Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 54: ജയന്‍ വര്‍ഗീസ്)

Published on 12 December, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 54: ജയന്‍ വര്‍ഗീസ്)
ഒരു വാഹനം ഇല്ലാത്തതിന്റെ വിഷമം ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. ഏഴര മണിക്കാണ് ജോലിക്ക് കയറേണ്ടതെങ്കിലും, നാല് മണിക്ക് എണീറ്റാലെ കാര്യം നടക്കൂ എന്ന അവസ്ഥ. ഏതു കൊടും തണുപ്പാണെങ്കിലും അഞ്ചാറു മിനിറ്റ് നടന്നാലേ ബസ്‌റ്റോപ്പില്‍ എത്തുകയുള്ളൂ. ബസ് വരാന്‍ അര മണിക്കൂര്‍ വരെ എടുത്തേക്കാം.  61 എന്ന് നന്പറുള്ള ഈ ബസ്സില്‍ കയറിയാല്‍ മുക്കാല്‍ മണിക്കൂറെടുക്കും ' ഫെറി ടെര്‍മിനല്‍ ' എന്ന പ്രധാന സ്‌റ്റേഷനില്‍ എത്തുവാന്‍. അവിടെയും അര മണിക്കൂറിലേറെ കാത്തു നിന്നാലേ 78 എന്ന നംബറുള്ള ബസില്‍ കയറി കന്പനി പടിക്കല്‍ ഇറങ്ങാന്‍ പറ്റുകയുള്ളു. അവിടെ ജോലി ചെയ്തിരുന്ന മിക്ക മലയാളികളും ഈ ഭാഗത്തു നിന്ന് ഉള്ളവര്‍ ആയിരുന്നത് കൊണ്ട് ഇപ്രകാരം യാത്ര ചെയ്തിട്ടാണ് അവിടെ എത്തിയിരുന്നത്.

ഇതിലും വലിയ വിഷമം അനുഭവിച്ചിരുന്നത് ഷോപ്പിങ്ങിന്റെ കാര്യത്തില്‍ ആയിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നത് ജോലി സ്ഥലത്തിന് അടുത്തു തന്നെയുള്ള ഒരു വലിയ സ്‌റ്റോറില്‍ നിന്ന് ആയിരുന്നു. ഈ സ്‌റ്റോറിലെ സാധനങ്ങള്‍ക്ക് ക്വോളിറ്റി ഇല്ലെന്നും, വില കൂടുതല്‍ ആണെന്നും പൊതുവെ പരാതി ഉണ്ടായിരുന്നെങ്കിലും വേറെ മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. ( ഇത് ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സ്‌റ്റോര്‍ അടച്ചു പൂട്ടിക്കുകയുണ്ടായി. ) കുറെ പ്ലാസ്റ്റിക് ബാഗുകളും തൂക്കിയുള്ള ഞങ്ങള്‍ മലയാളികളുടെ കൂട്ട യാത്ര മറ്റുള്ള യാത്രക്കാര്‍ അവഗണിച്ചിരുന്നു എങ്കിലും ഇടക്കിടെ ഇത് കാണുന്ന മാന്യന്മാരായ മലയാളികള്‍ക്ക് ഇതൊരു കുറച്ചിലായിരുന്നുവെന്ന് അവരുടെ വളിച്ച ചിരിയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുമായിരുന്നു. അല്ലെങ്കില്‍ തന്നെ ബേസ്‌മെന്റില്‍ താമസിക്കുന്നവരെയും, പ്രോഫാഷണല്‍ ക്വോളിഫിക്കേഷന്‍ ഇല്ലാത്തവരെയും ഏതോ അന്യഗ്രഹ വിചിത്ര ജീവികള്‍ ആയിട്ടാണ് മിക്ക മലയാളി മാന്യന്മാരും സമീപിച്ചിരുന്നത്. അത്തരക്കാരെ കണ്ടാല്‍ മുഖം തിരിച്ച് ഒഴിഞ്ഞു മാറുകയാണ് അവരുടെ സ്ഥിരം പരിപാടി. എന്റെ സ്വന്തം അനുഭവത്തില്‍ തന്നെ ഇതിന് എത്രയോ ഉദാഹരണങ്ങള്‍ !

ഒരു പതിനായിരം ഡോളര്‍ ഞങ്ങളുടെ സന്പാദ്യം ബാങ്കിലുണ്ട്. അത് കൊണ്ട് ഒരു വിധം കൊള്ളാവുന്ന ഒരു യൂസ്ഡ് വെഹിക്കിള്‍ സ്വന്തമാക്കാം.  പക്ഷെ പയ്യന്‍ സമ്മതിക്കുന്നില്ല. മുന്‍പ് വാങ്ങിയ ഞങ്ങളുടെ സ്വപ്ന വാഹനം ഉണ്ടാക്കിയ തലവേദനകള്‍ ആവര്‍ത്തിക്കുവാന്‍ അവനു മനസ്സില്ല. രണ്ടായിരം കൊടുത്ത് വാങ്ങിയ ' കട് ലസ് സിയറ ' മറ്റൊരു രണ്ടായിരം കൂടി ഞങ്ങളെക്കൊണ്ട് മുടക്കിച്ചിട്ടായിരുന്നു സ്‌നോയില്‍ ഇടിച്ചു തകര്‍ന്നത്. ഒരു പുതിയ വണ്ടി വാങ്ങുന്നതിനുള്ള അന്വേഷണവുമായി ഞങ്ങള്‍ ഷോറൂമുകളില്‍ കയറിയിറങ്ങി

. ഞങ്ങളുടെ ആവശ്യത്തിനുള്ള ഒരു ചെറിയ കാര്‍ വാങ്ങാന്‍ ഇരുപതിനായിരം ഡോളര്‍ വേണം. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആയിടെ ഇറങ്ങിയ ' ഗാലാന്റ് ' എന്ന മിറ്റ് സുബിഷിയുടെ വണ്ടി പതിനെണ്ണായരത്തി അറുന്നൂറു  ഡോളറിന് കിട്ടാമെന്ന് വച്ചു. കണ്ടാല്‍  നല്ല  ഭംഗിയുള്ള വണ്ടിയായത് കൊണ്ട് അത് തന്നെ വാങ്ങാമെന്ന് തീരുമാനിച്ചു. നമ്മുടെ കൈയിലുള്ളത് കഴിച്ചു ബാക്കിയുള്ളത് കടമെടുക്കണം. ബാങ്ക് പണം തരും. പക്ഷെ നല്ല ക്രെഡിറ്റ് ലൈന്‍ ഉള്ളവരുടെ കോ സൈന്‍ അഥവാ ജാമ്യം വേണം. തുടക്കക്കാരായ നമ്മള്‍ക്ക് ക്രെഡിറ്റ് ലൈന്‍ ഉണ്ടായി വന്നിട്ടില്ല.

ഒരു കോ സൈന്‍ ചെയ്യാമോ എന്ന് സഹോദര കുടുംബങ്ങളോട് അന്വേഷിച്ചു. പലര്‍ക്കും പല അസൗകര്യങ്ങള്‍. ഇതൊരു അപകടം പിടിച്ച പണിയാണെന്നും, ഏതെങ്കിലും കാരണവശാല്‍ ഞങ്ങള്‍ പണമടച്ചില്ലെങ്കില്‍ കോ സൈന്‍ ചെയ്യുന്നവരുടെ ക്രെഡിറ് ലൈന്‍ ക്രാഷ് ആവുമെന്നും, അവരുടെ ഭാവി പണമിടപാടുകള്‍ എല്ലാം തകരാറില്‍ ആവുമെന്നും പറഞ്ഞു തന്നു. എങ്കിലും മേരിക്കുട്ടിയുടെ ഇളയ ആങ്ങള കോ സൈന്‍ ചെയ്തു തരാമെന്നു സമ്മതിച്ചു.

ബ്രൂക്‌ലിനിലുള്ള ബേയ് റിഡ്ജ്  മിറ്റ് സുബിഷിയുടെ ഷോറൂമിലാണ് വണ്ടി കിടക്കുന്നത്. പത്തു മണിക്ക് അവിടെ വച്ച് കാണാം എന്ന് കക്ഷി പറഞ്ഞു. മന്‍ഹാട്ടനില്‍ ചേസ് ബാങ്കില്‍ ജോലി ചെയ്യുന്ന  ആള്‍ക്ക് അവിടുന്ന് വരാന്‍ എളുപ്പമാണ്. ഒന്‍പതര മണിക്ക് ഞാനും എല്‍ദോസും ഷോറൂമിലെത്തുന്‌പോള്‍ അതാ നില്‍ക്കുന്നു മേരിക്കുട്ടിയുടെ ഒരു സഹോദരിയും, ഭര്‍ത്താവും. ചെന്ന വഴിയേ അവര്‍ ഞങ്ങളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. " ചേട്ടാ, എല്ലാക്കാര്യങ്ങളും ഞാന്‍ പറഞ്ഞു വച്ചിട്ടുണ്ട്, ചേട്ടന്‍ ഒരു സൈന്‍ ചെയ്താല്‍ മതി " എന്ന് അനുജന്‍ പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസവും, നന്നായി ഇഗ്‌ളീഷ് സംസാരിക്കുവാന്‍ കഴിവുമുള്ള അനുജന് നമ്മളെക്കാള്‍ നന്നായി കാര്യങ്ങള്‍ ഡീല്‍ ചെയ്യുവാന്‍ സാധിക്കുമല്ലോ?

സംഗതിയിതാണ് : അവരുടെ ഒരു പഴയ വാന്‍ ഒരു വിലവച്ചു ട്രേഡ് ചെയ്യുകയാണ്. അപ്പോള്‍ വാനിന്റെ വില അവര്‍ക്കു കിട്ടും. അത് കന്പനിയുമായിട്ടുള്ള അവരുടെ ഡീലിങ്. നമ്മുടെ വണ്ടിയില്‍ ഒരു അലാറം ആഡ് ചെയ്തിട്ടുണ്ട്, അതിനു നാനൂറു ഡോളര്‍. പിന്നെ രെജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, പ്‌ളേറ്റ്, ടാക്‌സ് ഒക്കെക്കൂടി വണ്ടിയുടെ വില ഇരുപത്തി ഒന്നായിരം ഡോളര്‍ എന്ന് ഫിക്‌സ് ചെയ്തു വച്ചിരിക്കുകയാണ്. അതില്‍ ഒന്പതായിരം രൊക്കം. ബാക്കി പന്ത്രണ്ട് ആയിരം ബാങ്ക് ലോണ്‍. ഇരുന്നൂറ്റി ഇരുപത് ഡോളര്‍ മാസ അടവ്, അറുപതു മാസത്തേക്ക്. എല്ലാം അനുജന്‍ പറഞ്ഞു വച്ച് നില്‍ക്കുകയാണ്. ഞാന്‍ ഒപ്പിട്ടു കൊടുത്ത് വണ്ടി കൈപ്പറ്റി. കോ സൈന്‍ ചെയ്യാന്‍ വേണ്ടി മന്‍ഹാട്ടനില്‍ നിന്ന് ട്രെയിന്‍ പിടിച്ചു പത്തു മണിക്ക് തന്നെ   സഹോദരന്‍  വന്നെങ്കിലും അപ്പോഴേക്കും എല്ലാ കാര്യങ്ങളുടെയും ഇടപാട് കഴിഞ്ഞിരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അനുജനും, അനുജത്തിയും വീട്ടില്‍ വന്നു.  " ചേട്ടാ, അന്ന് ഞങ്ങളുടെ വാന്‍ ട്രേഡ് ചെയ്തപ്പോള്‍ അതിന്റെ വിലക്ക് ചേട്ടന്‍ ടാക്‌സ് കൊടുത്തിട്ടില്ല. ട്രേഡ് ചെയ്യാതെ വണ്ടി വാങ്ങുകയായിരുന്നു എങ്കില്‍ മുഴുവന്‍ തുകക്കും ചേട്ടന്‍ ടാക്‌സ് കൊടുക്കണമായിരുന്നു. അതുകൊണ്ട് വാനിന്റെ വിലയുടെ ടാക്‌സായ നാനൂറ്റി തൊണ്ണൂറ്റേഴ് ഡോളര്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് തരണം." എന്ന് പറഞ്ഞു. " അത് കുഴപ്പമില്ല "  എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അഞ്ഞൂറ് ഡോളര്‍ തികച്ചും അവര്‍ക്കു കൊടുത്തു. അങ്ങിനെ ഞങ്ങളുടെ സന്പാദ്യം മുഴുവനായും, പന്ത്രണ്ടായിരം ഡോളര്‍ കടവുമായി ഒരു പുതിയ ' ഗലാന്റ് '  എന്ന സുന്ദരന്‍ കാര്‍ ഞങ്ങള്‍ക്ക് സ്വന്തമായി. ആദ്യ ദിവസം തന്നെ ഞാനും, എല്‍ദോസും കൂടി അകത്തൂറിക്കൂടിയ അഹങ്കാരവുമായിട്ടായിരിക്കണം, സ്റ്റാറ്റന്‍ ഐലന്‍ഡ് മാളില്‍ ഒക്കെ ഒന്ന് കറങ്ങി തിരിച്ചു വരും വഴി റെഡ് ലൈറ്റ് പാസ് ചെയ്ത വകയില്‍ ഞങ്ങള്‍ക്ക് പോലീസ് ഒരു ടിക്കറ്റ് തന്നു. തൊണ്ണൂറ് ഡോളര്‍.   ഇന്‍ഷുറന്‍സ് നിരക്കിനെ ബാധിച്ചേക്കാവുന്ന തരത്തില്‍  ലൈസന്‍സില്‍ കുറെ വയലേഷന്‍ പോയിന്റുകളും. സത്യത്തില്‍ ഞങ്ങളുടെ കാര്‍ റോഡിലെ വൈറ്റ് ലൈന്‍ പാസ് ചെയ്തിട്ടാണ് നിര്‍ത്തിയത് എന്നതായിരുന്നു കുറ്റം.

മാസ  തവണയും,ഇന്‍ഷുറന്‍സും കൂടി വണ്ടിയുടെ ചെലവ് തന്നെ മാസത്തില്‍ ഒരു അറുന്നൂറോളം  ഡോളര്‍ വേണ്ടി വരും. ഞങ്ങളില്‍ ഒരാളുടെ ശന്പളം മുഴുവനുമായി. ഒരു പഴയ വണ്ടി വാങ്ങിച്ചാല്‍ പോരായിരുന്നോ എന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സരോപദേശം. ആലോചിക്കുന്‌പോള്‍ സംഗതി സത്യമാണ്. ഒരാള്‍ വണ്ടിക്ക് വേണ്ടി മാത്രം ജോലി ചെയ്യണം എന്ന അവസ്ഥ. ഞങ്ങളുടെ ഏരിയായില്‍ നിന്ന് കന്പനിയില്‍ ജോലി ചെയ്‌യുന്ന അച്ചനും, ഭാര്യയും, മറ്റു ചിലരും ഞങ്ങളുടെ വണ്ടിയില്‍ പോരാമെന്നും, അതിനായി ബസ്‌ഫെയര്‍ ഞങ്ങള്‍ക്ക് തരാമെന്നും ഒരു നിര്‍ദ്ദേശം വച്ചു. അത് ഞാന്‍ സമ്മതിച്ചു. ഞാനും ഭാര്യയും ചേച്ചിയും കൂടി മൂന്നു പേര്‍ സ്ഥിരം വണ്ടിയിലുണ്ട്. പിന്‍ സീറ്റില്‍ ഒരു മൂന്നു പേരേക്കൂടി ഇരുത്തി ആറു പേരുമായി സര്‍വീസ് ആരംഭിച്ചു. യാത്രക്കാരെ അവരുടെ വീട്ടിലെത്തി പിക് ചെയ്യുകയും, തിരിച്ചു വീട്ടു പടിക്കല്‍ ഇറക്കി വിടുകയും എന്നതായിരുന്നു സര്‍വീസ്. സന്തോഷത്തോടെ അവര്‍ ബസ് ചാര്‍ജ് ഞങ്ങള്‍ക്ക് തരികയും, വണ്ടിയുടെ തവണയടവിന് അത് അനല്പമായ സഹായമായി തീരുകയുമുണ്ടായി.

ഒരു രണ്ടാം ജോലി കണ്ടെത്താതെ കാര്യങ്ങള്‍ മുന്നോട്ടു പോവുകയില്ല എന്ന നില വന്നു. ഗ്യാസ് സ്‌റ്റേഷനില്‍ വീണ്ടും അന്വേഷിച്ചെങ്കിലും, നമ്മള്‍ ആവശ്യപ്പെടുന്ന ഷിഫ്റ്റില്‍ ഇപ്പോളും ഒഴിവു വന്നിട്ടില്ല. പാക്കിസ്ഥാനില്‍  നിന്നുള്ള ഒരു കോളേജ് സ്റ്റുഡന്റ് ആ ഷിഫ്റ്റ് സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുകയാണ്. ഒഴിവു വന്നാല്‍ തീര്‍ച്ചയായും വിളിക്കാം എന്ന ഉറപ്പും തന്നു.

അങ്ങിനെയിരിക്കുന്‌പോള്‍ പത്രത്തില്‍ ഒരു പരസ്യം കാണുന്നു. ' ക്‌ളീന്‍ നെറ്റ് ' എന്നൊരു വലിയ കന്പനി ' ഫറാഞ്ചയ്‌സി പാര്‍ട്ടണേര്‍സി ' നെ  അന്വേഷിക്കുന്നു. ഓഫീസ് ക്‌ളീനിങ് എന്നതാണ് ബിസിനസ്. ക്‌ളീന്‍ ചെയ്‌യുവാനുള്ള നമ്മുടെ കഴിവ് അനുസരിച്ചു മണിക്കൂറിന്  ഇരുപത്തഞ്ചു ഡോളര്‍ വരെ ഉണ്ടാക്കാം എന്നതാണ് ഓഫര്‍. അവരുടെ കീഴില്‍ പതിനായിരത്തിലധികം ഫ്രാന്‍ഞ്ചൈസികള്‍ ഉണ്ടെന്നും, അവരെല്ലാം നൂറു ശതമാശനം സംതൃപ്തരായി ജീവിതം ആസ്വദിക്കുകയാണെന്നും, ഒക്കെ പരസ്യം പറയുന്നുണ്ട്. ക്‌ളീന്‍ ചെയ്യേണ്ട ഓഫിസുകള്‍ കമ്പനി തന്നെ കണ്ടെത്തി തരുമെന്നും, നമുക്കുള്ള പേയ്‌മെന്റ് കന്പനിയില്‍ നിന്ന് കൈപ്പറ്റാം എന്നും ആയിരുന്നു വ്യവസ്ഥ. ഫോണിലൂടെ ഞാന്‍ വിളിക്കുന്‌പോള്‍ ഈ വ്യവസ്ഥകള്‍ ഒന്ന് കൂടി ആവര്‍ത്തിക്കുകയും, ക്‌ളീനിങ് വസ്തുക്കളും, ഉപകരണങ്ങളും കൈപ്പറ്റാനായി അതിന്റെ വിലയായ രണ്ടായിരത്തില്‍പരം ഡോളറുമായി  ( ഇവകളുടെ മാര്‍ക്കറ്റ് വില നൂറു ഡോളറില്‍ താഴെയായിരുന്നു എന്ന് പിന്നീടറിഞ്ഞു. ) ഇന്റര്‍വ്യൂവിനും, പ്രാക്ടിക്കലിനുമായി കണക്ടിക്കട്ടിലുള്ള ഒരു സ്ഥലത്ത് എത്തണമെന്നും നിര്‍ദ്ദേശം വന്നു.

കൂടുതല്‍ അന്വേഷിക്കുകയും, ആലോചിക്കുകയും ചെയ്തപ്പോള്‍ സംഗതി കുഴപ്പമില്ല എന്ന് തോന്നി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ ജോലിയുള്ളു. മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ഷെഡ്യൂള്‍. നമുക്ക് കിട്ടാന്‍ പോകുന്നത് മൂന്ന് ഓഫീസുകള്‍. ഒന്ന് വീടിനു തൊട്ടടുത്ത സ്ട്രീറ്റില്‍. മറ്റൊന്ന് അഞ്ചു മൈല്‍ ദൂരെ. മൂന്നാമത്തേത് പത്തു മൈല്‍ ദൂരെ ന്യൂ ജേഴ്‌സിയില്‍. ആഴ്ചയില്‍ ഒരു തവണ മതി ക്‌ളീനിങ്. ഓരോ ഓഫീസുകള്‍ക്കും എഴുപത്തഞ്ച് ഡോളര്‍ വീതം കന്പനി നമുക്ക് തരും. ഒരാള്‍ക്ക് രണ്ടു മണിക്കൂര്‍ കൊണ്ട് ഒരോഫീസ് ക്‌ളീന്‍ ചെയ്യാം. രണ്ടായിരം ഡോളര്‍ കൊടുക്കണം എന്ന് പറയുന്നത് കന്പനിയുടെ ഫീസും, സപ്ലെയ്‌സിന്റെ വിലയുമാണ്. സപ്ലെയ്‌സ് തീരുന്ന മുറക്ക് കന്പനി അവ ഫില്‍ ചെയ്തു കൊണ്ടിരിക്കും.

പുത്തന്‍ കാറുമായി ഞാന്‍ കണക്ടിക്കട്ടിലെ ഓഫിസില്‍ പറന്നെത്തി. ജി. പി. എസ്. ഒന്നും നിലവില്‍ വന്നിട്ടില്ലായിരുന്ന അക്കാലത്ത് ഒരു മാപ്പിന്റെ സഹായത്തോടെയാണ് ഞാന്‍ െ്രെഡവ് ചെയ്തു എത്തിയത്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്രയും ദൂരം ഞാന്‍ തനിച്ചു വണ്ടിയോടിക്കുന്നത്. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ കൊട്ടാര സദൃശ്യമായ ഒരു സ്യൂട്ടിലായിരുന്നു കന്പനിയുടെ ഓഫിസ്. സര്‍വാഭരണ വിഭൂഷിതനായിരിക്കുന്ന കന്പനി  മേധാവി എനിക്ക് വന്നു ചേരാന്‍ പോകുന്ന ജീവിത നേട്ടങ്ങളെപ്പറ്റി കുറെയേറെ വാചാലനായി. എന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞ ആ വാചാലതക്കൊടുവില്‍ എന്റെ കൈയിലിരുന്ന രണ്ടായിരം ഡോളര്‍ അയാളുടെ പോക്കറ്റിലാവുകയും, പകരം, ഗാര്‍ബേജ് ക്യാന്‍, മാപ്പിംഗ് ബക്കറ്റ്, വിവിധയിനം ക്‌ളീനറുകള്‍ എന്നിവയെല്ലാം കാറിന്റെ ഡിക്കിയില്‍ നിറച്ചു കൊണ്ട് ഞാന്‍ തിരിച്ചു പോരുകയും ചെയ്തു.

ഷെഡ്യൂള്‍ അനുസരിച്ചാണ് ക്‌ളീനിങ്. ശനിയാഴ്ചകളില്‍ സ്റ്റാറ്റന്‍ ഐലണ്ടിലുള്ള രണ്ട് ഓഫിസുകള്‍. ഞായറാഴ്ച ന്യൂ ജേര്‍സിയിലുള്ള ഓഫിസ്. ആദ്യം പോയത് വീടിനടുത്തുള്ള ഓഫിസിലേക്ക്. ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വൃത്തിയുള്ള ഓരോഫിസായിരുന്നു അത്. ഞാനും, ഭാര്യയും കൂടിയാണ് ചെന്നിരിക്കുന്നത്. ജോലിക്കാരായി അഞ്ചാറ് യുവതികള്‍. സാധനങ്ങള്‍ അടുക്കിയും, മാറ്റിയുമൊക്കെ അവര്‍ ഞങ്ങളോട് സഹകരിച്ചു. നാലഞ്ചു മേശകള്‍ തുടച്ചു വൃത്തിയാക്കണം, ചെറിയ ഗാര്‍ബേജ് ക്യാനുകളില്‍ നിന്ന് ഗാര്‍ബേജ് എടുത്തു പുതിയ ബാഗ് ഇടണം, ടോയ്‌ലറ്റ് സീറ്റ് തുടച്ചു ഫ്‌ലഷ് ചെയ്യണം, ബാത്ത് റൂമിന്റെ തറ മാപ്പു ചെയ്‌യണം, തീര്‍ന്നു. ബാക്കി ഭാഗം ഫ്‌ലോര്‍ വൈനല്‍ ടൈല്‍സ് ആണ് അത് സ്വീപ്പ് ചെയ്താല്‍ മതി. അത് വല്ലാതെ മുഷിഞ്ഞാല്‍ മാത്രം ഇടക്കിടക്ക്  ബഫ് ചെയ്താല്‍ മതി. ഒരു മണിക്കൂര്‍ കൊണ്ട് ഭാര്യയും ഞാനും കൂടി ഓഫീസ് ക്‌ളീന്‍ ചെയ്തു പുറത്തിറങ്ങി.

രണ്ടാമത്തെ ഓഫീസ് അഞ്ചാറു മൈല്‍ ദൂരെ സ്റ്റാറ്റന്‍ ഐലണ്ടിന്റെ തെക്കേ അറ്റത്ത് അംബോയ് റോഡിലുള്ള ഒരു വീടാണ്. വീടിനോടു ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഒരു ഭാഗം ആര്‍ക്കിടെക്ട് ആയ വീട്ടുകാരന്റെ വര്‍ക് ഷോപ്പാണ്. പ്ലാനുകളും, കടലാസുകളും ഉപകരണങ്ങളുമൊക്കെയായി അതങ്ങനെ നിറഞ്ഞു കിടക്കുകയാണ്. അതൊക്കെ മാറ്റാന്‍ ഒരുങ്ങിയപ്പോള്‍ വീട്ടുകാരന്‍  വന്നു പറഞ്ഞു അതിലൊന്നും തൊടരുതെന്ന്. തറയിലെ കാര്‍പ്പറ്റ് വാക്വം ചെയ്യുകയും, ചേര്‍ന്നുള്ള കിച്ചന്‍ ക്‌ളീന്‍ ചെയ്യുകയും ആണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസ് ക്‌ളീനിംഗിന് വന്നിട്ട് കിച്ചന്‍ കഌനിംഗ് ആണോ എന്ന് തോന്നിയെങ്കിലും ചോദിച്ചില്ല. കാര്‍പ്പറ്റ് പതിനഞ്ചു മിനിട്ടു കൊണ്ട് വാക്വം ചെയ്തു. കിച്ചണില്‍ കുറേ പണിയുണ്ട്. എല്ലാം മുഷിഞ്ഞു കിടക്കുകയാണ്. പതിന്നാലു വയസുള്ള ഒരു പെണ്‍കുട്ടി മാത്രമാണ് വീട്ടിലുള്ളത്. ആ കിച്ചണില്‍ വളരെക്കാലമായി ആരും പെരുമാറിയിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാവും. മകനും കൂടെയുള്ളത് കൊണ്ട് വുഡ് ക്‌ളീനര്‍ കൊണ്ട് ഡൈനിങ് ടേബിളും കസേരകളുമെല്ലാം അവന്‍ ക്‌ളീനാക്കി. പാത്രങ്ങളും, അടുപ്പും, സിങ്കുമെല്ലാം ഭാര്യ ക്‌ളീനാക്കുന്നു. തറയും, കൗണ്ടര്‍ ടോപ്പുമെല്ലാം ഞാനും കഌനാക്കി. ആദ്യ തവണ ആയതിനാലാവാം, രണ്ടു മണിക്കൂര്‍ കൊണ്ട് എല്ലാം ക്‌ളീനാക്കി ഞങ്ങള്‍ക്ക് മടങ്ങാന്‍ കഴിഞ്ഞു.

പിറ്റേന്ന് ഞായറാഴ്ച ഞങ്ങള്‍ ന്യൂ ജേര്‍സിയിലെത്തി. പത്തു മൈലില്‍ അതികം ദൂരമുണ്ട്. ക്യാബിനുകളായി തിരിച്ചിട്ടുള്ള ഒരു വലിയ ഓഫീസാണ് സ്ഥലം. തറ മുഴുവനും കാര്‍പ്പറ്റാണ്, വാക്വം ചെയ്യണം. ഗാര്‍ബേജ് ക്യാനുകള്‍ എംറ്റി ചെയ്തു ബാഗ് ഇടണം, ബാത്ത് റൂം  കഌന്‍ ചെയ്യണം, മേശകള്‍ തുടക്കണം ഇത്രയേ പണിയുള്ളു. ഞങ്ങള്‍ക്ക് വേണ്ടി ഓഫീസ് തുറന്നു തന്നിട്ട് കൃശ ഗാത്രിയായ ഒരു മുപ്പത്തഞ്ചുകാരി വരാന്തയില്‍ ഇരിക്കുന്നുണ്ട്. ഒരാള്‍ മേശകള്‍ തുടക്കുകയും, മറ്റൊരാള്‍ ബാത്ത് റൂം ക്‌ളീനാക്കുകയും, മൂന്നാമത്തെയാള്‍ വാക്വം ചെയ്യുകയും ചെയ്യുന്ന ഒരു രീതിയില്‍ ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് ക്‌ളീനിങ് പൂര്‍ത്തിയാക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

ഇത് കൊള്ളാവുന്ന ഒരു തോഴില്‍ ആണല്ലോയെന്ന് ഞങ്ങള്‍ ചിന്തിച്ചു പോയി. കുറച്ചു ദൂരം വണ്ടിയോടിക്കണമെങ്കിലും മണിക്കൂറിന് ഇരുപത് ഡോളര്‍ കിട്ടുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കന്പനിയില്‍ നിന്ന് 225 ഡോളറിന്റെ ചെക്ക് കിട്ടിയപ്പോള്‍ ' ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ' എന്ന മനോഭാവത്തില്‍ ആയിപ്പോയി ഞങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക