Image

പുര കത്തുമ്പോള്‍ വാഴവെട്ടരുത് (ജെ എസ് അടൂര്‍)

Published on 12 December, 2019
പുര കത്തുമ്പോള്‍ വാഴവെട്ടരുത് (ജെ എസ് അടൂര്‍)
ജനാധിപത്യ ഇന്ത്യയുടെ അടിസ്ഥാനമായ ഭരണഘടനേയെ കൃത്യമായ തയ്യാറാടെപ്പോടെ ഭരണ അധികാരത്തിന്റെ അഹങ്കാരത്തില്‍ ഇല്ലായ്മ ചെയ്യുമ്പോള്‍ കേരളത്തില്‍ സ്ഥിരം വാചക കസര്‍ത്തുകള്‍ക്കപ്പുറം എന്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കോ സംയുക്തമായോ കേരളമാകെ എന്തെങ്കിലും ജനകീയ പ്രധിഷേധം തെരുവില്‍ നടത്തിയോ എന്ന് ഇനിയും കണ്ടറിയണം. ഇവിടുത്തെ കക്ഷികള്‍ ക്ക് ഒരുമിച്ചു നിയമസഭയില്‍ പ്രമേയം പാസ്സാക്കുവാന്‍ ഒരുമിക്കാന്‍ സന്നദ്ധത കാട്ടുമോ?

കേരളത്തിലാകേ ജനകീയ പ്രധിഷേധങ്ങള്‍ നടത്താന്‍ കഴിവുള്ള രണ്ടു മുന്നണികളും വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഇതുവരെ ചെയ്‌തോ എന്ന് സംശയമാണ്. അവിടെയും ഇവിടേയും പലരും ചില പ്രതിഷേധങ്ങള്‍ നടത്തി. പക്ഷേ കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ വാചക കസര്‍ത്തിന് അപ്പുറം പോകുമോ എന്ന് കണ്ടറിയണം.

അതിന് ഒരു കാരണം കേരളത്തിലുള്ളവരെ പൗര ഭേദഗതി ബില്‍ ബാധിക്കില്ല എന്ന ധാരണയാണ്. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അകലെയാണ് നമ്മള്‍. പിന്നെ നമ്മള്‍ക്കെന്ത് പ്രശ്‌നം എന്ന് പലരും ചോദിക്കുന്നു. കാശ്മീരിനെ ഒറ്റ രാത്രി കൊണ്ടു യൂണിയന്‍ ടെറിട്ടറിയാക്കി ഇന്റര്‍നെറ്റും ഫോണും വിച്ഛേദിച്ചു രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയപ്പോഴും പലരും ചോദിച്ചു അതിനു നമ്മള്‍ക്കെന്താ? നമ്മള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. ഇപ്പോള്‍ തൃപുരയിലും ആസ്സാമിലും ഇന്റര്‍നെറ്റും ഫോണും വിച്ഛേദിച്ചു. അതിനു നമ്മള്‍കെന്താണ്? എന്നാണ് പല 'നല്ല മനുഷ്യരും ' ചോദിക്കുന്നത്

ഇവിടെയും ഗള്‍ഫിലും അമേരിക്കയിലും സന്തോഷമായി കഴിയുന്ന മധ്യവര്‍ഗ സമാധാന പ്രാവുകള്‍ നമ്മളോട് 'പോസിറ്റീവ് ആയി ചിന്തിക്കൂ ' എന്ന് ഉത്‌ബോധിപ്പിക്കും. മറ്റു ചിലര്‍ ആശ്വസിക്കും ' ഇതു ഒരു പാസിങ് ഫേസ് ആണ്. കാര്യങ്ങള്‍ എല്ലാം ശരിയാകും '. പരസ്യ സന്ഘികള്‍ പരസ്യമായും ഭരിക്കുന്ന പാര്‍ട്ടിയിലും പ്രതി പക്ഷ പാര്‍ട്ടികളിലും രഹസ്യ സന്ഘികള്‍ രഹസ്യസമായും പറയും ' അവരെ (മുസ്ലിങ്ങളെ ) നിലക്ക് നിര്‍ത്തണം '

വേറെ ചില കേരള ഭരണപാര്‍ട്ടി വിശ്വാസികളുടെയും ആശ്രിതര്‍ക്കും വിഷമം കേരളത്തിലെ ജനങ്ങള്‍ ചെയ്ത് മണ്ടത്തരത്തിലാണ്. കാരണം കേരള ഭരണ പാര്‍ട്ടിയുടെ ഇരുപത് എം പി മാര്‍ ഉണ്ടായിരുന്നു എങ്കില്‍ പാര്‍ലിമെന്റ് തിരിച്ചു വച്ചേനെ എന്നാണ് വാദം. ഭരണഘടന പ്രകാരമുള്ള ഇന്ത്യന്‍ ജനാധിപത്യ പുര കത്തുമ്പോള്‍ വാഴവെട്ടുന്നത് പല തരത്തിലാണ്.

ഒന്നു. എന്തിനും ഏതിനും രാഹുല്‍ ഗാന്ധിയെ ട്രോളും. വയനാട് പ്രധാനമന്ത്രിയെന്ന് വിളിച്ചു വയനാട്ടില്‍ വന്നില്ലെങ്കില്‍ പ്രശ്‌നം വന്നാല്‍ പ്രശ്‌നം. വയനാട്ടില്‍ നിന്ന് ബില്ലിനെതിരെ പ്രസ്താവന ഇറക്കിയപ്പോള്‍ എന്തെ ഡല്‍ഹിയിലും പാര്‍ലിമെന്റിലും ഇല്ല എന്ന ചോദ്യം. ഇവരാരും ശശി തരൂരോ, പ്രേമ ചന്ദ്രനോ, കുഞ്ഞാലികുട്ടിയോ സംസാരിച്ചത് കേട്ട് എന്ന് പോലും ഭാവിക്കില്ല. ബാക്കിയുള്ളവര്‍ എന്ത് ചെയ്തു എന്നാണ്. എല്ലാ പാര്‍ട്ടികളിലെയും ചില അംഗങ്ങള്‍ക്ക് മാത്രമേ ഒരു ബില്ലില്‍ സംസാരിക്കാന്‍ ഒക്കുകയുളൂ എന്നതാണ് പാര്‌ലമെന്ററി ചട്ടങ്ങള്‍.

പ്രശ്‌നം അതൊന്നും അല്ല. പാര്‍ലമെന്റിലും വെളിയിലും കോണ്‍ഗ്രസ്സും ഇടതു പക്ഷപാര്‍ട്ടികളും ഒരുമിച്ചു സംഘ പരിവാര്‍ അജണ്ടയെ നേരിടേണ്ടതിന് പകരം പരസ്പരം ചെളിവാരിയെറിന്നതാണ് കേരളത്തില്‍ അമിത് ഷാക്ക് ഇഷ്ട്ടം. കാരണം സ്വന്തം കണ്ണിലെ കോല്‍ നോക്കാതെ അന്യന്റെ കണ്ണിലെ കരട് കാട്ടുന്ന പണി.
കേരള ഭരണപാര്‍ട്ടി ശിങ്കിടികളും ബി ജെ പി യും ഒരു കാര്യത്തില്‍ യോജിക്കും ' എല്ലാത്തിനും കാരണം കോണ്‍ഗ്രെസ്സാണ്. കൊണ്‌ഗ്രെസ്സ് വിമുക്ത ഭാരതവും കേരളവും മാത്രമാണ് വഴി. അത് കൊണ്ടു രണ്ടു വശത്തു നിന്നും കൊണ്‌ഗ്രെസ്സിന്റെ എന്തെങ്കിലും ക്രെഡിബിലിറ്റിയുണ്ടെങ്കില്‍ തകര്‍ക്കുക.

ഇതിന് ഒരു കാരണം തിരെഞ്ഞെടുപ്പ് രാഷ്ട്രീയ കണക്കുകൂട്ടലാണ്. കൊണ്‌ഗ്രെസ്സിന്റെയും പ്രശ്‌നം അത് തന്നെയാണ്. വോട്ട് എങ്ങോട്ടു പോകും എന്ന് തിട്ടമില്ലാത്തത് കൊണ്ടു ഒരു വിഷയത്തില്‍ ഏത്രമാത്രം ഗാഢമായി ഇടപെടണം എന്ന് തിട്ടമില്ലാത്ത അവസ്ഥ. ഓരോ നേതാക്കളും അവരുടെ മൂഡ് അനുസരിച്ചു പ്രതികരിക്കും. എക്‌സ്ട്രാ ജുഡിഷ്യല്‍ കില്ലിങിനെ കൊണ്‌ഗ്രെസ്സ് നേതൃത്വം അപലപിച്ചപ്പോള്‍. അതിനു ഏറ്റവും കൂടുതല്‍ കൈയ്യടിച്ചത് കൊണ്‌ഗ്രെസ്സ്‌കാരില്‍ പലരും. അത് പൊലെ ഈ ബില്ലിനെ രഹസ്യമായും ഒട്ടൊക്കെ പരസ്യമായും സപ്പോര്‍ട് ചെയ്യുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ട്. പലപ്പോഴും കൊണ്‌ഗ്രെസ്സ് നയമെന്തന്നു കൊണ്‌ഗ്രെസ്സ്‌കാര്‍ക്ക് പോലും അറിയാത്ത അവസ്ഥ ആര്‍ക്കും ആരെയും എന്തും പറയാവുന്ന അവസ്ഥ. മുസ്ലിംങ്ങളെ പിന്താങ്ങിയാല്‍ ഹിന്ദ് വോട്ട് പോകുമോ ബി ജെ പി യെ വിമര്‍ശിച്ചല്ലെങ്കില്‍ മുസ്ലിം വോട്ട് പോകുമോ എന്നൊക്ക ആലോചിച്ചു തലപുകച്ചു ഒക്കത്തിരുന്നതും പോയി ഉത്തരത്തില്‍ ഇരുന്നത് കിട്ടിയതും ഇല്ല എന്നെ അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും. ന്യൂന പക്ഷങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ലിബറലുകള്‍ക്കും പൂര്‍ണ്ണമായി വിശ്വസിക്കുവാനാവാത്ത അവസ്ഥ.

പ്രതിപക്ഷ പാര്‍ട്ടികള്‍ അവരവര്‍ ഭരണത്തില്‍ ഉള്ളിടത്തെ തിരെഞ്ഞെടുപ്പിന് അപ്പുറം ചിന്തിക്കുന്നില്ല എന്നതും അവരവരുടെ പാര്‍ട്ടികളുടെ തിരെഞ്ഞെടുപ്പ് താല്പര്യങ്ങള്‍ക്ക് അപ്പുറമുള്ള ജനാധിപത്യം വ്യവഹാരങ്ങള്‍ സെക്കണ്ടറി പൊളിറ്റിക്സാണ്. അടുത്ത തിരെഞ്ഞെടുപ്പു വരെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തെകുറിച്ചും ഭരണഘടനയെകുറിച്ചും വാചക കാസര്‍ത്തുകള്‍ക്കപ്പുറം ജനകീയ സമരങ്ങള്‍ക്ക് ആരും തെരുവില്‍ ഇറങ്ങില്ല.

അടുത്ത തിരെഞ്ഞെടുപ്പു വരെ പരസ്പരം ചെളി വാരിഎറിഞ്ഞു പരസ്പരം ഇല്ലായ്മ ചെയ്തു ഇടങ്ങളിലാണ് ബി ജെ പി വേര് ഉറപ്പിച്ചത്.

കേരളം സേഫാണ് എന്ന തെറ്റിധാരണയിലാണ് ഒരുപാടുപേര്‍. പരസ്പരം ട്രോളി ബി ജെ പി യുടെ വികസിപ്പിക്കുകയാണ് എന്ന് പലരും അറിയുന്നില്ല. പുര കത്തുമ്പോള്‍ പരസ്പരം വാഴവെട്ടികളിക്കുന്നവര്‍ സ്വന്തം കുഴി തോണ്ടുകയാണ് എന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു കൊള്ളാം.
ഇടതു വിരോധം മൂത്തു ബി ജെ പി ക്ക് വഴി വെട്ടുന്ന കോണ്‍ഗ്രെസ്സ്‌കാരും കൊണ്‌ഗ്രെസ്സ് വിരോധം മൂത്തു ബി ജെ പി ക്ക് വഴി ഒരുക്കുന്നവരും. ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഇസ്ലാമോഫൊബിയ ഉള്ളില്‍ ഉള്ളവരും അത് തന്നെയാണ് ചെയ്യുന്നത്.

കേരളം സേഫ് ആണെന്ന ധാരണ മാറണം. ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളും എന്‍കൗണ്ടര്‍ കില്ലിങ്ങും ഉള്ള നാടാണ്. പൊലീസിന് ഒരാളെ മാവോയിസ്റ്റോ രാജ്യ ദ്രോഹിയോ തീവ്രവാദിയോ ആക്കി ജയിലടക്കുകയോ തട്ടികളയുകയോ ചെയ്താല്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ കൂടി വരുമ്പോള്‍ കേരളത്തിന്റെ ഭാവിയെ കുറിച്ചും ഓര്‍ക്കുക .

പുര കത്തുമ്പോള്‍ പരസ്പരം മത്സരിച്ചു വാഴവെട്ടി സ്വയം നശിക്കാതിരിക്കുക. മകന്‍ ചത്താലും മരുമകളുടെ കരച്ചില്‍ കണ്ടാല്‍ മതിയെന്നത് അവസാനിപ്പിച്ചാല്‍ അവരവര്‍ക്ക് കൊള്ളാം.

ഇപ്പോള്‍ പ്രതിപക്ഷമൊന്നാകെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റി വച്ചു ഭരണഘടനക്ക് വേണ്ടി നിലകൊള്ളുകയും മെജോറിട്ടേറിയന്‍ രാഷ്ട്രീയ അധിനിവേശത്തിന് തടയിടേണ്ട സമയമാണ്. രാജ്യം ഒരു അടിയന്തരവസ്തയിലേക്ക് നീങ്ങുകയാണ്. അതുകൊണ്ടു യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ ഒരുമിക്കണം.

പറഞ്ഞന്നേയുള്ളൂ.
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ കണ്ണുള്ളവര്‍ കാണട്ടെ.

Join WhatsApp News
പുര കത്തിച്ചത് വാഴ വെട്ടാന്‍ 2019-12-12 21:06:32
 വാഴ വെട്ടാന്‍ നേരത്തെ തീരുമാനിച്ചു, പല അടവും നോക്കി വാഴ വെട്ടാന്‍, അവസാനം വാഴ വെട്ടി എന്നിട്ട്  പുര കത്തിച്ചു - അതാണ് മാഷേ രാഷ്ട്രീയം.
-ചാണക്യന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക