Image

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, രാജ്യസഭ കൂടി പാസാക്കിയാല്‍ നിയമമാകും

Published on 09 December, 2019
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, രാജ്യസഭ കൂടി പാസാക്കിയാല്‍ നിയമമാകും
ന്യൂഡല്‍ഹി:  പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്.  ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ്  വെക്കുന്നതോടെ ബില്‍ നിയമമാകും. 

12 മണിക്കൂറുകള്‍ നീണ്ട ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി. ഇതിന് ശേഷമാണ് ബില്‍ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണ്. അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

1951 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ പാകിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ല്‍ 23 ശതമാനമായിരുന്ന പാക്‌സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശില്‍ 22ല്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകില്‍ ഇവര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കില്‍ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയില്‍ 1951 ല്‍ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 14.3 ശതമാനമായി വര്‍ധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക