Image

ഞാനിവിടെയുണ്ട്... ബംഗാളികളെ ആരും തൊടില്ലെന്ന് മമത, പൗരത്വ പട്ടികയും പൗരത്വ നിയമവും നടപ്പാക്കില്ല

Published on 09 December, 2019
ഞാനിവിടെയുണ്ട്... ബംഗാളികളെ ആരും തൊടില്ലെന്ന് മമത, പൗരത്വ പട്ടികയും പൗരത്വ നിയമവും നടപ്പാക്കില്ല

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെ ബംഗാളില്‍ മമത ബാനര്‍ജിയുടെ വന്‍ പ്രഖ്യാപനം. ഒരാളും ബംഗാളികളെ തൊടില്ലെന്നും ഞാനിവിടെയുണ്ടെന്നും മമത പറഞ്ഞു. പൗരത്വ പട്ടികയോ പൗരത്വ നിയമമോ ബംഗാൡ അനുവദിക്കില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഭരണത്തിലുള്ള കാലത്തോളം ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നീക്കങ്ങള്‍ നടക്കില്ലെന്നും മമത പറഞ്ഞു.


രാജ്യത്തെ ഒരു പൗരനും അഭയാര്‍ഥിയാകില്ല. പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. എന്നാല്‍ ബംഗാളിലുള്ളവര്‍ പേടിക്കേണ്ടതില്ല- അടുത്തിടെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ഖരഗ്പൂരില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി.

അതേസമയം, പൗരത്വ ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് പ്രതിപക്ഷ ബഹളത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.


തുല്യാവകാശം ലംഘിക്കുന്നതല്ല പുതിയ ബില്ല്. ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് 1971ല്‍ പൗരത്വം നല്‍കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചിരുന്നു. പിന്നെ എന്തുകൊണ്ട് പാകിസ്താനില്‍ നിന്ന് വന്നവര്‍ക്ക് നല്‍കിക്കൂടാ. മത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസ് ആണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പൗരത്വ ബില്ല്് ആവശ്യം വരില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.


പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക