Image

കാഞ്ചനപുരി അഥവാ കഞ്ചനാബുലി (തായ്‌ലന്‍ഡ് യാത്ര 1 : വിനോദ് കുറൂര്‍)

Published on 09 December, 2019
കാഞ്ചനപുരി അഥവാ കഞ്ചനാബുലി (തായ്‌ലന്‍ഡ് യാത്ര 1 : വിനോദ് കുറൂര്‍)
കുടുംബവുമായി തായ്‌ലാന്‍ഡിലേക്ക് ആരെങ്കിലും യാത്ര നടത്തുമോ, അവിടെ കുറേ ബീച്ചുകള്‍ അല്ലാതെ കാണാന്‍ എന്തുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടി വന്നപ്പോഴും മനസ്സില്‍ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു ഇതൊന്നുമല്ല തായ്‌ലാന്‍ഡ് എന്ന്. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ഒരാഴ്ച്ച ചെലവിട്ടപ്പോഴും പലരും സംശയിച്ചു അവിടെ എന്താണിത്ര കാണാന്‍ ഉള്ളതെന്ന്. അധികം യാത്ര ചെയ്തുള്ള പരിചയമൊന്നുമില്ലെങ്കിലും യാത്രകള്‍ കാഴ്ച്ചയ്ക്കു മാത്രമല്ല അനുഭവിക്കാന്‍ കൂടിയുള്ളതാണെന്ന് നല്ല ബോദ്ധ്യമുണ്ട്. അതിനാല്‍ത്തന്നെ ഒരു രാജ്യം യാത്രയ്ക്ക് തിരഞ്ഞെടുക്കുമ്പോള്‍ അവിടത്തെ സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒക്കെ ഒന്നു പഠിച്ചിട്ടേ സ്ഥലങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കൂ.

സെക്‌സ് ടൂറിസത്തിന് പ്രസിദ്ധി കേട്ട, ബീച്ചിലെ ആക്ടിവിറ്റികള്‍ക്ക് പേരു കേട്ട ഒരു രാജ്യം. കടുവ മുതല ആന എന്നീ ജീവികളെ പീഡനമുറകളില്‍ക്കൂടി പരുവപ്പെടുത്തി ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു രാജ്യം. ഇപ്പറഞ്ഞതൊക്കെ ശരിയുമാണ്. പക്ഷേ ഇതു മാത്രമല്ല ആ രാജ്യം. ഭാരത സംസ്കാരവുമായി വളരെ അടുത്ത ബന്ധമുണ്ട് തായ്‌ലാന്‍ഡിന്. സിയാം (ശ്യാം) അയുത്തായ (അയോദ്ധ്യ) കഞ്ചനാബുലി (കാഞ്ചനപുരി) തുടങ്ങി പഴയ രാജ്യ നാമങ്ങളും സ്ഥലനാമങ്ങളും സംസ്ക്യതത്തില്‍ നിന്നും പാലിയില്‍ നിന്നും ഒക്കെ കടം കൊണ്ടവയാണ്. രാമായണം അവിടെ രാമാകിയെന്‍ ആണ്. 1780 മുതല്‍ ഭരിക്കുന്ന ചക്രി രാജ വംശത്തിലെ രാജാക്കന്‍മാരുടെ പേരുകള്‍ രാമാ 1 രാമാ 2 തുടങ്ങി ഇപ്പോള്‍ ഭരിക്കുന്ന രാമാ 10 വരെ എത്തി നില്‍ക്കുന്നു.

90% ബുദ്ധമതക്കാരും 9% മുസ്ലീങ്ങളും ബാക്കി 1% ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഒരു രാജ്യമാണ് തായ്‌ലാന്‍ഡ്. മദ്ധ്യകാലഘട്ടത്തില്‍ അയുത്തായയായിരുന്നു  സിയാം രാജ്യത്തിന്‍റെ തലസ്ഥാനം. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യം തായ്‌ലാന്‍ഡ് (ഫ്രീ ലാന്‍ഡ്) എന്ന പേര് സ്വീകരിച്ചു. ചെറിയ ചില കാലങ്ങളൊഴിച്ചാല്‍ തായ്‌ലാന്‍ഡ് വിദേശ ഭരണത്തിന്‍ കീഴില്‍ ആയിരുന്നില്ല എന്നു പറയാം. മറ്റൊരു ബുദ്ധമത രാജ്യമായ ബര്‍മയുമായുള്ള തുടര്‍ യുദ്ധങ്ങളാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ മാറ്റി വരയ്ക്കുവാനുള്ള അവസ്ഥ തായ് ജനതയ്ക്കുണ്ടാക്കിയത്. കംബോഡിയയുടെ ഒരു ഭാഗം ലാവോസിന്റെ ഒരു ഭാഗം ഒക്കെ കയ്യിലുണ്ടായിരുന്നു  ചില സമയത്ത്. കൊളോണിയലിസത്തിന്റെ വ്യാപന കാലഘട്ടത്തില്‍ വിയറ്റ്‌നാം വഴി വന്ന ഫ്രാന്‍സുകാരും ഇന്ത്യയില്‍ നിന്ന് ബര്‍മ്മ വഴി എത്തിയ ഇംഗ്ലീഷുകാരും തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ തായ്‌ലാന്‍ഡിനെ ഒരു ബഫര്‍ സോണ്‍ ആക്കി മാറ്റി. അതുകൊണ്ട് അവര്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ല. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ കടന്നാക്രമണത്തോടെ തായ്‌ലാന്‍ഡ് കുറച്ചു നാളത്തേക്കെങ്കിലും വിദേശാധിപത്യത്തിലായി. എന്തായിരുന്നു ജപ്പാന്‍കാര്‍ക്ക് തായ്‌ലാന്‍ഡിനോട് ഇത്ര പ്രിയം?

ബാങ്കോക്കില്‍ നിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാഞ്ചനപുരി (Kanchanaburi). തായ് ഭാഷയില്‍ കഞ്ചനാബുലി എന്ന് പറയും. ഇംഗ്ലീഷിലെ ആര്‍ എന്ന അക്ഷരം എല്‍ ആയിട്ടേ അവര്‍ ഉച്ചരിക്കൂ.

കാഞ്ചനപുരി വഴി ഒഴുകുന്ന ക്വായ് നദിയുടെ കുറുകേ ഒരു റയില്‍പ്പാളം ഇട്ടാല്‍ മാത്രമേ ജപ്പാന്‍കാര്‍ക്ക് തായ്‌ലാന്‍ഡ് വഴി ബര്‍മയിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും എത്തുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനായി അവര്‍ ചെയ്തത് യുദ്ധത്തടവുകാരായി പിടിച്ച ശത്രുരാജ്യ പട്ടാളക്കാരെക്കൊണ്ട് പാലം പാളം എന്നിവ പണിയിക്കലായിരുന്നു. കാഞ്ചനപുരിയിലെ പാലം പക്ഷേ മറ്റൊരു പേരില്‍ ആണ് അറിയപ്പെട്ടത്. മരണത്തിന്റെ പാലം അല്ലെങ്കില്‍ ഡെത്ത് ബ്രിഡ്ജ് എന്ന്. ഒരു ഹോളിവുഡ് സിനിമയും ഇതിനെ പ്രതി ഇറക്കിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് കാഞ്ചനപുരി നദിക്കരയില്‍ തമ്പടിച്ച ജപ്പാന്‍കാര്‍ യുദ്ധത്തൊഴിലാളികളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചു. പക്ഷെ പല്ലു മുറിയെപ്പോയിട്ട് സാധാരണ രീതിയില്‍ ഉള്ള ഭക്ഷണം പോലും അവര്‍ക്ക് നിഷേധിച്ചു. ഫലം നൂറുകണക്കിന് തടവുകാര്‍ മരിച്ചുവീണു. ജപ്പാന്‍കാര്‍ക്ക് ക്രൂരത കൂടെപ്പിറപ്പായിരുന്നല്ലോ. ഒടുവില്‍ അവര്‍ റയില്‍പ്പാത അക്കരക്ക് നീട്ടിയെടുത്ത് ബര്‍മവരെ എത്തിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും ജപ്പാന്‍ സൈനികര്‍ക്ക് തുണയായി ബര്‍മയില്‍ എത്തിയിരുന്നു. പക്ഷേ അമേരിക്കയുടെ അണുബോംബ് ആക്രമണത്തില്‍ പകച്ച ജപ്പാന്‍ യുദ്ധമുന്നണിയില്‍ നിന്ന് തിരിച്ചോടി രക്ഷപെട്ടു തോല്‍വിക്ക് കീഴടങ്ങി ഒടുവില്‍. ഓസ്‌ട്രേലിയ ഹോളണ്ട് ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മരണമടഞ്ഞ സ്വന്തം രാജ്യക്കാരെ ഓര്‍ക്കുവാന്‍ കോമ്മണ്‍വെല്‍ത് വാര്‍ ഗ്രേവ്‌സ് കമ്മീഷന്‍ (CWGC) രൂപീകരിച്ച് അവരുടെ ശവക്കല്ലറകള്‍ മനോഹരമായി സംരക്ഷിച്ചു വരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ അവര്‍ അങ്ങനെ സ്മരിക്കുന്നു. പന്ത്രണ്ട് ഇന്ത്യന്‍ പടയാളികളേയും ഇവിടെ സംസ്കരിച്ചിട്ടുണ്ട്. നേതാജിയെയും ബര്‍മ വഴി ഇന്ത്യയിലേക്കെത്താന്‍ ശ്രമിച്ച ജപ്പാന്‍കാരെയും വീണ്ടും ഓര്‍ക്കാന്‍ ഈ യാത്ര കാരണമായി. തായ്‌ലാന്‍ഡ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ഉറപ്പായും കാഞ്ചനപുരി കൂടി സന്ദര്‍ശിക്കണം. വാര്‍ മ്യൂസിയവും ഗ്രേവ് യാര്‍ഡും ഒക്കെ നമ്മെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ഉറപ്പ്

കാഞ്ചനപുരി അഥവാ കഞ്ചനാബുലി (തായ്‌ലന്‍ഡ് യാത്ര 1 : വിനോദ് കുറൂര്‍)
Join WhatsApp News
Mini 2019-12-10 07:18:39
അടുത്ത ലക്കത്തിനേക്ക് വേണ്ടി കാത്തിരിപ്പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക