Image

മഞ്ഞുകാലത്തെ കനല്‍ക്കട്ടകള്‍ (സങ്കീര്‍ത്തനം-2 ദുര്‍ഗ മനോജ്)

Durga Manoj Published on 12 December, 2019
മഞ്ഞുകാലത്തെ കനല്‍ക്കട്ടകള്‍ (സങ്കീര്‍ത്തനം-2 ദുര്‍ഗ മനോജ്)
മഞ്ഞു മാസമാണ്.. എങ്കില്‍ പോലും, എങ്ങും ആളിപ്പടരുന്ന തീയാണ്, വേദപുസ്തകത്തിലെ വരികളിലൂടുഴറുമ്പോള്‍
ഇന്ന് മുന്നില്‍. സങ്കീര്‍ത്തനം മൂന്നിലെ വരികള്‍ ജ്വലിക്കുന്നു.
ഞാന്‍ ആര്‍ത്തയാണ്. അതിനാല്‍ ഞാന്‍ കേഴുന്നു.
' ......യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു. എന്നോട് എതിര്‍ക്കുന്നവര്‍ അനേകരാകുന്നു... '

മനുഷ്യനവന്റെ ബുദ്ധിവികാസം കൊണ്ട് ഇതര ജീവി സമൂഹത്തെ പിന്തള്ളി ഭൂമിയുടെ അധിപതികളാകുമ്പോള്‍ അവനറിയാതെയവനോടൊപ്പം വളര്‍ന്നു വന്ന ഒന്നുണ്ട്. അവന്റെ തന്നെ അന്തരാത്മാവിലെ ഭയമെന്ന വികാരം. അത് സ്വന്തം നിഴലിനോട് പോലും പടയ്ക്ക് പുറപ്പെടുവാന്‍ തക്കവിധം അവനെ വെറും നിസ്സാരക്കാരനാക്കുന്നുമുണ്ട്.

എന്താണ് നിന്റെ പ്രശ്‌നം എന്നൊരുവനോട് ചോദിച്ചാല്‍ അവന്‍ പറയുന്ന ഏതൊരു പ്രശ്‌നത്തിന്റെയും ആവശ്യത്തിന്റേയും പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്, ഭാവിയോടുള്ള അവന്റെ ഭയമാണെന്ന് കണ്ടെത്താം.

ആ ഭയം അവന്‍ എവിടെയാണ് നിക്ഷേപിക്കുക? തന്നിലുള്ള ആശങ്കള്‍ ഒന്നിറക്കി വയ്ക്കുവാനൊരു അത്താണി. ദൈവപുത്രന്‍ കുരിശ് വഹിച്ച്, ചാട്ടവാറടിയേറ്റ് രക്തം ഇറ്റ് വീണ് ഒരോ ചുവടും മുന്നോട്ട് നീങ്ങിയപ്പോള്‍ അത് മനുഷ്യരോടുള്ള, അവരുടെ ഭയമെന്ന വികാരത്തോടുള്ള മറുപടിയായിരുന്നു. മനുഷ്യാ നീ ഭയക്കരുത് എന്ന്. ഒപ്പം, നിന്റെ ഭയങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങുന്നുവെന്നും.

ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളിലങ്കുരിക്കുമ്പോള്‍ ഇന്ത്യയിലും നക്ഷത്രദീപങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനിടിയില്‍ നോവ് പോലെ ഉന്നാവയിലെ മാലാഖയെ ചുട്ടെരിച്ച കനല്‍ നമ്മുടെ ഉള്ളു പൊള്ളിക്കുന്നു. അതൊരു ഭയത്തിന്റെ, തിന്മയുടെ തീക്കനല്‍ പോലെ ഈ മഞ്ഞുകാലത്തും അഗ്നിതാണ്ഡവമാടുന്നു.

ഭയം എന്ന വാക്ക് രാവിന്റെ ഇരുള്‍ പറ്റിയാണ് അവളിലും ആദ്യമങ്കുരിച്ചിരിക്കുക. ഇരുളില്‍ നിന്നും ഏത് നിമിഷവും മുന്നില്‍ വന്നു നിന്നേക്കാവുന്ന തീക്കട്ടക്കണ്ണുകളും ചോരയിറ്റുന്ന നാവും തേറ്റയുമുള്ള ഒരു സത്വത്തെ അവള്‍ സ്വയം സൃഷ്ടിച്ച് നടുങ്ങിയ കുട്ടിക്കാലം. ഭൂതം, പ്രേതം എന്നൊക്കെ അവളതിന് പേരു നല്‍കി. അവള്‍ വളര്‍ന്നു, ആ വളര്‍ച്ചക്കിടയില്‍ അവളറിഞ്ഞത് മറ്റു ചില ഭയങ്ങളാണ്, പെണ്ണെന്ന ഭയം, വളര്‍ന്ന പെണ്ണന്ന ഭയം. ആ ഭയത്തിന്റെ ഉത്തരമായി അവരവളെ തീപ്പന്തമാക്കിയപ്പോള്‍ നീതി... നീതിയെന്ന് പാന്തി വെന്ത ഉടലിലും അവള്‍ കരഞ്ഞുപറഞ്ഞപ്പോള്‍, പിന്നീടെപ്പോഴോ നീതിയല്ല പ്രാണന്‍ പിടിച്ച് നിര്‍ത്താന്‍ ഒരിറ്റുവെള്ളമെനിക്ക് തരൂ എന്ന് കെഞ്ചുമ്പോള്‍ അയാള്‍ പറഞ്ഞു അവള്‍ സത്വമാണെന്ന്. ഭൂതമാണെന്ന്, പ്രേതമാണെന്ന്. അയാള്‍ നിഷേധിച്ചു ആ ഒരിറ്റുവെള്ളം. ജീവജലം....

അവളും എരിഞ്ഞടര്‍ന്നു കഴിഞ്ഞു. സ്‌നേഹമെന്ന അതേ വിശ്വാസത്തില്‍പ്പൊതിഞ്ഞ ചതിയും വഞ്ചനയും പാരിടം കീഴടക്കുമ്പോള്‍ ഞാനെന്റെ നെഞ്ചകം വിണ്ട്, കേഴുന്നു, എന്റെ പ്രിയ നാഥാ... നീ വരിക... ഞങ്ങള്‍ക്ക് കാവലായ്... 

ഗിരിശൃംഗങ്ങളില്‍ മഞ്ഞു കൊഴിയുന്ന ഈ ഡിസംബര്‍ രാത്രിയില്‍ ഞാന്‍ മറ്റെന്ത് കുറിക്കുവാനാണ്? അകന്ന് പോകുന്ന പ്രപഞ്ചത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ നോക്കി ഞാന്‍ കാത്തിരിക്കുന്നു. എന്റെ ആത്മാവിലെ ഇനിയുമകലാത്ത ഭയങ്ങളെ ഒരു നിമിഷം കൊണ്ടെരിച്ചു കളയുവാന്‍ ഒരു പിറവി! ആ പിറവി മുന്‍കൂട്ടി കണ്ട കിഴക്കിലെ ആ ജ്ഞാനികളെപ്പോലെ ഞാനും തപം ചെയ്യുന്നു.... 

ദിവ്യജനനം.....

സങ്കീര്‍ത്തനം പറയുന്നു:-'....എനിക്ക് വിരോധമായി പാളയമിറങ്ങി വരുന്ന ആയിരമായിരം ജനങ്ങളെ എനിക്ക് ഭയമില്ല. നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്‍മേല്‍ വരുമാറാകട്ടെ..... '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക