Image

‘വെളുത്ത വാനുകള്‍’ യുവതികളേയും കുട്ടികളേയും ലക്ഷ്യമിടുന്നു; സൂക്ഷിക്കണമെന്ന് യു.എസ് മേയര്‍

Published on 09 December, 2019
‘വെളുത്ത വാനുകള്‍’ യുവതികളേയും കുട്ടികളേയും ലക്ഷ്യമിടുന്നു; സൂക്ഷിക്കണമെന്ന് യു.എസ് മേയര്‍
ബാള്‍ട്ടിമോര്‍: ‘പാര്‍ക്കിങ് ഏരിയയില്‍ നിങ്ങളുടെ വാഹനത്തിനു സമീപം ഒരു വെളുത്ത വാന്‍ ഇടം പിടിച്ചാല്‍ അപകടമാണെന്ന് മനസിലാക്കണം. ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിനു സമീപം പോകാനോ ശ്രമിക്കരുത്.’ – ബാള്‍ട്ടിമോര്‍ മേയര്‍ ബെര്‍ണാള്‍ഡ് ജാക്ക് യങ് യുഎസ് ടെലിവിഷന് അനുവദിച്ച ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്.

‘ഇത്തരം വാഹനങ്ങളില്‍ വരുന്നവര്‍ മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും യുവതികളെയും കുട്ടികളെയും പലസ്ഥലങ്ങളില്‍നിന്ന് തട്ടിയെടുത്തതായും ആളുകള്‍ പറയുന്നു. പല കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഇവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യശരീര ഭാഗങ്ങള്‍ ഇവര്‍ മാഫിയ സംഘത്തിന് വില്‍ക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്.’– അഭിമുഖത്തില്‍ ബാള്‍ട്ടിമോര്‍ മേയര്‍ തുടര്‍ന്ന് പറഞ്ഞതിങ്ങനെ

യുഎസ് അധികൃതരെ വെട്ടിലാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ നഗരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വെളുത്ത വാനുകളെ കുറിച്ചുള്ള കഥകള്‍ അതിവേഗം പ്രചരിച്ചത്. ഇരട്ടപ്പൂട്ടുള്ള ഇത്തരം വാനുകളെ കുറിച്ചുള്ള ആശങ്ക നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. തിരക്കേറിയ നഗരങ്ങളിലും വിജനമായ റോഡുകളിലും കാത്ത് നിന്ന വെളുത്ത നിറമുള്ള വാനുകളെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വ്യാപകമായതോടെ വെളുത്ത വാനുകള്‍ ഉപയോഗിക്കുന്നവരെ ജനം കയ്യേറ്റംചെയ്യുന്ന സ്ഥിതി വരെയുണ്ടായി.

ഈ അവസരത്തിലായിരുന്നു ബാള്‍ട്ടിമോര്‍ മേയര്‍ മുന്നറിയിപ്പുമായി മുന്നോട്ടു വന്നത്. നിങ്ങളുടെ കൈയില്‍ എല്ലായ്‌പ്പോഴും മൊബൈല്‍ ഫോണ്‍ ഉണ്ടെന്നു ഉറപ്പ് വരുത്തുക. ഇത്തരം വാനുകളുടെ മുന്‍പില്‍ നിന്ന് അപകടത്തില്‍പെടാതിരിക്കുക– ബെര്‍ണാള്‍ഡ് ജാക്ക് യങ് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ബാള്‍ട്ടിമോര്‍ പൊലീസിനോട് ഇക്കാര്യം സംസാരിച്ചിരുന്നില്ലെന്നും ജനം ഭയചകിതരായി നില്‍ക്കുന്ന വേളയില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും ബാള്‍ട്ടിമോര്‍ മേയര്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക