Image

റേപ്പും മനസിനെയാണ് ബാധിക്കുന്നത്, മാരിറ്റല്‍ റേപ്പായാലും (ഡോ.മനോജ് വെള്ളനാട്)

Published on 11 December, 2019
റേപ്പും മനസിനെയാണ്  ബാധിക്കുന്നത്, മാരിറ്റല്‍ റേപ്പായാലും (ഡോ.മനോജ് വെള്ളനാട്)
"ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെയാണ്.. പെണ്ണൊന്നു പേടിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ, ആണിന്‍റെ ഉശിര്. ദാ ഇതുപോലെ.."

'വീനസ് ഫ്‌ലൈട്രാപ്പെ'ന്ന കഥയില്‍ രൂപ എന്ന പഴയൊരു റേപ് വിക്റ്റിം മാത്യൂസെന്ന പോലീസുകാരനോട് പറയുന്ന ഡയലോഗാണ്. കഥയില്‍ മാത്രമല്ലാ, ജീവിതത്തിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍. പരസ്പര സമ്മതത്തോടെയുള്ള രതിയാണെങ്കിലും, വികാരത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോഴാണെങ്കില്‍ പോലും സ്‌നേഹിക്കുന്ന പങ്കാളിയുടെ ഭാഗത്തു നിന്നുള്ള മാനസികമായൊരു പ്രഹരം, അല്ലെങ്കില്‍ അപ്രതീക്ഷിതമായ ഒരു ഇന്‍സള്‍ട്ടിംഗ് ഡയലോഗ് ഒക്കെ മതി പുരുഷന്റെ ഉദ്ധാരണം ഇല്ലാതാക്കാന്‍. അവന്റെ രതി അവിടെ തീര്‍ന്നു.

ഇതിന് ഒരൊറ്റ എക്‌സ്പ്ലനേഷനേ ഉള്ളൂ. രതിയെന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ലൈംഗികാവയവത്തിന്റെ അനുഭൂതിയല്ലാ. അത് ശരിക്കും തലച്ചോറിലാണ് സംഭവിക്കുന്നത് എന്നുള്ളതാണത്. നമ്മള്‍ കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും ഉപയോഗിക്കുന്ന പോലെ ഒരു മാധ്യമം മാത്രമാണ് ലൈംഗികാവയവങ്ങളും. എന്തുകൊണ്ടൊരു മനുഷ്യന്‍ ഗേയോ ലെസ്ബിയനോ ആകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതേ 'തലച്ചോറ്' തന്നെ.

പുരുഷന്‍മാരോടാണീ കുറിപ്പ് സംസാരിക്കുന്നത്. രതിയുടെ നേരത്ത്, നിങ്ങള്‍ സ്‌നേഹിക്കുന്നൊരാളുടെ അത് ഭാര്യയോ കാമുകിയോ ആവട്ടെ  ഭാഗത്തുനിന്നുള്ള തികച്ചും അപ്രതീക്ഷിതമായ ഒരു ഡയലോഗ് പോലും നിങ്ങളുടെ വീര്യത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ന്ന് രതി ആസ്വദിക്കാന്‍ പറ്റുന്നില്ലെങ്കില്‍, ഈ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന പങ്കാളിയുടെ മനസിനെ പറ്റി ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കണം. നിങ്ങളുടേത് പോലെ ഉദ്ധരിക്കുന്നൊരു അവയവമില്ലാത്ത അവരുടെ അനാട്ടമി, സ്വന്തം മനസിലുള്ളത് പ്രകടമാക്കാന്‍ പര്യാപ്തമല്ലെങ്കില്‍ പോലും.

'മെരൈറ്റല്‍ റേപ്പ്' ചെയ്യുന്ന പുരുഷനാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളോടാണ്. നിയമപരമായി ഭാര്യ ആയതുകൊണ്ടുമാത്രം നിങ്ങളുടെ പ്രവൃത്തി 'റേപ്പ'ല്ലാതാവുന്നില്ലെന്ന് മനസിലാക്കാനാണ് മുകളിലിത്രയും വിശദമായി എഴുതിയത്. നിങ്ങളെ പോലെ തന്നെ തലച്ചോറുകൊണ്ടു രതിയാസ്വദിക്കുന്ന മറ്റൊരു വ്യക്തിയാണ് നിങ്ങളുടെ ഭാര്യയും. കാരണമെന്തായാലും, അവരുടെ തലച്ചോറിനത് സമ്മതമല്ലാന്ന് നിങ്ങളോട് പറഞ്ഞു കഴിഞ്ഞാല്‍ അവിടെ നിര്‍ത്തണം. അവരുടെ ശരീരഘടന നിങ്ങളുടെ ആക്രമണത്തിന് അനുയോജ്യമായതുകൊണ്ടു മാത്രം നിങ്ങളവരെ ഭോഗിക്കുന്നതും, ഭാര്യയായി പോയതുകൊണ്ടുമാത്രം അവര്‍ പരാതിപ്പെടാതിരിക്കുന്നതും നിങ്ങളുടെ പ്രവൃത്തിയെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ല.

ലോകത്തെവിടെയെങ്കിലും റേപ്പ് നടന്നാല്‍ നമ്മള്‍ പ്രതിഷേധിക്കാന്‍ മുമ്പന്തിയിലാണ്. പക്ഷെ, ഇതേ സംഭവങ്ങള്‍ സ്വന്തം വീട്ടില്‍ നടക്കുന്ന കാര്യവും അവിടെ നമുക്ക് വേട്ടക്കാരന്റെ മുഖമാണെന്നതും നമ്മള്‍ അപ്പോഴും മറന്നുപോവും.

കേരളത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'വൈവാഹിക ബലാത്സംഗ'ങ്ങളുടെ എണ്ണം 3265 ആണ്. ഒന്നാലോചിച്ച് നോക്കിയേ, കേരളത്തിലെ എത്ര ശതമാനം സ്ത്രീകള്‍ സ്വന്തം ഭര്‍ത്താവിനെതിരേ റേപ്പ് കേസ് കൊടുക്കാന്‍ മുന്നോട്ട് വരുമെന്ന്. ഈ സംഖ്യയുടെ എത്ര മടങ്ങായിരിക്കും യഥാര്‍ത്ഥ സംഖ്യയെന്ന് ഊഹിക്കാനേ പറ്റില്ല. വെറും ടിപ് ഓഫ് ഐസ്ബര്‍ഗാണിത്.

അതും ഒന്നോ രണ്ടോ വട്ടമല്ല, വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന പീഡനങ്ങളാണവ ഓരോന്നുമെന്ന് പറയാതെ തന്നെ നമുക്കറിയാം. പരസ്പര സമ്മതമോ ബഹുമാനമോ ഇല്ലാത്ത ഏതൊരു പ്രവൃത്തിയും ഗാര്‍ഹിക പീഡനമാണ്. ലൈംഗിക പീഡനം അതിലൊന്ന് മാത്രമാണെങ്കിലും മറ്റ് റേപ് കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പോലെ ഇതും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ചുരുങ്ങിയ പക്ഷം, ഘോരമായ ചര്‍ച്ചയ്ക്കിടയില്‍ അവനവന്റെ ഉള്ളിലേക്കൊന്ന് ചുഴിഞ്ഞുനോക്കുകയെങ്കിലും ചെയ്യണം.

ശരീരം ക്രൂരമായി പിച്ചിചീന്തപ്പെട്ട പെണ്‍കുട്ടികളെ പറ്റി ചര്‍ച്ച വരുമ്പോള്‍ അവള്‍ക്കുണ്ടായ ശാരീരിക പീഡനങ്ങളെ പറ്റി മാത്രം ചിന്തിക്കുകയും ചര്‍ച്ചിക്കുകയും, മനസിനെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന പ്രവണത നമുക്കുണ്ട്. റേപ്പ് ശരീരത്തിലേല്‍പ്പിക്കുന്നത്, ഒന്ന് മറിഞ്ഞുവീണാലുള്ളതിനേക്കാള്‍ നിസാര പരിക്കാണ്. രതി മനസിലാണെന്ന് പറഞ്ഞതുപോലെ, റേപ്പും മനസിനെയാണ് ശരിക്കും ബാധിക്കുന്നത്, അത് മെരൈറ്റല്‍ റേപ്പായാലും.

ഇഷ്ടമില്ലാത്ത ഒരു വാക്കോ, മൂഡ് ഓഫോ നിങ്ങളുടെ മൂഡ് കളയുന്ന പോലെ, അതേ അവസ്ഥ അപ്പുറത്തുമുണ്ടെന്നും നിങ്ങളുടെ വാക്കും പ്രവൃത്തിയും അവരുടെ ശരീരത്തെയും മനസിനെയും ബാധിക്കുന്നുണ്ടെന്നും തിരിച്ചറിയണം.

മേല്‍പ്പറഞ്ഞ കഥയില്‍ രൂപ തുടര്‍ന്ന് പറയുന്നുണ്ട്,
''എന്‍റെ ശവം പോലും ഭോഗിച്ചവരുണ്ട്. പക്ഷെ ഒരിക്കലും ഒരാണിന്‍റെ ശവത്തെ ഭോഗിക്കാന്‍ പറ്റില്ല'' എന്ന്. പറഞ്ഞിട്ടവള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്, പത്തി താഴ്ത്തിയ ആണ്‍മയെ നോക്കി. രതിയ്ക്ക് റെഡിയായി നിന്ന മാത്യൂസ് പട്ടിയെപ്പോലെ നിന്ന് കിതയ്ക്കുന്നുണ്ടതു കേട്ട്.

തന്നെ ആക്രമിക്കുന്ന ഭര്‍ത്താവിനെ നോക്കി ഓരോ ഭാര്യയും ഇതുപോലെ ചിരിക്കുന്നുണ്ടാവുമെന്ന് മേല്‍പ്പറഞ്ഞ പോലുള്ള പുരുഷന്മാരൊക്കെ ഓര്‍ക്കുന്നത് നല്ലതാ. പിന്നെയീ പത്തി താഴ്ത്തലൊക്കെ, സ്‌നേഹം അല്ലെങ്കില്‍ ബഹുമാനം എന്നൊരു സംഗതി അവിടെ ഉണ്ടെങ്കില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് കേട്ടോ. അതില്ലാതെ, നോ പറയുമ്പോള്‍ നോ എന്ന് തന്നെ മനസിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭര്‍ത്താക്കന്മാരും കാമുകന്മാരും അവിടെ ഗോവിന്ദച്ചാമിയ്ക്ക് തുല്യരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക