Image

തമിഴ്‌നാട്ടില്‍ 60 ലക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് പദം ലേലംവിളിയിലൂടെ നേടി

Published on 10 December, 2019
തമിഴ്‌നാട്ടില്‍ 60 ലക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് പദം ലേലംവിളിയിലൂടെ നേടി
ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ലേലംവിളിയിലൂടെ ഉറപ്പിക്കുന്നു. രാമനാഥപുരം ജില്ലയിലെ പുതുക്കോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 60 ലക്ഷം രൂപക്കും 10 സന്‍െറ് സ്ഥലത്തിനും ലേലം വിളിയിലൂടെ ധാരണയായി. കടലൂര്‍ ജില്ലയിലെ നടുക്കുപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി 50 ലക്ഷം രൂപ നല്‍കാമെന്നേറ്റ  അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവായ ആര്‍. ശക്തിവേലിനെ നിശ്ചയിച്ചു.

15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഡി.എം.ഡി.കെയിലെ മുരുകന്‍ ൈവസ് പ്രസിഡന്‍റ് സ്ഥാനവും  ഉറപ്പിച്ചു. ഏനാദി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അഞ്ചു ലക്ഷം രൂപക്കാണ് പോയത്.  പെരമ്പലൂര്‍ ജില്ലയിലെ ആലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 25 ലക്ഷം രൂപക്കും.ജനാധിപത്യമൂല്യങ്ങളും തെരഞ്ഞെടുപ്പ് നിയമങ്ങളും കാറ്റില്‍പറത്തി നടത്തിയ ലേലംവിളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കലക്ടര്‍ വി. അന്‍പുശെല്‍വന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഡിസംബര്‍ 27, 30 ദിവസങ്ങളില്‍ രണ്ടു ഘട്ടമായാണ് തമിഴ്‌നാട്ടിലെ 27 ജില്ലകളില്‍ ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് തെരഞ്ഞെടുപ്പ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനെ വോട്ടര്‍മാര്‍ നേരിട്ടാണ് തെരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസം ഗ്രാമമുഖ്യരാണ് പൊതുജനങ്ങളുടെ യോഗം വിളിച്ചുകൂട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ലേലംവിളി നടത്തിയത്. ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കുന്ന വ്യക്തി തെരഞ്ഞെടുക്കപ്പെടും. ഇയാള്‍ക്കെതിരെ ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കില്ല. തുടര്‍ന്ന് ഐകകണ്‌ഠ്യേനയാവും തെരഞ്ഞെടുപ്പ്. ഗ്രാമത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികള്‍ക്കും മറ്റു ക്ഷേമ പരിപാടികള്‍ക്കുമായാണ് ലേല തുക വിനിയോഗിക്കുക. മുന്‍കാലങ്ങളിലും ഇത്തരത്തിലായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക