Image

കാട്ടുതേനും, വനസമ്പത്തുമായി കാടിന്റെ മക്കള്‍ അയ്യപ്പ ദര്‍ശനത്തിനെത്തി

Published on 11 December, 2019
കാട്ടുതേനും, വനസമ്പത്തുമായി കാടിന്റെ മക്കള്‍ അയ്യപ്പ ദര്‍ശനത്തിനെത്തി
ശബരിമല :  കാനനക്ഷേത്രനടയില്‍ അയ്യപ്പനു വനവിഭവങ്ങളുടെ തിരുമുല്‍കാഴ്ച. കാട്ടു ചെറുതേനും കദളിക്കുലയും കാട്ടുപൂക്കളുമായി തിരുവനന്തപുരം അഗസ്ത്യാര്‍കൂടത്തു നിന്ന് കാടിന്റെ മക്കള്‍ കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. ഗോത്ര വിഭാഗത്തില്‍ നിന്ന് ഊരുമൂപ്പന്‍ മാതേയന്‍ കാണിയുടെ നേതൃത്വത്തിലാണ് 101 പേരടങ്ങുന്ന സംഘം ശബരീശ ദര്‍ശനത്തിനെത്തിയത് അഗസ്ത്യാര്‍കൂട പര്‍വത പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വസിക്കുന്നവരാണ് അയ്യപ്പഭക്തര്‍. കന്നി സ്വാമിയായി ഊരു മൂപ്പന്‍ മാതേയന്‍ കാണിയും സംഘവും പതിനെട്ടാംപടി കയറിയെത്തി കാഴ്ച വസ്തുക്കള്‍ അയ്യന് സമര്‍പ്പിച്ചു.

പൂര്‍വാചാര പ്രകാരം മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടില്‍ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്‌തെടുത്ത പൂക്കൂടകള്‍, പെട്ടികള്‍ തുടങ്ങിയ വനവിഭവങ്ങളുമായാണ് സംഘം എത്തിയത്. 7 വയസ്സുള്ള കൊച്ചുമാളികപ്പുറം മുതല്‍ 70 വയസ്സുള്ള അയ്യപ്പന്മാര്‍ വരെ സംഘത്തിലുണ്ടായിരുന്നു. കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്ര ട്രസ്റ്റി ആര്‍. വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക