Image

ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് പാക്കിസ്താന്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 10 December, 2019
ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് പാക്കിസ്താന്‍
ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ പക്ഷപാതപരമാണെന്നും, അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഇന്ത്യക്ക് ഈ നീക്കം ദോഷകരമായി ഭവിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആര്‍എസ്എസിന്‍റെ 'ഹിന്ദു രാഷ്ട്രം' എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ ബില്‍ എന്നും അദ്ദേഹം പറഞ്ഞു. 
 
'ഞങ്ങള്‍ ഈ ബില്ലിനെ അപലപിക്കുന്നു. ഇത് വിവേചനപരമാണ് ഒപ്പം പ്രസക്തമായ എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും മാനദണ്ഡങ്ങളും ഇന്ത്യ ലംഘിക്കുകയാണ്. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഇന്ത്യയുടെ ക്ഷുദ്ര ശ്രമമാണിത്. ഈ നിയമത്തിന്‍റെ അടിസ്ഥാനം തന്നെ കള്ളപ്രചരണമാണ്. മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ വിവേചനം ഇല്ലാതാക്കുന്നതിനുള്ള ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെയും മറ്റു അന്താരാഷ്ട്ര കരാറുകളെയും ഈ ബില്‍ പൂര്‍ണ്ണമായും ലംഘിക്കുന്നു'വെന്നും പാക് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മേഖലയിലെ സമൂലമായ 'ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെയും ആധിപത്യ വര്‍ഗ്ഗത്തിന്‍റെ അഭിലാഷങ്ങളുടെയും' സംയോജനമാണ് ബില്‍ എന്നും മതത്തിന്‍റെ അടിസ്ഥാനത്തില്‍ അയല്‍രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഉദ്ദേശ്യം വ്യക്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അയല്‍രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് 'അഭയം' നല്‍കാനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ അവകാശവാദവും തെറ്റാണ്.
ആ വാദം പാകിസ്ഥാന്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു. 

ലോക്‌സഭയില്‍ കൊണ്ടുവന്ന ബില്‍ ഇരുരാജ്യങ്ങളുടെയും ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള കരാര്‍ ഉള്‍പ്പെടെ വിവിധ ഉഭയകക്ഷി കരാറുകള്‍ക്ക് തികച്ചും വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. നിരവധി പതിറ്റാണ്ടുകളായി വലതുപക്ഷ ഹിന്ദു നേതാക്കള്‍ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന 'ഹിന്ദു രാഷ്ട്രം' എന്ന ആശയം സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന നടപടിയാണ് ഇന്ത്യാ ഗവണ്‍മെന്‍റ് കൊണ്ടുവന്ന ബില്‍ എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കശ്മീരിലെ ഇന്ത്യയുടെ നടപടി 8 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ട്, ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി, ഭൂരിപക്ഷ അജണ്ട ഇതിന് പിന്നിലുണ്ട്, ഇത് ആര്‍എസ്എസ്  ബിജെപിയുടെ മുസ്ലിം വിരുദ്ധ നിലപാട് ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടുകയാണ്'  പ്രസ്ഥാവനയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക