംകോടതി.

തൃണമൂല്‍ കോണ്‍ഗ്രസ്‌ എംപി മഹുവ മൊയ്‌ത്ര സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ്‌ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന്‌ സുപ്രീംകോടതി അറിയിച്ചത്‌.

ചീഫ്‌ ജസ്റ്റിസ്‌ എസ്‌. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ തിടുക്കത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതം അറിയിച്ചത്‌.

പൗരത്വ ഭേദഗതി ബില്ലിന്‍റെ നിയമസാധുത ചോദ്യം ചെയ്‌തായിരുന്നു മഹുവ മൊയ്‌ത്ര ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌. കൂടാതെ, തിങ്കളാഴ്‌ച ഹര്‍ജി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, ഇത്‌ നിരാകരിച്ച സുപ്രീംകോടതി രജിസ്‌ട്രാര്‍ മുമ്‌ബാകെ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, ബില്ലിനെതിരെ വ്യാഴാഴ്‌ച മുസ്ലിം ലീഗ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുസ്ലിം ലീഗിന്‍റെ 4 എംപിമാരും ചേര്‍ന്നാണ്‌
ഹര്‍ജി സമര്‍പ്പിച്ചത്‌.

മതത്തിന്‍റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. 

കൂടാതെ, പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല്‌ ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. മറ്റ്‌ മതവിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക്‌ നിഷേധിക്കുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും മറ്റിതര സംഘടനകളും തീരുമാനിച്ചിട്ടുണ്ട്‌.

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതിയും ഒപ്പുവച്ചതോടെ വ്യാഴാഴ്‌ച മുതല്‍ തന്നെ നിയമം പ്രാബല്യത്തിലായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക